സൗദി അറേബ്യയില്‍ നാണംകെട്ട് പാകിസ്ഥാന്‍; ആ 'പണി'ചെയ്ത 5000 പേരെ നാടുകടത്തി: ഇനി തിരിച്ച് വരാനാകില്ല
കഴിഞ്ഞ 16 മാസത്തിനിടെ സൗദി അറേബ്യ നാടുകടത്തിയത് 5033 പാകിസ്ഥാനി യാചകരെ. പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി തന്നെയാണ് ഇക്കാര്യം ദേശീയ അസംബ്ലിയിൽ വ്യക്തമാക്കിയത്. പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പി പി പി) എം എൻ എ സെഹർ കമ്രാന്റെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്‌വിയുടെ വെളിപ്പെടുത്തല്‍. ഗള്‍ഫ് മേഖലയില്‍ പാകിസ്ഥാന് നിരന്തരം നാണക്കേട് സൃഷ്ടിക്കുന്ന കാര്യമാണ് യാചകരുടെ നാടുകടത്തല്‍.
2024 ജനുവരി മുതൽ, സൗദി അറേബ്യ, ഇറാഖ്, മലേഷ്യ, ഒമാൻ, ഖത്തർ, യു എ ഇ എന്നീ രാജ്യങ്ങളിൽ നിന്നായി ആകെ 5402 പാകിസ്ഥാനികൾ നാടുകടത്തപ്പെട്ടു. ഇറാഖിൽ നിന്ന് 247 പേരും യു എ ഇയിൽ നിന്ന് 58 പേരുമാണ് നാടുകടത്തപ്പെട്ടത്. ഇതിൽ 4850 പേർ 2024ലും 522 പേർ ഈ വർഷവും കയറ്റി അയക്കപ്പെട്ടു. സിന്ധ് പ്രവിശ്യയിൽ നിന്നും 2795 പേർ, പഞ്ചാബിൽ നിന്നും 1437 പേർ, ഖൈബർ പഖ്തൂൺഖ്വയിൽ 1002 പേർ, ബലൂചിസ്ഥാനിൽ 125 പേർ, ആസാദ് കശ്മീരിൽ 33 പേർ, ഇസ്ലാമാബാദിൽ 10 പേർ എന്നിങ്ങനെയാണ് നാടുകടത്തപ്പെട്ടത്.

യാചന ശക്തമായി നിരോധിച്ചിരിക്കുന്ന രാജ്യമാണ് സൗദി അറേബ്യ. യാചനപ്രവർത്തികളില്‍ ഏർപ്പെടുന്നവർക്ക് കനത്ത പിഴയും തടവും ശിക്ഷയായി ലഭിക്കും. പാകിസ്ഥാനിൽ നിന്നുള്ള യാചകർ, ഹജ്ജ്, ഉംറ തുടങ്ങിയ തീർത്ഥാടന വിസകളുടെ മറവിൽ സൗദി അറേബ്യയിലെത്തി ഭിക്ഷാടനം നടത്തുന്നത് സ്ഥിരം സംഭവമാണ്. ഇത് രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രതിച്ഛായയെ ബാധിക്കുന്നുണ്ടെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫും അഭിപ്രായപ്പെട്ടു.
നാടുകടത്തപ്പെട്ടവരുടെ പേര് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ (എഫ് ഐ എ) പാസ്‌പോർട്ട് കൺട്രോൾ ലിസ്റ്റിൽ (പി സി എൽ) ഉൾപ്പെടുത്തുകയും ഇവരെ വീണ്ടും വിദേശയാത്ര നടത്തുന്നതില്‍ നിന്നും വിലക്കുകയും ചെയ്തിട്ടുണ്ട്. 2024 നവംബറിൽ മാത്രം 4300 യാചകരുടെ പേരാണ് ഇ സി എലിൽ ഉൾപ്പെടുത്തിയത്.
പാകിസ്ഥാനിലെ വർധിച്ചുവരുന്ന പണപ്പെരുപ്പവും തൊഴിലില്ലായ്മയും ജനങ്ങളെ യാചനയിലേക്ക് തിരിയാൻ പ്രേരിപ്പിക്കുകയും ഇവർ വലിയ തോതില്‍ മറ്റ് രാജ്യങ്ങളിലേക്ക്, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളിലേക്ക് എത്തുകയും ചെയ്യുന്നു. സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ പാകിസ്ഥാനോട് യാചകരുടെ വരവ് കർശനമായി നിയന്ത്രിക്കാൻ നിരന്തരം ആവശ്യപ്പെടാറുണ്ട്.
ഹജ്ജ് പെർമിറ്റ് ചട്ടങ്ങൾ ലംഘിക്കുന്ന പാകിസ്ഥാൻ പൗരന്മാർക്ക് കർശന ശിക്ഷകൾ ഏർപ്പെടുത്തുമെന്ന് സൗദി അറേബ്യയുടെ ആഭ്യന്തര മന്ത്രാലയം പാകിസ്താന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. മക്ക റൂട്ട് ഇനിഷ്യേറ്റീവിന് കീഴിൽ ഇസ്ലാമാബാദിൽ നിന്ന് മദീനയിലേക്കുള്ള 442 തീർത്ഥാടകരുടെ ആദ്യ ബാച്ചിനെ അയച്ചുകൊണ്ട് പാകിസ്ഥാൻ ഔദ്യോഗികമായി ഹജ്ജ് യാത്ര ആരംഭിച്ച സമയത്ത് തന്നെയാണ് സൗദി അറേബ്യയില്‍ നിന്നും ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയത്.
നിയമലംഘകർക്കുള്ള ശക്തമായ പിഴ ഏപ്രിൽ 29 മുതൽ ജൂൺ 10 വരെ ഉണ്ടാകും. ഹജ്ജ് പെർമിറ്റ് ഇല്ലാതെ ഹജ്ജ് നടത്താനും മറ്റും ശ്രമിക്കുന്ന പാകിസ്ഥാന്‍ പൗരന്മാർക്ക് 20000 സൗദി റിയാൽ (ഏകദേശം 4.4 ലക്ഷം ഇന്ത്യൻ രൂപ) വരെ പിഴ ഈടാക്കുമെന്നാണ് അറിയിപ്പ്. ഈ പിഴ സന്ദർശക വിസ ഉൾപ്പെടെ എല്ലാത്തരം വിസ ഉടമകൾക്കും ബാധകമാണ്, പ്രത്യേകിച്ച് മക്കയിൽ പ്രവേശിക്കുന്നവർക്കും താമസിക്കുന്നവർക്കും.












Click it and Unblock the Notifications