സല്‍മാന്‍ രാജകുമാരന്റെ തന്ത്രം ഫലിച്ചു: വിദേശികളുടെ പോക്കറ്റ് 'കവർന്ന്' സൗദി: 154 ബില്യൺ റിയാല്‍ സ്വന്തമാക്കി
ടൂറിസം മേഖലയില്‍ നിർണ്ണായക മുന്നേറ്റമാണ് അടുത്ത കാലത്തായി സൗദി അറേബ്യ നടത്തിക്കൊണ്ടിരിക്കുന്നത്. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നടത്തിയ പരിഷ്കരണങ്ങള രാജ്യത്തേക്ക് വലിയ തോതില്‍ സഞ്ചാരികളെ ആകർഷിക്കുന്നതില്‍ നിർണ്ണായകമായി. വിഷൻ 2030 ന്റെ ഭാഗമായിട്ടാണ് ടൂറിസം മേഖലയിലും രാജ്യം നിർണ്ണായക തീരുമാനങ്ങള്‍ എടുത്തത്.
കഴിഞ്ഞ വർഷം സൗദി അറേബ്യ സന്ദർശിച്ച ആളുകള്‍ രാജ്യത്ത് റെക്കോഡ് നിരക്കിലാണ് പണം ചിലവഴിച്ചതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. 2024 ല്‍ രാജ്യത്തേക്ക് എത്തിയ വിദേശ ടൂറിസ്റ്റുകള്‍ 154 ബില്യൺ സൗദി റിയാലാണ് ആകെ ചിലവഴിച്ചത്. അതായത് ഡോളറില്‍ കണക്കാക്കുയാണെങ്കില്‍ 41 ബില്യണ്‍. മത തീർത്ഥാടകർ രാജ്യത്ത് ചിലവഴിച്ച തുകയും ഇതില്‍ ഉള്‍പ്പെടും.

2023 നെ അപേക്ഷിച്ച് 14 ശതമാനം വർധനവാണ് ഇത്തവണയുണ്ടായത്. സൗദി അറേബ്യയെ സംബന്ധിച്ച് എക്കാലത്തേയും ഉയർന്ന നിരക്കുമാണ് ഇത്. സൗദികൾ ഇതേ വർഷം വിദേശത്ത് ചെലവഴിച്ചെന്ന് കണക്കാക്കുന്ന തുക കുറച്ചാൽ 13 ബില്യൺ സൗദി റിയാല്‍ യാത്രാ മിച്ചവുമുണ്ട്. 18.5 ദശലക്ഷം മത തീർത്ഥാടകർ കഴിഞ്ഞ വർഷം ആകെ സൗദിയിലേക്ക് എത്തിയിട്ടുണ്ട്. 2030 ആകുമ്പോഴേക്കും ഈ തീർത്ഥാടകരുടെ എണ്ണം 30 ദശലക്ഷമായി ഉയർത്താനാണ് സൗദി ശ്രമിക്കുന്നന്നത്.
കൂടുതല്‍ സഞ്ചാരികളെ ആകർഷിക്കുന്നതിനായി സൗദി അറേബ്യ അടുത്തിടെ വിദേശത്ത് പ്രമോഷൻ കാമ്പെയ്‌നുകൾ നടത്തുകയും ഓൺലൈൻ വിസ അപേക്ഷകൾ ലളിതമാക്കുന്നതിനുള്ള നടപടികൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു. വിഷൻ 2030 പദ്ധതി പ്രകാരം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സൗദി അറേബ്യ 150 ദശലക്ഷം വിദേശ, ആഭ്യന്തര വിനോദസഞ്ചാരികളെയാണ് ലക്ഷ്യമിടുന്നത്. 2023 ൽ 100 ദശലക്ഷം സഞ്ചാരികളെന്ന പ്രാരംഭ ലക്ഷ്യം മറികടക്കാന്‍ കഴിഞ്ഞു എന്നുള്ളതും ശ്രദ്ധേയമാണ്.
കഴിഞ്ഞ വർഷം 30 ദശലക്ഷം ആളുകൾ വിദേശത്ത് നിന്ന് സൗദി അറേബ്യ സന്ദർശിച്ചുവെന്നാണ് കണക്ക്. 2030 ൽ ലക്ഷ്യമിടുന്ന 70 ദശലക്ഷത്തിന്റെ പകുതിയിൽ താഴെ മാത്രമാണിത്. 2024 ൽ സൗദി ടൂറിസം വിപണിയുടെ വലുപ്പം അര ട്രില്യൺ ഡോളറിലെത്തുമെന്ന് വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിലും നേരത്തെ പ്രവചിച്ചിരുന്നു.
2034 ആകുമ്പോഴേക്കും ടൂറിസം വിപണി 836 ബില്യൺ സൗദി റിയാലായി ($223 ബില്യൺ) വളരുമെന്നും ഇത് ജി ഡി പിയുടെ ഏകദേശം 16 ശതമാനമാകുമെന്നും പ്രവചനമുണ്ട്. ടൂറിസം വ്യവസായത്തിൽ 800 ബില്യൺ ഡോളർ നിക്ഷേപ നീക്കത്തിന്റെ ഭാഗമായി സൗദി അറേബ്യ പ്രതിവർഷം 53000 ഹോട്ടൽ മുറികളും പുതുതായി നിർമ്മിച്ചിട്ടുണ്ട്. 2029 ലെ ഏഷ്യൻ വിന്റർ ഗെയിംസ്, 2030 റിയാദ് എക്സ്പോ, 2034 ലെ ഫിഫ ലോകകപ്പ് തുടങ്ങിയ വമ്പന്‍ പരിപാടികള്‍ക്ക് ആഥിതേയത്വം വഹിക്കാനുള്ള തയ്യാറെടുപ്പിലുമാണ് സൗദി അറേബ്യ.












Click it and Unblock the Notifications