യുഎഇ മുതല്‍ ഖത്തറും സൗദിയും നട്ടം തിരിയും: ലോകും പൊറുതിമുട്ടും: ഇറാന്‍ ആ കടുത്ത തീരുമാനം എടുക്കുമോ?
ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷത്തില്‍ അമേരിക്കയുടെ ഭാഗത്ത് നിന്നും ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകളുണ്ടായായ ഹോർമൂസ് കടലിടുക്ക് അടക്കുമെന്ന ഭീഷണി ഉയർത്തിയിരിക്കുകയാണ് ഇറാന്‍. 'അമേരിക്ക ഇസ്രയേലിന് ഔദ്യോഗികമായി പിന്തുണ നൽകിയാൽ, ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ തയ്യാറാകും' ഇറാൻ പാർലമെന്റ് അംഗമായ അലി യാസ്തികാഹ് മെഹർ വാർത്താ ഏജൻസിയോട് പറഞ്ഞു.
'ശത്രുക്കൾക്ക് മറുപടി നൽകാൻ ഇറാന് നിരവധി മാർഗങ്ങളുണ്ട്, അതിൽ ഒന്നാണ് ഹോർമുസ് കടലിടുക്ക് അടയ്ക്കുക' എന്ന് നാഷണൽ സെക്യൂരിറ്റി കമ്മിറ്റി അംഗമായ ബെഹ്നാം സയീദിയും വ്യക്തമാക്കി. ഏതെങ്കിലും സാഹചര്യത്തില്‍ ഇറാന്‍ ഹോർമൂസ് കടലിടുക്ക് അടയ്ക്കുകയാണെങ്കില്‍ അത് ക്രൂഡ് ഓയില്‍ വിലയില്‍ വലിയ കുതിപ്പുണ്ടാക്കുന്നതിന് കാരണമാകും.

ഹോർമുസ് കടലിടുക്കിന്റെ പ്രാധാന്യം
മിഡിൽ ഈസ്റ്റിലെ പേർഷ്യൻ ഗൾഫിനെ ഒമാൻ ഗൾഫ്, അറേബ്യൻ കടൽ എന്നിവയുമായി ബന്ധിപ്പിക്കുന്ന ഒരു ഇടുങ്ങിയ ജലപാതയാണ് ഹോർമുസ് കടലിടുക്ക്. ഏറ്റവും ഇടുങ്ങിയ ഭാഗത്ത് ഏകദേശം 21 മൈൽ വീതിയാണുള്ളത്, രണ്ട് ദിശകളിലേക്കുമുള്ള രണ്ട് മൈൽ വീതിയുള്ള കപ്പൽ പാതകളോടുകൂടിയാണ് ഇത്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജലപാതകളിൽ ഒന്നാണിത്. ഒരു വശത്ത് ഇറാനും മറുവശത്ത് യു എ ഇ, ഒമാന്‍ എന്നീ രാജ്യങ്ങളും സ്ഥിതി ചെയ്യുന്നു.
ലോക എണ്ണ വ്യാപാരത്തിന്റെ ഏകദേശം 26 ശതമാനവും ഈ കടലിടുക്കിലൂടെയാണ് നടക്കുന്നത്. അതായത് ഉണ്ടാകുന്ന ഏതൊരു തടസ്സവും ആഗോള എണ്ണ വിപണികളിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അന്താരാഷ്ട്ര ഊർജ ഏജൻസി മുന്നറിയിപ്പ് നൽകുന്നത്. ഈ പാതയില്‍ തടസ്സപ്പെട്ടാൽ, ആഗോള സമ്പദ്‌വ്യവസ്ഥ കുറച്ച് ആഴ്ചകൾക്കുള്ളിൽ തകർച്ചയിലേക്ക് നീങ്ങുമെന്ന് വിലയിരുത്തപ്പെടുന്നു.
ഹോർമൂസ് കടലിടുക്ക് അടയ്ക്കുകയാണെങ്കില്‍ അത് യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്റൈന്‍, സൌദി അറേബ്യ എന്നീ രാജ്യങ്ങളുടെ കടല്‍വഴിയുള്ള വ്യാപാരത്തെ വലിയ രീതിയില്‍ ബാധിക്കും. ലോകത്തേക്കുള്ള ക്രൂഡ് ഓയില്‍ വിതരണത്തില്‍ 26 ശതമാനം തടസ്സപ്പെടുന്നത് വലിയ തോതിലുള്ള വിലക്കയറ്റത്തിനും സാമ്പത്തിക പ്രതിസന്ധികള്‍ക്കും കാരണമാകു.
ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാന് കഴിയുമോ?
ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ തങ്ങള്‍ക്ക് കഴിയുമെന്ന് ഇറാൻ ദീർഘകാലമായി വാദിക്കുന്ന കാര്യമാണ്. ഒരു റോഡ് അടയ്ക്കുന്നതുപോലെ ഈ ജലപാത മുഴുവനായി അടയ്ക്കുക എളുപ്പമല്ല. എന്നാൽ, ഗതാഗതത്തിന് അപകടകരമായ സാഹചര്യം സൃഷ്ടിച്ച് ആഗോള കപ്പൽ ഗതാഗതം തടസ്സപ്പെടുത്താൻ ഇറാന് ശ്രമിക്കാം. അതായത് വിലക്ക് ലംഘിച്ച് ഇതുവഴി പോകുന്ന കപ്പലുകള്‍ക്കെതിരെ ആക്രമണം ഉണ്ടാകുമെന്ന ഒരു ഭീഷണി മാത്രം മതിയെന്ന് സാരം.
1980-കളിലെ ഇറാൻ-ഇറാഖ് യുദ്ധകാലത്ത്, ഹോർമൂസ് വഴി സഞ്ചരിച്ച എണ്ണ ടാങ്കറുകളെയും എണ്ണ ലോഡിംഗ് സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തിയിരുന്നു. ചൈനീസ് നിർമിത സിൽക്വോം മിസൈലുകളും ഹൈ-സ്പീഡ് ബോട്ടുകളും ഉപയോഗിച്ചാണ് ഇറാൻ അന്ന് ആക്രമണം നടത്തിയത്. ഈ നടപടികളിലൂടെ കടലിടുക്ക് പൂർണമായി അടയ്ക്കാൻ കഴിഞ്ഞില്ലെങ്കിലും വിലക്കയറ്റം ഉള്‍പ്പെടേയുള്ള വലിയ പ്രതിസന്ധികള്‍ അന്നുമുണ്ടായി.
'ഇറാൻ ഒറ്റയടിക്കല്ല, ഘട്ടംഘട്ടമായി ഈ പ്രദേശം അടയ്ക്കാൻ ശ്രമിച്ചേക്കാം. കുറഞ്ഞ തോതിലുള്ള ആക്രമണങ്ങളിൽ തുടങ്ങി, പിന്നീട് കൂടുതൽ ശക്തമായ ആക്രമണങ്ങളിലേക്ക് നീങ്ങിയേക്കാം.' എന്നായിരുന്നു 2012-ൽ അമേരിക്കൻ കോൺഗ്രസ് റിസർച്ച് സർവീസ് പുറത്തിറക്കിയ ഒരു റിപ്പോർട്ടില്‍ പറഞ്ഞിരുന്നത്.
ഇറാന് എന്തൊക്കെ ചെയ്യാൻ കഴിയും
ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ ചുവടെ പറയുന്ന നടപടികൾ സ്വീകരിച്ചേക്കാം:
- കടലിടുക്കിലേക്ക് പ്രവേശിക്കുന്ന കപ്പലുകൾക്ക് എന്ത് സംഭവിക്കുമെന്ന് വ്യക്തമാക്കാതെ, ജലപാത അടച്ചുവെന്ന് പ്രഖ്യാപിക്കുക. ഇതുവഴ കപ്പലുകളെ ഭയപ്പെടുത്തുക.
- പേർഷ്യൻ ഗൾഫിന്റെ മറ്റ് ഭാഗങ്ങളിലോ കടലിടുക്കിലോ സഞ്ചരിക്കുന്ന കപ്പലുകളെ തടഞ്ഞുവെക്കുകയോ ആക്രമിക്കുകയോ ചെയ്യുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുക.
- കടലിടുക്കിലോ ഗൾഫിന്റെ മറ്റ് ഭാഗങ്ങളിലോ സഞ്ചരിക്കുന്ന കപ്പലുകൾക്ക് നേരെ വെടിവയ്പ്പ് നടത്തുക.
- കടലിടുക്കിലോ ഗൾഫിന്റെ മറ്റ് ഭാഗങ്ങളിലോ കടൽ മൈനുകൾ ഉപയോഗിക്കുക.
- സബ്മറൈനുകൾ, ഉപരിതല കപ്പലുകൾ, തീരപ്രദേശ മിസൈലുകൾ, വിമാനങ്ങൾ എന്നിവ ഉപയോഗിച്ച് കടലിടുക്കിന് പുറത്തുള്ള വിദേശ നാവിക കപ്പലുകളെ ആക്രമിക്കുക.
- ഇത്തരം നടപടികൾ കപ്പലുകൾ ഈ പ്രദേശത്തേക്ക് വരുന്നത് ഒഴിവാക്കാൻ ഇടയാക്കും, ഇതും വൻ സാമ്പത്തിക തകർച്ചയിലേക്ക് നയിക്കും.












Click it and Unblock the Notifications