എംബിഎസിന്റെ സ്വപ്നങ്ങള്‍ ഫലപ്രദമാകുന്നു; മൂന്ന് മാസം, സൗദി അറേബ്യക്ക് ലഭിച്ചത് 49.4 ബില്യൺ റിയാൽ
എണ്ണ ഇതര മേഖലയില്‍ നിന്നുള്ള വരുമാനം വർധിപ്പിക്കായി സൗദി അറേബ്യ വളരെ അധികം പ്രാധാന്യം കൊടുക്കുന്ന മേഖലയാണ് ടൂറിസം. രാജ്യത്തേക്ക് കൂടുതല്‍ ആളുകളെ എത്തിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി രാജ്യത്തുണ്ടായിരുന്ന പല നിയമങ്ങളിലും കിരീടവകാശി മുഹമ്മദ് സല്‍മാന്‍ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ വരുത്തി. ഇത് രാജ്യത്തേക്ക് എത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര യാത്രക്കാർ രാജ്യത്ത് ചിലവഴിക്കുന്ന തുകയിലും വലിയ നേട്ടങ്ങള്‍ കൊയ്യാന്‍ രാജ്യത്തിന് സാധിക്കുന്നുവെന്നാണ് അറബ് മാധ്യമായായ സോയ റിപ്പോർട്ട് ചെയ്യുന്നത്.
2025-ന്റെ ആദ്യ പാദത്തിൽ സൗദി അറേബ്യയിൽ അന്താരാഷ്ട്ര സന്ദർശകർ 49.4 ബില്യൺ റിയാൽ (ഏകദേശം 13.33 ബില്യൺ ഡോളർ) ചെലവഴിച്ചുവെന്നാണ് റിപ്പോർട്ട്. 2024-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 9.7 ശതമാനം വളർച്ചയാണ് ഈ വിഭാഗത്തില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നും ഉണ്ടായിരിക്കുന്നത്. ടൂറിസം മന്ത്രാലയം പ്രസിദ്ധീകരിച്ച മേയ് മാസത്തെ ബാലൻസ് ഓഫ് പേയ്‌മെന്റ്‌സ് ഡാറ്റയിലാണ് ഇത് സംബന്ധിച്ച കൃത്യമായ കണക്കുകളുള്ളത്.

ഈ കാലയളവിൽ ട്രാവൽ ഇനത്തിൽ ഏകദേശം 26.8 ബില്യൺ റിയാലിന്റെ മിച്ചമാണ് രാജ്യം നേടിയത്. 2024-നെ അപേക്ഷിച്ച് 11.7 ശതമാനം വളർച്ചയാണ് ഉണ്ടായിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ടൂറിസം മന്ത്രാലയവും സൗദി ടൂറിസം സംവിധാനത്തിന്റെ മറ്റ് ഘടകങ്ങളും നടത്തിയ ശ്രമങ്ങളാണ് ഈ ശ്രദ്ധേയമായ വളർച്ചയ്ക്ക് പിന്നിലെന്നും മന്ത്രാലയം വ്യക്തമാക്കി. ദേശീയ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയിൽ ടൂറിസം മേഖലയുടെ സംഭാവന വർധിപ്പിക്കുന്നതിനും, ആഗോള ടൂറിസം മേഖലയിൽ മുൻനിര സ്ഥാനം നേടുന്നതിനുമുള്ള ശ്രമങ്ങൾ ഫലം കണ്ടതായി ഇതിലൂടെ തെളിയിക്കപ്പെട്ടിരിക്കുന്നു.
മികച്ച ടൂറിസം വികസന രീതികൾ, ടൂറിസം സേവനങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും മെച്ചപ്പെടുത്തൽ, സർക്കാർ ഏജൻസികളുമായുള്ള തുടർച്ചയായ സഹകരണം എന്നിവയിലൂടെ സൗദി വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾ കൈവരിക്കാൻ ടൂറിസം മേഖലയെ പ്രാപ്തമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഈ നേട്ടം സൗദി അറേബ്യയുടെ ടൂറിസം മേഖലയുടെ വികാസത്തിന്റെയും ആഗോള ടൂറിസം വിപണിയിൽ രാജ്യത്തിന്റെ വർധിച്ച സ്വാധീനത്തിന്റെയും തെളിവാണെന്നും ടൂറിസം മേഖലയുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു.
