സൗദി അറേബ്യ പെട്ടു; അമേരിക്ക കാലുമാറി, ഒമാനില്‍ രഹസ്യചര്‍ച്ച നടത്തി യുഎസും ഹൂതികളും

യമനിലെ ഹൂതികള്‍ മുന്നേറ്റം ശക്തമാക്കിയതോടെ സൗദി അറേബ്യ പ്രതിരോധത്തില്‍. സഖ്യരാജ്യങ്ങളോട് മിസൈല്‍ പ്രതിരോധ സംവിധാനത്തിന് വേണ്ടി സഹായം തേടിയെങ്കിലും ഫലമുണ്ടായില്ല എന്ന് റിപ്പോര്‍ട്ട്. സൗദിയുടെ ഏറ്റവും വലിയ പ്രതിരോധ പങ്കാളിയായ അമേരിക്ക സഹായിക്കാതെ പിന്നോട്ട് മാറി നില്‍ക്കുകയാണ്. ഇതിന് കാരണം, ഒമാനില്‍ അമേരിക്കയും ഹൂതികളും തമ്മില്‍ നടത്തിയ ചര്‍ച്ചയാണ് എന്നാണ് വിവരം.

മസ്‌കത്തിലെ യുഎസ് എംബസിയില്‍ അമേരിക്കയുടെയും ഹൂതികളുടെയും പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നു. 2025ല്‍ ഒപ്പുവച്ച വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കുമെന്ന് ഇരുവിഭാഗവും ധാരണയായി. ചെങ്കടലില്‍ അമേരിക്കയുടേയോ ഇസ്രായേലിന്റെയോ കപ്പലുകള്‍ ആക്രമിക്കില്ലെന്ന് ഹൂതികള്‍ ഉറപ്പ് നല്‍കിയെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ഹൂതികളുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് അമേരിക്ക സൈനികമായി സൗദിയെ സഹായിക്കാത്തതത്രെ.

saudi arabia seeks help against houthi

സഖ്യരാജ്യങ്ങളായ ബ്രിട്ടന്‍, ഫ്രാന്‍സ്, ഈജിപ്ത്, പാകിസ്താന്‍ എന്നീ രാജ്യങ്ങളോട് സൗദി അറേബ്യ മിസൈല്‍ പ്രതിരോധത്തിന് സഹായം ചോദിച്ചുവെന്നും ആരും മുന്നോട്ട് വന്നില്ലെന്നും അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇറാനെതിരായ യുദ്ധം കാരണം അമേരിക്ക മിസൈല്‍ പ്രതിരോധ സംവിധാനത്തില്‍ വലിയ കമ്മി നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് സൗദി മറ്റു രാജ്യങ്ങളുടെ സഹായം തേടിയത്. സൗദി ഇസ്രായേലിന്റെ സഹായം തേടിയെന്ന് ഇസ്രായേലിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

യമനില്‍ സൗദി അറേബ്യ പിന്തുണയ്ക്കുന്ന സൈന്യം വലിയ തിരിച്ചടി നേരിടുകയാണ്. ഹൂതികളുടെ മുന്നേറ്റം തടയാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല എന്നാണ് വിവരം. ചെങ്കടല്‍ തീരത്തെ ഭൂപ്രദേശം ഹൂതികളുടെ നിയന്ത്രണത്തിലായി. ബാബുല്‍ മന്തിബ് കടല്‍പാത കൂടി ഹൂതികള്‍ നിയന്ത്രണത്തിലാക്കിയാല്‍ സൗദി അറേബ്യയ്ക്ക് മാത്രമല്ല, ജിസിസി രാജ്യങ്ങള്‍ക്കെല്ലാം തിരിച്ചടിയാകും.

നേരത്തെ യമനില്‍ സൈനിക നീക്കം നടത്തുന്നതിന് സൗദി അറേബ്യയ്‌ക്കൊപ്പം യുഎഇയും ഉണ്ടായിരുന്നു. എന്നാല്‍ ഇരുരാജ്യങ്ങളും ഭിന്ന നിലപാട് സ്വീകരിച്ചതോടെ യുഎഇ സൈന്യം പിന്മാറി. തെക്കന്‍ യമന്‍ കേന്ദ്രീകരിച്ച് പഴയ രാജ്യം വേണമെന്ന് ആവശ്യപ്പെടുന്ന ഗ്രൂപ്പുകള്‍ക്ക് യുഎഇ പിന്തുണ നല്‍കുന്നു എന്നും അത് തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണ് എന്നുമാണ് സൗദിയുടെ നിലപാട്.

യുഎഇ പിന്മാറിയ സാഹചര്യത്തില്‍ കൂടിയാണ് അമേരിക്കയും മുഖംതിരിച്ചു നില്‍ക്കുന്നത്. മക്ക കരാറിന്റെ ഭാഗമായ പാകിസ്താനും തുര്‍ക്കിയും സൈനികമായി യമനെ നേരിടാന്‍ തയ്യാറല്ല. എന്നാല്‍ മക്കയും മദീനയും ആക്രമിക്കപ്പെടുന്ന സാഹചര്യം വന്നാല്‍ പ്രതിരോധിക്കുമെന്ന് പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖവജ ആസിഫ് പറഞ്ഞു. മക്കയ്ക്ക് നേരെ ഹൂതികളുടെ ആക്രമണ ശ്രമമുണ്ടായി എന്ന് സൗദി അറേബ്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഹൂതികള്‍ ഇക്കാര്യം നിഷേധിച്ചു. സൗദി അറേബ്യ യമനിലെ തുറമുഖങ്ങള്‍ക്കും വിമാനത്താവളങ്ങള്‍ക്കുമെതിരായ ഉപരോധം പിന്‍വലിക്കണമെന്നാണ് ഹൂതികളുടെ ആവശ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma