യുഎഇ പ്ലാന്‍ വിജയം; സൗദി അറേബ്യ പിന്നാലെ, ചൈനീസ് ടാങ്കറുകള്‍ കടലില്‍ കാത്തുനില്‍ക്കുന്നു
കടല്‍പാതകള്‍ ഓരോന്നായി അടഞ്ഞതോടെ സൗദി അറേബ്യ ക്രൂഡ് ഓയില്‍ വില്‍പ്പനയ്ക്ക് മറുതന്ത്രം പയറ്റുന്നു. സൗദിയുടെ അരാംകോ കമ്പനിയാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ചെറു കപ്പലുകളില്‍ ക്രൂഡ് ഓയില്‍ പുറംകടലില്‍ എത്തിക്കുകയാണ് ചെയ്യുക. അവിടെ നിന്ന് വിദേശരാജ്യങ്ങളുടെ കപ്പലുകളില്‍ കയറ്റി എണ്ണ ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടുപോകും.
യുഎഇ ഈ പദ്ധതി വിജയകരമായി നടപ്പാക്കുന്നു എന്ന വാര്‍ത്ത കഴിഞ്ഞാഴ്ച വന്നിരുന്നു. യുഎഇയുടെ അഡ്‌നോക്ക് ഷട്ട്‌ലിങ് സംവിധാനം ഉപയോഗിച്ച് കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്നു എന്നായിരുന്നു വാര്‍ത്ത. ഇപ്പോള്‍ സൗദിയുടെ അരാംകോയും സമാനമായ നീക്കം നടത്തുകയാണ്. ഹോര്‍മുസ് കടലിടുക്കില്‍ ഒമാന്‍ തീരത്ത് എണ്ണ എത്തിച്ച ശേഷം വിതരണം ചെയ്യുകയാണ് അരാംകോ. എന്നാല്‍ അരാംകോ ഔദ്യോഗികമായി വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.

ചെറുകപ്പലുകളില്‍ എണ്ണ നിറച്ച് ആവശ്യക്കാരുടെ എണ്ണ ടാങ്കറുകള്‍ക്ക് കൈമാറുന്നതാണ് ഷട്ട്‌ലിങ് സംവിധാനം. ശത്രുക്കളുടെ റഡാറില്‍ നിന്ന് രക്ഷപ്പെടാന്‍ സിഗ്നല്‍ ഓഫ് ചെയ്തിടും. ഇതോടെ വിദൂര കേന്ദ്രങ്ങളില്‍ നിന്നുള്ള മിസൈല്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാം. അതേസമയം, ക്രൂഡ് ഓയില്‍ വില്‍പ്പന നടക്കുകയും ചെയ്യും. ഇത്തരത്തില്‍ എണ്ണ കയറ്റുമതി ചെയ്യാന്‍ സഹായിക്കാമെന്ന് ഇറാഖിനോട് യുഎഇ അറിയിച്ചിരുന്നു. ഇറാഖില്‍ നിന്നുള്ള ക്രൂഡ് കയറ്റുമതി പിന്നീട് വര്‍ധിച്ചിട്ടുണ്ട്.
ഹോര്‍മുസ് പാത നേരത്തെ ഇറാന്‍ അടച്ചിരുന്നു. ചെങ്കടല്‍ പാതയില്‍ യമനിലെ ഹൂതികള്‍ തടസം സൃഷ്ടിക്കുന്നുമുണ്ട്. സൂയസ് കനാല്‍ വഴിയും ആഫ്രിക്കന്‍ തീരങ്ങളിലൂടെയുള്ള വളഞ്ഞ വഴിയുമാണ് ഇനി സൗദിയുടെ മുന്നിലുള്ളത്. ഈ രണ്ട് വഴിയും വളരെ ചെലവേറിയതാണ്. ഈ സാഹചര്യത്തിലാണ് സൗദിയുടെ പേര്‍ഷ്യന്‍ തീരത്തെ റാസ് തനൂറയില്‍ നിന്ന് എണ്ണ ചെറുകപ്പലുകള്‍ കയറ്റി ഒമാനിലെ സോഹാര്‍ തീരത്തുവച്ച് വില്‍പ്പന നടത്തുന്നത്.
അറബ് മീഡിയം, അറബ് ഹെവി തുടങ്ങിയ സള്‍ഫര്‍ കൂടുതല്‍ അടങ്ങിയ ക്രൂഡ് ഓയില്‍ ആണ് ഇത്തരത്തില്‍ വിതരണം ചെയ്യുന്നത്. ചൈനയിലെ എണ്ണ ശുദ്ധീകരണ ശാലകളില്‍ ഇത്തരം ക്രൂഡ് ഓയില്‍ സംസ്‌കരിക്കുന്നതിന് സംവിധാനങ്ങളുണ്ട്. സൗദിയുടെ കയറ്റുമതി ചൈനയിലേക്കാണ്. ഇതിനെ ഇറാന്‍ കാര്യമായി എതിര്‍ക്കില്ലെന്നാണ് കരുതുന്നത്. മാത്രമല്ല, ചൈനയുടെ ഇറക്കുമതി സുഗമമായാല്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുകയറുകയുമില്ല.
ഹോര്‍മുസ് പാത പ്രതിസന്ധി നേരിട്ടപ്പോള്‍ സൗദി അറേബ്യ ചെങ്കടല്‍ വഴിയാണ് ആശ്രയിച്ചിരുന്നത്. ഈ പാതയിലൂടെ കടന്നുപോയ കപ്പലുകള്‍ ആക്രമിക്കപ്പെടുന്നതിനാലാണ് പുതിയ സംവിധാനം സൗദി തുടങ്ങിയത്. അതേസമയം, ചെങ്കടല്‍ പാത സുരക്ഷിതമാക്കാന്‍ പുതിയ സൈനിക സഖ്യത്തിനും സൗദി തുടക്കമിട്ടു. മേഖലയിലെ നിരവധി രാജ്യങ്ങള്‍ സൗദിയുടെ നീക്കത്തിന് യോജിപ്പ് അറിയിച്ചു. പുതിയ സംവിധാനങ്ങള്‍ സൗദിയും യുഎഇയും ഉപയോഗിക്കുന്നതിനിടെയും ഇടയ്ക്ക് എണ്ണ കപ്പലുകള്‍ മേഖലയില്‍ ആക്രമിക്കപ്പെടുന്നുണ്ട്.





Click it and Unblock the Notifications