തുടക്കത്തില്‍ പറഞ്ഞ് പോലെ സൗദി അറേബ്യയുടെ വിഷൻ 2030-ന്റെ ഭാഗമായി, ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതിനായി രാജ്യം നിരവധി നിയമപരവും സാമൂഹികവുമായ പരിഷ്കാരങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. ഈ മാറ്റങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവൽക്കരണത്തിനും ആഗോള ടൂറിസം വിപണിയിൽ മുൻനിര സ്ഥാനം നേടുന്നതിനും സഹായകമായിട്ടുണ്ട്.
2019-ൽ സൗദി അറേബ്യ ആദ്യമായി ടൂറിസ്റ്റ് വിസകൾ അവതരിപ്പിച്ചു, ഇത് 49 രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് വിസ-ഫ്രീ എൻട്രിയോ ഇ-വിസയോ ലഭ്യമാക്കി. 2023-ൽ ഇ-വിസ, വിസ-ഓൺ-അറൈവൽ എന്നിവയുടെ ലഭ്യത വിപുലീകരിച്ചു, ഇത് യാത്രാ നടപടിക്രമങ്ങൾ ലളിതമാക്കി. 2019-ൽ തന്നെ 400,000-ലധികം ടൂറിസ്റ്റ് വിസകൾ നൽകിയതായി റിപ്പോർട്ടുണ്ട്. 2023-ൽ 100 മില്യൺ സന്ദർശകരെ സ്വാഗതം ചെയ്ത രാജ്യം, 2030-ഓടെ 150 മില്യൺ സന്ദർശകരെ ആകർഷിക്കാനുള്ള പുതിയ ലക്ഷ്യവും മുന്നോട്ട് വെച്ചിട്ടുണ്ട്.
2018-ൽ സ്ത്രീകൾക്ക് വാഹനം ഓടിക്കുന്നതിനുള്ള വിലക്ക് നീക്കം, വിദേശ വനിതാ സന്ദർശകർക്ക് അബായ ധരിക്കൽ നിർബന്ധമല്ലാതാക്കൽ, വിവാഹിതരല്ലാത്തവർക്ക് ഒരുമിച്ച് ഹോട്ടലിൽ താമസിക്കാൻ അനുമതി തുടങ്ങിയ മാറ്റങ്ങളും രാജ്യം നടപ്പിലാക്കി. 2019-ൽ വനിതകൾക്ക് പുരുഷ രക്ഷാധികാരി ആവശ്യമില്ലാതെ യാത്ര ചെയ്യാനുള്ള അനുമതിയും ഭരണകൂടം നല്‍കി.
ഈ മാറ്റങ്ങൾ സൗദി അറേബ്യയെ കൂടുതൽ സ്ത്രീ-സൗഹൃദ ടൂറിസ്റ്റ് ലക്ഷ്യസ്ഥാനമാക്കി. വിദേശ വനിതാ സന്ദർശകർക്ക് സ്വാതന്ത്ര്യവും സൗകര്യവും വർധിച്ചതോടെ, കൂടുതൽ സ്ത്രീകൾ രാജ്യം സന്ദർശിക്കാൻ താൽപ്പര്യം പ്രകടിപ്പിക്കുന്നുമുണ്ട്. സിനിമാ വിലക്ക് നീക്കിയതും, സംഗീത നിശകള്‍, സാംസ്കാരിക പരിപാടികൾ എന്നിവയ്ക്ക് അനുമതി നല്‍കിയതും ടൂറിസം പ്രോല്‍സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു.












Click it and Unblock the Notifications