സൗദി അറേബ്യ കടുപ്പിച്ചു; രേഖയില്ലാതെ മക്കയിലേക്ക് 2.7 ലക്ഷം പേര്‍, 5000 പിഴ, നാടുകടത്തും
റിയാദ്: സൗദി അറേബ്യ പരിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്ക് ഒരുങ്ങുകയാണ്. നിലവില്‍ 14 ലക്ഷം പേര്‍ മക്കയില്‍ എത്തിക്കഴിഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പുണ്യഭൂമിയില്‍ എത്തിച്ചേരും. അതേസമയം, കൃത്യമായ രേഖകളില്ലാതെ മക്കയിലേക്ക് നിരവധി പേര്‍ ഇതിനിടയില്‍ പ്രവേശിക്കുന്നുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങളും ഊര്‍ജിതമാണ്.
രേഖയില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച 2.7 ലക്ഷം പേരെ ഇതുവരെ പിടികൂടി എന്ന് സൗദി അധികൃതര്‍ അറിയിച്ചു. ചട്ടം ലംഘിച്ച് ഈ വേളയില്‍ മക്കയിലെത്തി ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ ശ്രമിച്ചവര്‍ ഉള്‍പ്പെടെയാണ് അറസ്റ്റിലായത്. മതിയായ രേഖയില്ലാതെ എത്തുന്നവര്‍ കൂടിയാകുമ്പോള്‍ മക്കയിലെ ജനസാഗരം വീണ്ടും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കും. തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

രേഖകളില്ലാതെ മക്കയില്‍ പിടികൂടുന്നവര്‍ക്ക് 5000 ഡോളര്‍ പിഴ നല്‍കേണ്ടി വരും. വിദേശികള്‍ ഒരുപക്ഷേ, നാടുകടത്തലിന് വിധേയമാകുകയും ചെയ്യും. പൗരന്മാര്‍ക്കും വിദേശികള്‍ക്കും ഇക്കാര്യത്തില്‍ ഇളവില്ലെന്നും അധികൃതര്‍ പറഞ്ഞു. നേരത്തെ രേഖകള്‍ തരപ്പെടുത്തിയവര്‍ക്ക് സുഗമമായി ഹജ്ജ് നിര്‍വഹിച്ച് മടങ്ങാമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഹജ്ജ് നിര്‍വഹിക്കുന്നവര്‍ക്ക് കൃത്യമായ രേഖകള്‍ ആവശ്യമാണ്. മക്കയില്‍ താമസിക്കുന്നവരാണെങ്കില്‍ പോലും ഹജ്ജിന് എത്തുന്നവര്‍ക്ക് രേഖ വേണ്ടി വരുമെന്ന് ഉദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹജ്ജ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സൗദിയില്‍ താമസിക്കുന്ന 23000 പേര്‍ക്കെതിരെ പിഴ ചുമത്തി. 400 ഹജ്ജ് ഏജന്‍സികളുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു.
നിയമം ലംഘിക്കുന്നവരെ കണ്ടെത്തിയാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് ലഫ്. ജനറല്‍ മുഹമ്മദ് അല്‍ ഉമരി പറഞ്ഞു. കടുത്ത ചൂടിലാണ് ഹജ്ജ് നടക്കുന്നത് എന്നത് അല്‍പ്പം ആശങ്കയുണ്ടാക്കുന്നതാണ്. കഴിഞ്ഞ വര്‍ഷം നിരവധി പേര്‍ ചൂട് താങ്ങാന്‍ സാധിക്കാതെ മരിച്ചിരുന്നു. ഇത്തവണ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെങ്കിലും ആശങ്ക ബാക്കിയാണ്. അതിനിടെയാണ് നിയമലംഘിച്ച് ഹജ്ജിന് എത്തിക്കുന്നവര്‍ അധികൃതരുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നത്.
എന്താണ് ഹജ്ജ്
ഇസ്ലാമിക വിശ്വാസ പ്രമാണങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഹജ്ജ്. ആരോഗ്യവും സാമ്പത്തികവും അനുവദിക്കുന്ന എല്ലാവരും ഹജ്ജ് ചെയ്യണം എന്നാണ് വിശ്വാസം. അറബി മാസമായ ദുല്‍ഹജ്ജിലാണ് ഹജ്ജ് കര്‍മം നിര്‍വഹിക്കുക. അഞ്ച് ദിവസത്തോളം നീളുന്ന കര്‍മങ്ങളാണ് ഇതിന്റെ ഭാഗമായുള്ളത്. മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിലെല്ലാം വിശ്വാസി ലക്ഷങ്ങള്‍ ഒത്തുചേരും.
എല്ലാ വര്‍ഷവും 20 ലക്ഷത്തിലധികം പേരാണ് ഹജ്ജ് നിര്‍വഹിക്കാന്‍ മക്കയില്‍ എത്തിച്ചേരുക. ഓരോ രാജ്യങ്ങള്‍ക്കും ഇക്കാര്യത്തില്‍ സൗദി അറേബ്യ പ്രത്യേക ക്വാട്ട അനുവദിക്കാറുണ്ട്. എന്നാല്‍ ഇതിനിടയില്‍ ചട്ടം ലംഘിച്ചും ചിലര്‍ ഹജ്ജ് ചെയ്യാന്‍ ശ്രമിക്കും. ഇവര്‍ക്കെതിരെയാണ് ഇപ്പോള്‍ നടപടി ശക്തമാക്കിയിട്ടുള്ളത്. നിരീക്ഷണം ശക്തമാക്കാന്‍ ഡ്രോണുകള്‍ ഇത്തവണ ഉപയോഗിക്കുന്നുണ്ട്.












Click it and Unblock the Notifications