ഇന്ത്യയുടെ മുതലെടുപ്പ്, സൗദി അറേബ്യ മൂക്കും കുത്തി വീണു: ഇറാഖിനും പരിക്ക്; എല്ലാത്തിനും കാരണം റഷ്യ
അന്താരാഷ്ട്ര വിപണയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുന്നതിന്റെ ആനുകൂല്യം മുതലെടുത്ത് ഇന്ത്യ. വില കുറഞ്ഞ് നില്‍ക്കുമ്പോള്‍ പരമാവധി ഇറക്കുമതി ചെയ്യുകയെന്ന പതിവ് തന്ത്രം തന്നെയാണ് ഇത്തവണയും ഇന്ത്യ പയറ്റുന്നത്. ഇതോടെ 2025 സാമ്പത്തിക വർഷത്തില്‍ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി ബില്‍ 137.0 ബില്യൺ ഡോളറിലെത്തിയെന്നാണ് പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെല്ലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
2024 സാമ്പത്തിക വർഷത്തിലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത്തവണ 2.7 ശതമാനത്തിന്റെ വർധനവാണ് ബില്ലില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ തവണ ആകെ 133.4 ബില്യണ്‍ ഡോളറിന്റെ ക്രൂഡ് ഓയിലായിരുന്നു രാജ്യം ഇറക്കുമതി ചെയ്തത്. ഏപ്രിൽ മുതൽ മാർച്ച് വരെയുള്ള കാലയളവിൽ രാജ്യം 234.3 ദശലക്ഷം ടൺ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്തു, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 242.4 ദശലക്ഷം ടണ്ണായിരുന്നു അതായത് 3.4 ശതമാനത്തിന്റെ വർധനവെന്ന് കണക്കുകള്‍ പറയുന്നു.

മാർച്ചിൽ മാത്രം, ക്രൂഡ് ഓയിൽ ഇറക്കുമതി കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഏകദേശം 6.3% വർദ്ധിച്ച് 22.1 ദശലക്ഷം ടണ്ണായി, അതേസമയം ഇറക്കുമതി ബിൽ 12.1 ബില്യൺ ഡോളറായി അതേപടി തുടർന്നു. അന്താരഷ്ട്ര വിപണിയിലെ വിലയിടിവാണ് ഇവിടെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രൂഡ് ഓയില്‍ ഇറക്കുമതി രാജ്യമായ ഇന്ത്യക്ക് അനുഗ്രഹമായി മാറിയത്.
വർധിച്ച ഡിമാൻഡും റഷ്യയിൽ നിന്നുള്ള ഇറക്കുമതി വർധനവുമാണ് പ്രധാനമായും മൂല്യം ഉയർത്തിയത്. 2024 കാലയളവില്‍ മൊത്തം ക്രൂഡ് ഓയില്‍ ആവശ്യകതയടെ 87.8 ശതമാനമായിരുന്നു ഇന്ത്യ മറ്റ് രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്തത്. എന്നാല്‍ പുതിയ സാമ്പത്തിക വർഷത്തില്‍ ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി 88.2 ശതമാനമായി വർദ്ധിച്ചു.
അമേരിക്ക ഉപരോധം ശക്തമാക്കിയതോടെ ഫെബ്രുവരിയില്‍ റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയിലിന്റെ വരവില്‍ ഇടിവുണ്ടായിരുന്നു. എന്നാല്‍ മാർച്ചിലെ കണക്കുകള്‍ പുറത്ത് വന്നപ്പോള്‍ റഷ്യ ഇന്ത്യന്‍ വിപണിയിലേക്ക് പൂർവ്വാധികം ശക്തിയോടെ തന്നെ തിരിച്ച് വന്നിരിക്കുകയാണ്. ഉപരോധമുണ്ടെങ്കിലും വിലക്കിഴിവും ഉപരോധം ബാധകമല്ലാത്ത ചരക്ക് കപ്പലുകളുടെ ലഭ്യതയും കാരണം ഇന്ത്യന്‍ റിഫൈനറികള്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി ഫെബ്രുവരിയേക്കാള്‍ വർധിപ്പിക്കുകയായിരുന്നു.
