സൗദി അറേബ്യ തന്ത്രം മാറ്റി; ഒമാന്‍ വഴി ഹൂതികളെ ബന്ധപ്പെട്ടു എന്ന് റിപ്പോര്‍ട്ട്, രണ്ടാഴ്ച വെടിനിര്‍ത്തണം
ഹൂതികള്‍ ചെങ്കടല്‍ തീരത്തെ കൂടുതല്‍ പ്രദേശങ്ങള്‍ നിയന്ത്രണത്തിലാക്കുന്ന വേളയില്‍ സൗദി അറേബ്യ തന്ത്രം മാറ്റുന്നു എന്ന് റിപ്പോര്‍ട്ട്. ഹൂതികളെ ചര്‍ച്ചയിലൂടെ വരുതിയിലാക്കാനാണ് നീക്കം. ഒമാന്‍ വഴി ഹൂതികള്‍ക്ക് സുപ്രധാന സന്ദേശം കൈമാറി എന്ന് ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ലബ്‌നാനിലെ അല്‍ അക്ബര്‍ പത്രത്തെ ഉദ്ധരിച്ചാണ് വാര്‍ത്ത.
രണ്ടാഴ്ച വെടി നിര്‍ത്തണം എന്ന നിര്‍ദേശമാണ് സൗദി അറേബ്യ ഒമാന്‍ വഴി ഹൂതികള്‍ക്ക് മുമ്പില്‍ വച്ചതത്രെ. ഇതിന് ശേഷം സൗദിയും ഹൂതികളും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ച ആരംഭിക്കാമെന്നും നിര്‍ദേശംവച്ചു. യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങളാണ് സൗദിയുടെ ഭാഗത്ത് നിന്ന് നടക്കുന്നത് എന്നാണ് ഇതില്‍ നിന്ന് മനസിലാകുന്നത്. അമേരിക്ക സൈനികമായി ഇടപെടില്ലെന്ന് വ്യക്തമാക്കിയ പിന്നാലെ സൗദി ട്രാക്ക് മാറ്റുകയാണ്.

സൗദി അറേബ്യയും ഹൂതികളും മുമ്പ് നടത്തിയ ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിച്ചത് ഒമാന്‍ ആയിരുന്നു. ഹൂതികളുമായി അടുപ്പം നിലനിര്‍ത്തുന്നവരാണ് ഒമാന്‍. ഈ ബന്ധം ഉപയോഗപ്പെടുത്തി സമവായ സാധ്യതകള്‍ ആരായുകയാണ് സൗദി. രണ്ടാഴ്ച വെടിനിര്‍ത്തലും ശേഷം നേരിട്ടുള്ള ചര്‍ച്ചയും നടത്തി രംഗം ശാന്തമാക്കാനാണ് ആലോചന.
ഹൂതികളുമായി കഴിഞ്ഞ ദിവസം അമേരിക്ക ചര്‍ച്ച നടത്തിയിരുന്നു. ഒമാനിലെ യുഎസ് എംബസിയിലാണ് ചര്‍ച്ച നടന്നത്. അമേരിക്കയുടെയും ഇസ്രായേലിന്റെയും കപ്പലുകള്‍ ചെങ്കടലില്‍ വച്ച് ആക്രമിക്കരുത് എന്ന ആവശ്യമാണ് അമേരിക്ക മുന്നോട്ട് വെച്ചത്. ഇക്കാര്യം ഹൂതികള്‍ അംഗീകരിച്ചെന്നും പകരം യമനില്‍ ഇടപെടരുത് എന്ന് അവര്‍ ആവശ്യപ്പെട്ടു എന്നുമാണ് വാര്‍ത്തകള്‍ വന്നത്.
ഹൂതികള്‍ക്കെതിരെ സൈനിക നീക്കത്തിന് സൗദി അറേബ്യ പല രാജ്യങ്ങളുമായി സംസാരിച്ചിരുന്നു. അമേരിക്ക സൈനികമായി ഇടപെടാന്‍ വിസമ്മതിച്ചു എന്നും രഹസ്യവിവരങ്ങളും ആയുധങ്ങളും നല്‍കി സഹായിക്കാമെന്ന നിലപാട് സ്വീകരിച്ചു എന്നുമാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്ക മുഖം തിരിച്ച സാഹചര്യത്തിലാണ് സൗദി അറേബ്യയും ചര്‍ച്ചയുടെ വഴി തേടുന്നത്.
ഒമാനിലെ മധ്യസ്ഥര്‍ ഇനി യമനിലെ ഹൂതികളെ സൗദിയുടെ നിലപാട് അറിയിക്കണം. ഹൂതികള്‍ എന്തു സമീപനം സ്വീകരിക്കും എന്നത് നിര്‍ണായകമാണ്. യമനിലെ തുറമുഖങ്ങള്‍ക്ക് എതിരായ ഉപരോധം സൗദി അറേബ്യ പിന്‍വലിക്കണം എന്നാണ് നേരത്തെയുള്ള ഹൂതികളുടെ പ്രധാന ആവശ്യം. യമനിലെ ആഭ്യന്തര കാര്യങ്ങളില്‍ സൗദി ഇടപെടരുത് എന്നും ഹൂതികള്‍ ആവശ്യപ്പെട്ടിരുന്നു. അതേ ഉപാധികള്‍ വീണ്ടും മുന്നോട്ട് വെക്കാനാണ് സാധ്യത. ഹൂതികളുമായി ഉടക്കിയതിനെ തുടര്‍ന്ന് ചെങ്കടല്‍ വഴിയുള്ള എണ്ണ കയറ്റുമതി സൗദിക്ക് അസാധ്യമായിരിക്കുകയാണ്. മത്രമല്ല, സൗദിയിലേക്ക് അവര്‍ ആക്രമണം ശക്തമാക്കുകയും നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications
