സൗദി അറേബ്യ വാതില്‍ തുറന്നിട്ടു; അമേരിക്കക്ക് തായിഫിലെ താവളം, ഇറാന്റെ ഉദ്യോഗസ്ഥര്‍ ഔട്ട്
റിയാദ്: ഇറാന്‍ ആക്രമണം ശക്തമാക്കിയിരിക്കെ സൗദി അറേബ്യ വ്യത്യസ്തമായ നീക്കത്തിന്. തായിഫിലെ കിങ് ഫഹദ് വ്യോമ താവളം അമേരിക്കക്ക് തുറന്നുകൊടുത്തു. ഈ സേനാ താവളം ഇനി അമേരിക്ക ഉപയോഗിക്കും. ഇവിടേക്ക് ഇതുവരെ ഇറാന്റെ ആക്രമണം ഉണ്ടായിട്ടില്ല. ഇറാന്‍ മിസൈലുകള്‍ ഇവിടെ എത്തില്ല എന്ന നിഗമനത്തിലാണ് അമേരിക്കന്‍ സൈന്യം.
സൗദി അറേബ്യയിലെ റിയാദ്, യാമ്പു, ചെങ്കടല്‍, തുടങ്ങി പല മേഖലയിലും ഇറാന്റെ ഡ്രോണുകള്‍ പതിച്ചിട്ടുണ്ടെങ്കിലും ജിദ്ദ സുരക്ഷിതമാണ്. തായിഫിലെ താവളം അമേരിക്കക്ക് തുറന്നുകൊടുക്കുന്നതോടെ ജിദ്ദയിലേക്കും ഇറാന്റെ മിസൈലുകള്‍ എത്തിയേക്കാം. കൈവിട്ട നീക്കമാണ് സൗദി അറേബ്യ നടത്തിയത് എന്ന് വിലയിരുത്തുന്നവരുണ്ട്. അതിനിടെ ഇറാന്റെ ഉദ്യോഗസ്ഥരെ സൗദി അറേബ്യ പുറത്താക്കി.

ഹോര്‍മസ് കടലിടുക്ക് ഇറാന്‍ അടച്ചതിനാല്‍ ഇതുവഴി സൗദി അറേബ്യയുടെ ചരക്കുകള്‍ പോകുന്നില്ല. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള എണ്ണ, പൈപ്പ് ലൈന്‍ വഴി യാമ്പുവിലെ തുറമുഖത്ത് എത്തിച്ച് ചെങ്കടലിലൂടെ വിതരണം ചെയ്യുകയാണ് സൗദി. ഈ വേളയിലാണ് യാമ്പുവിലെ തുറമുഖം ലക്ഷ്യമിട്ട് ഇറാന്റെ മിസൈല്‍ എത്തിയത്. ഇതോടെയാണ് തായിഫ് സേനാ താവളം അമേരിക്കന്‍ പട്ടാളത്തിന് തുറന്നുകൊടുക്കാന്‍ സൗദി തീരുമാനിച്ചതത്രെ.
തങ്ങള്‍ക്കെതിരെ അമേരിക്കന്‍ സൈന്യത്തിന് സൗകര്യം ചെയ്താല്‍ ആക്രമണം ശക്തമാക്കുമെന്ന് നേരത്തെ ഇറാന്‍ ഭീഷണി മുഴക്കിയിരുന്നു. ജിസിസി രാജ്യങ്ങളില്‍ പലരും അമേരിക്കന്‍ സൈന്യത്തിന് എല്ലാ സൗകര്യവും ചെയ്തുകൊടുക്കുന്നു എന്ന് ആരോപിച്ചാണ് ഇറാന്റെ ആക്രമണം മാത്രമല്ല, അമേരിക്കന്‍ കമ്പനികള്‍ക്ക് പങ്കാളിത്തമുള്ള എല്ലാ എണ്ണ മേഖലയും ഇറാന്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നുണ്ട്.
യുഎസ് സൈന്യത്തിന് 2 നേട്ടം
തായിഫിലെ സേനാ താവളം അമേരിക്കക്ക് ലഭിക്കുമ്പോള്‍ രണ്ട് നേട്ടമാണ് അവര്‍ കാണുന്നത്. പശ്ചിമേഷ്യയില്‍ ഏത് മേഖലയിലേക്കും സേനാ വിന്യാസം അതിവേഗം സാധ്യമാക്കുമെന്നതാണ് ഒരു കാര്യം. ഇറാന്റെ മിസൈനുകള്‍ തായിഫിലേക്ക് എത്തില്ല എന്നതാണ് മറ്റൊന്ന്. എന്നാല്‍ കഴിഞ്ഞ ദിവസം 4000 കിലോമീറ്റര്‍ ദൂരത്തിലുള്ള ദ്വീപിലെ ബ്രിട്ടീഷ്-യുഎസ് താവളം ഇറാന്‍ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന വാര്‍ത്ത അമേരിക്കയെ ഞെട്ടിച്ചിട്ടുണ്ട്.
അതിനിടെ, സൗദി അറേബ്യ ഇറാന്റെ അഞ്ച് നയതന്ത്ര ഉദ്യോഗസ്ഥരെ രാജ്യത്ത് നിന്ന് പുറത്താക്കി. ഒരു മിലിറ്ററി അറ്റാഷെ, നാല് ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് പുറത്താക്കിയത്. നേരത്തെ സമാനമായ നീക്കം ഖത്തര്‍ നടത്തിയിരുന്നു. ഖത്തറിലെ ഏറ്റവും വലിയ വാതക മേഖല ഇറാന്‍ ആക്രമിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. അമേരിക്കന്‍ സൈന്യം മേഖല വിടുകയോ യുദ്ധത്തില്‍ നിന്ന് പിന്മാറുകയോ ചെയ്യുന്നതുവരെ ആക്രമണം തുടരുമെന്നാണ് ഇറാന്റെ നിലപാട്.












Click it and Unblock the Notifications