കളിക്കളം പിടിക്കാന്‍ സൗദി അറേബ്യ; പുതിയ ക്രിക്കറ്റ് ലീഗ് തുടങ്ങില്ല, ജിദ്ദയില്‍ കൂറ്റന്‍ സ്റ്റേഡിയം വരും
റിയാദ്: കായിക രംഗത്ത് കൂടുതല്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ച സൗദി അറേബ്യ ടി20 മോഡലില്‍ പുതിയ ക്രിക്കറ്റ് ലീഗ് തുടങ്ങുമെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തി രംഗത്തുവന്നിരിക്കുകയാണ് അധികൃതര്‍. അത്തരം പദ്ധതി സൗദി അറേബ്യയ്ക്ക് ഇല്ലെന്ന് സൗദി ക്രിക്കറ്റ് ഫെഡറേഷന്‍ ചെയര്‍മാന്‍ സൗദി ബിന്‍ മിശ്അല്‍ ആലുസൗദ് പറഞ്ഞു.
അതേസമയം, സൗദി അറേബ്യ ക്രിക്കറ്റ് രംഗത്ത് കൂടുതല്‍ ഇടപെടാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മല്‍സരങ്ങള്‍ക്ക് സൗദി അറേബ്യ വേദിയാകാന്‍ തീരുമാനിച്ചു. അതായത്, ഇനി ഐപിഎല്‍ മല്‍സരങ്ങള്‍ സൗദി അറേബ്യയിലും നടക്കും. ഇതുവഴി വിദേശത്ത് നിന്ന് കൂടുതല്‍ പേരെ സൗദിയിലേക്ക് ആകര്‍ഷിക്കാമെന്ന് അധികൃതര്‍ കരുതുന്നു. മാത്രമല്ല, പുതിയ സ്റ്റേഡിയങ്ങളും നിര്‍മിക്കും.

ജിദ്ദയില്‍ അന്താരാഷ്ട്ര നിലവാരമുള്ള കൂറ്റന്‍ സ്റ്റേഡിയം നിര്‍മിക്കുമെന്ന് സൗദ് ബിന്‍ മിശ്അല്‍ വ്യക്തമാക്കി. ഐപിഎല്ലില്‍ സൗദി അറേബ്യ വന്‍തോതില്‍ നിക്ഷേപം നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വന്തമായി പുതിയ ക്രിക്കറ്റ് ലീഗ് തുടങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ല. അതേസമയം, ഐപിഎല്‍ മല്‍സരങ്ങള്‍ക്ക് വേദിയാകുമെന്നും സൗദി ക്രിക്കറ്റ് ഫെഡറേഷന്‍ ചെയര്‍മാന്‍ പറഞ്ഞു.
ഐപിഎല്‍ താരലേലം ഇത്തവണ നടന്നത് ജിദ്ദയിലാണ്. ഇനി മല്‍സരങ്ങള്‍ക്ക് വേദിയാകുക കൂടി ചെയ്താല്‍ സൗദിയുടെ ക്രിക്കറ്റ് രംഗത്തേക്കുള്ള ചുവടുകള്‍ വേഗത്തിലാകും. ബിസിസിഐയുമായും സൗദി ഭരണകൂടവുമായും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുമെന്ന് ഫെഡറേഷന്‍ ചെയര്‍മാന്‍ പറഞ്ഞു. സമീപകാലത്ത് സൗദി അറേബ്യ വന്‍തോതില്‍ കായിക രംഗത്ത് നിക്ഷേപം നടത്തിവരികയാണ്.
ടെന്നിസ്, ഫുട്‌ബോള്‍, ഗോള്‍ഫ്, ബോക്‌സിങ്, കാര്‍ റേസിങ് തുടങ്ങിയവ സൗദി അറേബ്യയില്‍ നടത്തിവരുന്നുണ്ട്. ഈ ഗണത്തിലേക്കാണ് ക്രിക്കറ്റ് കൂടി എത്തുന്നത്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ കൂടുതല്‍ ജോലി ചെയ്യുന്ന രാജ്യമാണ് സൗദി. ക്രിക്കറ്റിന് കൂടുതല്‍ ആരാധകരുള്ളതും ഏഷ്യയിലാണ്. സൗദിയിലെ വിദേശികളില്‍ 40 ശതമാനം ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.
അതുകൊണ്ടുതന്നെ ക്രിക്കറ്റ് മല്‍സരങ്ങള്‍ക്ക് സൗദി അറേബ്യ വേദിയാകുമ്പോള്‍ നേട്ടം കൊയ്യാമെന്ന് ക്രിക്കറ്റ് ഫെഡറേഷന്‍ കണക്കുകൂട്ടുന്നു. കായിക രംഗത്തെ സൗദിയുടെ നിക്ഷേപങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് സൗദി ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) ആണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍ ഉള്‍പ്പെടെയുള്ള താരങ്ങളെ സൗദി ഫുട്‌ബോള്‍ ക്ലബ്ബുകള്‍ അടുത്തിടെ വാങ്ങിയിരുന്നു.
യുഎഇയില്‍ നിരവധി ക്രിക്കറ്റ് മല്‍സരങ്ങള്‍ നടക്കാറുണ്ട്. ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം സംഘടിപ്പിച്ച് കായിക പ്രേമികളെ ആകര്‍ഷിച്ചിരുന്നു ഖത്തര്‍. ഈ സാഹചര്യത്തില്‍ സൗദി അറേബ്യ കൂടി കായിക രംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതോടെ മേഖലയില്‍ മല്‍സരം കനക്കുകയും കോടികള്‍ ഒഴുകുകയും ചെയ്യും. സൗദി സര്‍ക്കാരിന്റെയും ബിസിസിഐ സെക്രട്ടറി ജയ് ഷായുടെയും പിന്തുണയില്ലാതെ ക്രിക്കറ്റ് മല്‍സരങ്ങള്‍ക്ക് വേദിയാകാന്‍ സാധിക്കില്ലെന്ന് സൗദി ബിന്‍ മിശ്അല്‍ ആലുസൗദ് പറഞ്ഞു.












Click it and Unblock the Notifications