സൗദി അറേബ്യ നിര്‍ണായക നീക്കത്തിന്; മദീനയിലെ സ്വര്‍ണം കുഴിച്ചെടുക്കും, ഇന്ത്യന്‍ കമ്പനി റെഡി
റിയാദ്: ക്രൂഡ് ഓയില്‍ വരുമാനമാണ് സൗദി അറേബ്യയുടെ സമ്പത്ത്. എക്കാലത്തും ഇതിനെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് ഭരണകൂടം മനസിലാക്കുന്നു. ഇതിന്റെ ഭാഗമായിട്ടാണ് വിഷന്‍ 2030 എന്ന പദ്ധതി തയ്യാറാക്കിയതും നടപ്പാക്കുന്നതും. വരുമാനം വൈവിധ്യവല്‍ക്കരിക്കുകയാണ് ലക്ഷ്യം. കായികം, വിനോദം, ടൂറിസം എന്നീ മേഖലകളെല്ലാം വികസിപ്പിക്കുന്നതിനൊപ്പമാണ് ഖനനം കൂടി കേന്ദ്രീകരിക്കുന്നത്.
സൗദി അറേബ്യയില്‍ ഖനനം വിപുലീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നിരവധി ഖനന കമ്പനികള്‍ക്ക് ലൈസന്‍സ് അനുവദിച്ചു. ഇന്ത്യയുടെ വേദാന്ത കമ്പനിയും ഇതില്‍പ്പെടും. പ്രാദേശികമായും അന്തര്‍ദേശീയമായും പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കാണ് ലൈസന്‍സ് നല്‍കിയിരിക്കുന്നത്. മദീന ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് സ്വര്‍ണ ഖനനം നടക്കാന്‍ പോകുന്നത്...

മദീനയിലെ ജബന്‍ സയിദിലാണ് പ്രധാന ഖനനം. ധാതു സമ്പന്നമാണ് ഈ പ്രദേശമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കൂടാതെ അസീറിലെ അല്‍ ഹജര്‍ പ്രദേശത്തും ഖനനം നടക്കും. സ്വര്‍ണത്തിന് പുറമെ ചെമ്പ്, സിങ്ക്, വെള്ളി എന്നിവയുടെ വന്‍ ശേഖരവും ഇവിടെയുണ്ടെന്നാണ് കരുതുന്നത്.
വേദാന്ത കമ്പനിക്ക് പുറമെ അജ്‌ലാന്‍ ആന്റ് ബ്രോസ് എന്ന കമ്പനികളുടെ കണ്‍സോര്‍ഷ്യം, ചൈനയുടെ സിജിന്‍ മൈനിങ് കമ്പനി എന്നിവയ്‌ക്കെല്ലാം ലൈസന്‍സ് കഴിഞ്ഞ ദിവസം സൗദി അറേബ്യ നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെയും ചൈനയുടെയും കമ്പനികള്‍ ഖനനത്തില്‍ ഏര്‍പ്പെടുന്നു എന്നതും എടുത്തു പറയേണ്ട കാര്യമാണ്.
366 ദശലക്ഷം സൗദി റിയാല്‍
അടുത്ത മൂന്ന് വര്‍ഷത്തേക്കാണ് ഖനനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. 4788 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്താണ് ഖനനം നടക്കുക. ഇതിന് വേണ്ടി 366 ദശലക്ഷം സൗദി റിയാല്‍ കമ്പനികള്‍ ചെലവഴിക്കും. വിദേശ കമ്പനികള്‍ കൂടുതലായി സൗദി അറേബ്യയില്‍ നിക്ഷേപം നടത്താന്‍ തയ്യാറാകുന്നു എന്നതാണ് പുതിയ മാറ്റം. 2030 ആകുമ്പോഴേക്കും വിദേശ നിക്ഷേപം 100 ബില്യണ്‍ ഡോളറാക്കി ഉയര്‍ത്തുകയാണ് സൗദിയുടെ ലക്ഷ്യം.
സൗദി അറേബ്യയുടെ പല ഭാഗങ്ങളിലും വന്‍ ധാതു സമ്പത്ത് ഒളിഞ്ഞുകിടപ്പുണ്ട് എന്നാണ് കരുതുന്നത്. 2.5 ലക്ഷം കോടി ഡോളറിന്റെ പ്രകൃതി വിഭവമാണ് കണക്കാക്കുന്നത്. ഇവ ഖനനം ചെയ്യാന്‍ സാധിച്ചാല്‍ സൗദിക്ക് നേട്ടമാകും. അതുവഴി വിദേശ ഖനന കമ്പനികള്‍ക്കും ഗുണമാകും. സൗദി അറേബ്യയില്‍ ജോലി സാധ്യതകള്‍ ഏറുമെന്നതും നേട്ടമാണ്. പ്രത്യേകിച്ച് ഇന്ത്യന്‍ പ്രവാസികള്‍ ജോലി ആവശ്യാര്‍ഥം സൗദിയെ കൂടുതല്‍ ആശ്രയിക്കുന്ന സാഹചര്യത്തില്‍.
2022 മുതല്‍ വിദേശ ഖനന കമ്പനികള്‍ക്ക് സൗദി അറേബ്യ ലൈസന്‍സ് അനുവദിക്കാന്‍ തുടങ്ങിയത്. മദീനയിലും അസീറിലും ഖനനം തുടങ്ങുന്നതോടെ വലിയ വരുമാനം സൗദിയിലെ ഖജനാവിലെത്തും. ഇതിന് പുറമെ പതിവ് ക്രൂഡ് ഓയില്‍ ഖനനവും സൗദിയില്‍ സജീവമാണ്. ടൂറിസം, വിനോദം, കായികം എന്നീ മേഖലയും സൗദി അറേബ്യ കൂടുതലായി ശ്രദ്ധ പതിപ്പിക്കുന്നുണ്ട്.
2034ലെ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം നടക്കാന്‍ പോകുന്നത് സൗദി അറേബ്യയിലാണ്. ഇതിന് വേണ്ടിയുള്ള പശ്ചാത്തലം ഒരുക്കാന്‍ തുടങ്ങിക്കഴിഞ്ഞു. ഐപിഎല്‍ മോഡലില്‍ ക്രിക്കറ്റ് മല്‍സരം തുടങ്ങാനും സൗദി ആലോചിക്കുന്നുണ്ട്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഐസിസിയുടെ അനുമതി കൂടി ലഭിച്ചല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും.












Click it and Unblock the Notifications