കെപ്ലറില്‍ നിന്നുള്ള വിവര പ്രകാരം 2025 മാർച്ചിൽ ഇന്ത്യയുടെ അസംസ്കൃത എണ്ണ ഇറക്കുമതി പ്രതിദിനം ഏകദേശം 5.3 ദശലക്ഷം ബാരലിലെത്തി. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന പ്രതിമാസ അളവാണ് ഇത്. ഏകദേശം 1.88 എം ബി ഡി എണ്ണ ഇറക്കുമതിയുമായി റഷ്യ ഒന്നാം സ്ഥാനത്ത് തുടർന്നു. ഇറാഖ് 0.9 എം ബി ഡി, സൗദി അറേബ്യ 0.56 എം ബി ഡി, യുഎഇ 0.43 എം ബി ഡി, യുഎസ് 0.29 എം ബി ഡി എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള അളവ്.
ഫെബ്രുവരയെ അപേക്ഷിച്ച് മാർച്ചില്‍ റഷ നേട്ടമുണ്ടാക്കിയപ്പോള്‍ ഇറാഖും സൗദി അറേബ്യയും വലിയ തിരിച്ചടി നേരിടുകയാണുണ്ടായത്. ഫെബ്രുവരിയിൽ ഇറാഖ് ഇന്ത്യയിലേക്കുള്ള അസംസ്കൃത എണ്ണ കയറ്റുമതിയിൽ 6% വർധനവോടെ 1.08 ബി പി ഡിയിലേക്ക് എത്തിയിരുന്നു. ഇതാണ് 0.9 എം ബി ഡിയായി കുറഞ്ഞത്. സൗദി അറേബ്യ ഫെബ്രുവരിയിൽ ഇന്ത്യയിലേക്ക് 700,000 ബാരൽ ക്രൂഡ് അയച്ചിരുന്ന് 0.56 എം ബി ഡിയിലേക്കും ഇടിഞ്ഞു.
ആഭ്യന്തര ഉൽപ്പാദനം കുറഞ്ഞതും ഇറക്കുമതിയെ ആശ്രയിക്കേണ്ട സാഹചര്യം വർധിപ്പിച്ചു. 2025 സാമ്പത്തിക വർഷത്തിലെ ഇതുവരെയായി 28.7 മില്യൺ ടൺ ക്രൂഡ് ഓയിൽ മാത്രമാണ് ആഭ്യന്തരമായി ഉൽപ്പാദിപ്പിച്ചത്. 2024 ലെ ഇതേ കാലയളവില്‍ രാജ്യത്തിന് അകത്തെ റിഫൈനറികളില്‍ നിന്നും ഉത്പാദിപ്പിച്ച 29.4 മില്യണ്‍ ടണ്‍ ക്രൂഡ് ഓയിലായിരുന്നു.
നിലവില്‍ ഇറക്കുമതി ചെലവ് കുറഞ്ഞിരിക്കുകയാണെങ്കിലും എല്ലായ്പ്പോഴും ഇത് തുടരണമെന്നില്ല. ഐ സി ആർ എ യുടെ പ്രവചനമനുസരിച്ച്, റഷ്യൻ ക്രൂഡിന്റെ കിഴിവുകൾ കുറഞ്ഞാൽ ഈ സാമ്പത്തിക വർഷം ഇറക്കുമതി ചിലവ് 101-104 ബില്യൺ ഡോളറിലെത്താം. 88% ക്രൂഡ് ഓയിലും 50% പ്രകൃതി വാതകവും ഇറക്കുമതി ചെയ്യുന്ന രാജ്യമായതിനാല്‍ ഈ വർധനവ് സമ്പദ്‌വ്യവസ്ഥയിൽ ചെറുതല്ലാത്ത പ്രതിഫലനങ്ങൾ ഉണ്ടാക്കുമെന്നതില്‍ സംശയമില്ല.












Click it and Unblock the Notifications