സൗദി അറേബ്യയുടെ സില്‍ക്ക് ലിങ്ക്!! കടലിലൂടെ കേബിള്‍, പുതിയ വിമാനക്കമ്പനി, കോടികള്‍ ഇറക്കുന്നു
സൗദി അറേബ്യ സിറിയയില്‍ നിക്ഷേപിക്കാന്‍ പോകുന്നത് കോടികള്‍. മൂന്ന് സുപ്രധാന പദ്ധതികളുടെ കരാര്‍ ഒപ്പുവച്ചു. ഇരുരാജ്യങ്ങളും സംയുക്തമായി വിമാന കമ്പനി തുടങ്ങുമെന്നതാണ് ഇതില്‍ പ്രധാനം. സിറിയയെ ലോകത്തെ മറ്റു മേഖലകളിലെ ഇന്റര്‍നെറ്റ് ശൃംഖലയുമായി ബന്ധിപ്പിക്കുമെന്നതാണ് മറ്റൊന്ന്. കൂടാതെ വൈദ്യുതി ഉള്‍പ്പാദനവും വിമാനത്താവള നിര്‍മാണവും.
സിറിയയുടെ തലസ്ഥാനമായ ദമസ്‌കസില്‍ നടന്ന ചടങ്ങിലാണ് സൗദി അറേബ്യ കരാര്‍ ഒപ്പുവച്ചത്. മൂന്ന് പദ്ധതികള്‍ക്കായി ആയിരം കോടിയോളം ഡോളര്‍ ആണ് സൗദി അറേബ്യ ചെലവഴിക്കുക. സിറിയ ഏഷ്യയെയും യൂറോപ്പിനെയും വേഗത്തില്‍ ബന്ധിപ്പിക്കാന്‍ സാധിക്കുന്ന രാജ്യമാണ്. അതുകൊണ്ടുതന്നെയാണ് സൗദി അറേബ്യ ഇവിടെ വലിയ നിക്ഷേപം നടത്തുന്നത്.

സിറിയയിലെ വടക്കന്‍ നഗരമായ അലപ്പോയില്‍ അന്താരാഷ്ട്ര വിമാനത്താവളം നിര്‍മിക്കാന്‍ സൗദി അറേബ്യ ഒരുങ്ങുകയാണ്. ഓരോ വര്‍ഷവും 1.2 കോടി ജനങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ ശേഷിയുള്ളതാകും വിമാനത്താവളം. ഇരുരാജ്യങ്ങളുടെയും പ്രതിനിധികളാണ് ഇക്കാര്യം പരസ്യപ്പെടുത്തിയത്. സൗദിയുടെ പദ്ധതികള്‍ രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമ്പോള്‍ സിറിയ സമ്പൂര്‍ണമായി മാറും.
12 വര്‍ഷം ആഭ്യന്തര യുദ്ധത്തിലായിരുന്ന സിറിയയില്‍ ഇക്കാലത്ത് പത്ത് ലക്ഷത്തോളം പേരാണ് കൊല്ലപ്പെട്ടത്. 2024 ഡിസംബറിലാണ് വിമതര്‍ അധികാരം പിടിച്ചതും പ്രസിഡന്റ് ബശ്ശാറുല്‍ അസദ് റഷ്യയിലേക്ക് പലായനം ചെയ്തതും. പിന്നീട് പുതിയ പ്രസിഡന്റ് അഹമ്മദ് അല്‍ ഷറാ ജിസിസി രാജ്യങ്ങളോട് നിക്ഷേപം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് സൗദി അറേബ്യ വന്‍തോതില്‍ മുതല്‍മുടക്കുന്നത്.
എന്താണ് സില്‍ക്ക് ലിങ്ക് പ്രൊജക്ട്
ലോക രാഷ്ട്രീയത്തില്‍ സിറിയയ്ക്കുള്ള തന്ത്ര പ്രധാന പദവി ഏവരും ഉറ്റുനോക്കുന്നതാണ്. ഇവിടെ നിയന്ത്രണം പിടിക്കാന്‍ സൗദി അറേബ്യയ്ക്ക് സാധിച്ചാല്‍ മേഖലയില്‍ മേധാവിത്വം നിലനിര്‍ത്താന്‍ സൗദിക്ക് സാധിക്കും. അതുകൊണ്ടുതന്നെ സൗദി അറേബ്യ നടത്തുന്ന ഓരോ നിക്ഷേപങ്ങളും നിര്‍ണായകമാണ്. ഇസ്രായേല്‍ സൗദിയുടെ നീക്കങ്ങള്‍ സംശയത്തോടെയാണ് കാണുന്നത്.
അടുത്ത 18 മാസത്തിനിടെ സിറിയയെ അന്താരാഷ്ട്ര ടെലി കമ്യൂണിക്കേഷന്‍ ഹബ്ബാക്കി മാറ്റുന്നതാണ് സില്‍ക്ക് ലിങ്ക് പ്രൊജക്ട് എന്ന് സൗദി വാര്‍ത്താ വിതരണ മന്ത്രി അബ്ദുല്‍ സലാം ഹൈക്കല്‍ പറഞ്ഞു. സിറിയയിലെ എല്ലാ നഗരങ്ങളെയും ബന്ധിപ്പിക്കുന്ന ഇന്റര്‍നെറ്റ് സംവിധാനം സ്ഥാപിക്കുക, ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിച്ച് കടലിലൂടെ 4500 കിലോമീറ്റര്‍ ദൂരത്തില്‍ കേബിള്‍ സ്ഥാപിക്കുക എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് സില്‍ക്ക് ലിങ്ക് പ്രൊജക്ട്.
വൈദ്യുതി ഉല്‍പ്പാദനം, ജലശുദ്ധീകരണം എന്നിവയ്ക്കുള്ള കരാറും സൗദിയും സിറിയയും ഒപ്പുവച്ചു. കൂടാതെയാണ് ഇരുരാജ്യങ്ങളും സംയുക്തമായി ചെലവ് കുറഞ്ഞ വിമാന കമ്പനി രൂപീകരിക്കുന്നത്. ഫ്‌ളൈനാസ് സിറിയ എന്ന പേരിലാകും കമ്പനി. ഇതില്‍ എത്രയാണ് സൗദിയുടെ നിക്ഷേപം എന്ന് പരസ്യമാക്കിയിട്ടില്ല. വിമാന കമ്പനിയും വിമാനത്താവളവും സജീവമാകുയും പ്രഖ്യാപിച്ച പദ്ധതികള്‍ പൂര്‍ത്തിയാകുകയും ചെയ്യുന്നതോടെ സിറിയയുടെ ചിത്രം മാറും.












Click it and Unblock the Notifications