സൗദി അറേബ്യ യാത്ര ഇനി എളുപ്പം; സര്‍വീസ് വര്‍ധിപ്പിച്ച് ഫ്‌ളൈനാസ്, ഒപ്പം സൗദിയ എയര്‍ലൈന്‍സും
കോഴിക്കോട്: സൗദി അറേബ്യയിലുള്ള പ്രവാസികള്‍ക്ക് സന്തോഷം നല്‍കുന്ന വിവരമാണ് വന്നിരിക്കുന്നത്. സൗദി അറേബ്യയിലെ ബജറ്റ് എയര്‍ലൈന്‍ ആയ ഫ്‌ളൈനാസ് കോഴിക്കോട് നിന്നുള്ള സര്‍വീസുകളുടെ എണ്ണം കൂട്ടാന്‍ തീരുമാനിച്ചു. സൗദിയ എയര്‍ലൈന്‍സ് വൈകാതെ കോഴിക്കോട് നിന്ന് സര്‍വീസ് പുനരാരംഭിക്കുമെന്നാണ് മറ്റൊരു വിവരം.
റിയാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫ്‌ളൈനാസ് 2007ല്‍ നാസ് എയര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് ഫ്‌ളൈനാസ് എന്ന് പുനര്‍ നാമകരണം ചെയ്യുകയായിരുന്നു. ഏഷ്യയിലെ വിവിധ രാജ്യങ്ങളിലേക്ക് ഈ വിമാനം സര്‍വീസ് നടത്തുന്നുണ്ട്. 2019 മുതലാണ് കരിപ്പൂര്‍ സര്‍വീസ് ആരംഭിച്ചത്. അന്ന് മൂന്ന് സര്‍വീസ് ആയിരുന്നു. അടുത്ത മാസം മതുല്‍ ആറാക്കി സര്‍വീസ് ഉയര്‍ത്തുകയാണ്. അറിയാം വിവരങ്ങള്‍...

കുറഞ്ഞ നിരക്കില്‍ സര്‍വീസ് സാധ്യമാക്കുന്ന വിമാന കമ്പനിയാണ് ഫ്‌ളൈനാസ്. റിയാദ്, ജിദ്ദ, ദമ്മാം, മദീന എന്നിവിടങ്ങളില്‍ നിന്ന് ഏഷ്യ, ആഫ്രിക്ക, ജിസിസി രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് ഫ്‌ളൈനാസ് സര്‍വീസ് നടത്തുന്നുണ്ട്. തിരക്കേറിയ റൂട്ടുകളില്‍ ഘട്ടങ്ങളായി സര്‍വീസ് ഉയര്‍ത്തി വരികയാണ്. ഇതിന്റെ ഭാഗമാണ് കോഴിക്കോട് നിന്നുള്ള സര്‍വീസ് എണ്ണം വര്‍ധിപ്പിക്കുന്നത്.
വിമാനത്തിന്റെ സമയം അറിയാം
2019 ഒക്ടോബറില്‍ കരിപ്പൂരില്‍ നിന്ന് സര്‍വീസ് തുടങ്ങിയ വേളയില്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിയായിരുന്നു യാത്ര. പിന്നീട് സര്‍വീസ് നാല് ദിവസമാക്കി ഉയര്‍ത്തി. അടുത്ത മാസം മുതല്‍ ആഴ്ചയില്‍ ആറ് ദിവസം സര്‍വീസ് നടത്തും. സെപ്തംബര്‍ രണ്ട് മുതലാണ് പുതിയ ഷെഡ്യൂള്‍ പ്രകാരമുള്ള സര്‍വീസ്. ഇതോടെ പ്രവാസികള്‍ക്ക് നാട്ടിലേക്കുള്ള യാത്രാ സൗകര്യം മെച്ചപ്പെടുകയാണ്.
ശനിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിലായിരിക്കും ഫ്‌ളൈനാസിന്റെ കോഴിക്കോട്-റിയാദ് യാത്ര. റിയാദില്‍ നിന്ന് അര്‍ധരാത്രി 12.45ന് പുറപ്പെടുന്ന വിമാനം രാവിലെ 8.20ന് കരിപ്പൂരിലെത്തും. രാവിലെ 9.10ന് മടങ്ങുന്ന വിമാനം 11.45ന് റിയാദിലെത്തും. ആറ് ദിവസം സര്‍വീസ് ഉള്ളതിനാല്‍ ടിക്കറ്റ് കിട്ടാതെ പ്രതിസന്ധി നേരിടില്ല. മാത്രമല്ല, നിരക്ക് കുറയാനുള്ള സാധ്യതയുമുണ്ട്. ജിദ്ദയില്‍ നിന്നുള്ള സര്‍വീസും പരിഗണനയിലാണ്.
സൗദിയ എയര്‍ലൈന്‍സ് വീണ്ടും വരുന്നു
ഒക്ടോബര്‍ 27 മുതല്‍ റിയാദ് കോഴിക്കോട് റൂട്ടില്‍ സൗദിയ എയര്‍ലൈന്‍സ് സര്‍വീസ് തുടങ്ങുമെന്നാണ് അനൗദ്യോഗിക വിവരം. 2020 ആഗസ്റ്റില്‍ കരിപ്പൂരില്‍ വിമാന ദുരന്തമുണ്ടായ വേളയില്‍ സര്‍വീസ് നിര്‍ത്തിവച്ചതാണ് ഈ വിമാനം. വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു സര്‍വീസ് നിര്‍ത്തിവച്ചത്.
സൗദിയ എയര്‍ലൈന്‍സ് കരിപ്പൂര്‍ സര്‍വീസ് ആരംഭിച്ചാല്‍ ഹജ്ജ് തീര്‍ഥാടകര്‍ക്ക് നേട്ടമാകും. വലിയ വിമാനങ്ങള്‍ക്ക് മാത്രമാണ് ഹജ്ജ് സര്‍വീസിന്റെ ടെന്‍ഡറില്‍ പങ്കെടുക്കാന്‍ സാധിക്കുക. സൗദിയ സര്‍വീസ് നിര്‍ത്തിയതോടെ എയര്‍ ഇന്ത്യ മാത്രമാണ് ഹജ്ജ് സര്‍വീസ് നടത്തുന്നത്. ഇതോെട കോഴിക്കോട് നിന്നുള്ള ഹജ്ജ് യാത്ര വലിയ നഷ്ടമായിരുന്നു. പുതിയ സാഹചര്യത്തില്‍ ഹാജിമാര്‍ക്കും ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.












Click it and Unblock the Notifications