യുഎഇ അല്ല, ചെലവ് കുറഞ്ഞ ജിസിസി രാജ്യം മറ്റൊന്നാണ്; ഖത്തറും സൗദി അറേബ്യയും നേരിയ ഭേദം
ദുബായ്: ഓരോ രാജ്യത്തും ജീവിക്കുന്നതിന് വ്യത്യസ്തമായ ചെലവായിരിക്കും. ചില രാജ്യങ്ങളില്‍ ഉയര്‍ന്ന ചെലവ് വരും, മറ്റു ചില രാജ്യങ്ങളില്‍ താരതമ്യേന കുറവും. വീട്, ഭക്ഷണം, യാത്ര തുടങ്ങി ദൈനംദിന ആവശ്യങ്ങള്‍ക്ക് വേണ്ടി വരുന്ന ചെലവുകള്‍ കണക്കാക്കിയാണ് ഇക്കാര്യം തീരുമാനിക്കുക. ജീവിത നിലവാര സൂചിക തയ്യാറാക്കുന്ന ഡാറ്റ പ്ലാറ്റ്‌ഫോം ആണ് നമ്പിയോ.
ഓരോ രാജ്യങ്ങളിലും താമസിക്കുന്നവരില്‍ നിന്ന് പ്രതികരണം എടുത്താണ് ഇവര്‍ സൂചിക തയ്യാറാക്കുന്നത്. വ്യക്തികള്‍ക്കും വ്യവസായികള്‍ക്കുമെല്ലാം ഈ സൂചിക ഉപകാരപ്പെടും. ഓരോ രാജ്യങ്ങളിലെയും ജീവിത ചെലവ് തമ്മിലുള്ള വ്യത്യാസം എന്താണ്, എന്തുകൊണ്ട് ചെലവ് കൂടുന്നു എന്നെല്ലാം ഇതില്‍ നിന്ന് മനസിലാക്കാം. ജിസിസി രാജ്യങ്ങളിലെ ജീവിത ചെലവ് കണക്കുകള്‍ പുറത്തുവിട്ടിരിക്കകുയാണ് നമ്പിയോ.

Ai Generated Image
സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ എന്നീ ആറ് രാജ്യങ്ങളാണ് ജിസിസിയിലുള്ളത്. ഇതില്‍ ഒമാനിലാണ് ഏറ്റവും ചെലവ് കുറവ് എന്ന് നമ്പിയോ ഡാറ്റ പ്ലാറ്റ്‌ഫോം പറയുന്നു. കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും താരതമ്യേന കുറഞ്ഞ ചെലവില്‍ താമസിക്കാന്‍ പറ്റിയ ഇടം ഒമാന്‍ ആണത്രെ. മെച്ചപ്പെട്ട ജീവിതം കുറഞ്ഞ നിരക്കില്‍ നയിക്കാമെന്നതാണ് ഒമാന്റെ നേട്ടം.
നാലംഗ കുടുംബത്തിന് ഒമാനില്‍ ജീവിക്കാന്‍ ഒരു മാസം വേണ്ടത് 9597 ദിര്‍ഹമാണ്. ഒരാള്‍ക്ക് ശരാശരി 2773 ദിര്‍ഹം. വാടക ഒഴിച്ചാണ് ഈ കണക്ക്. യുഎഇയുമായി താരതമ്യം ചെയ്യുമ്പോള്‍ ഒമാനിലെ ജീവിത ചെലവ് 26.5 ശതമാനം കുറവാണ്. വാടക ഇനത്തിലുള്ള നിരക്ക് ഒമാനില്‍ കുറവാണ് എന്നാണ് വിലയിരുത്തല്‍. ഒമാനിലെ മിക്ക ജനങ്ങളും സാധാരണ ജീവിതം നയിക്കുന്നു എന്നതും ജീവിത ചെലവ് കുറയാന്‍ കാരണമാണ്.
2 മുതല്‍ 6 വരെയുള്ള രാജ്യങ്ങള്‍
ജീവിത ചെലവ് കുറഞ്ഞ ജീസിസി രാജ്യത്തില്‍ രണ്ടാം സ്ഥാനത്ത് ബഹ്‌റൈന്‍ ആണ്. ഇവിടെ ഒരു കുടംബത്തിന് പ്രതിമാസ ചെലവ് 10496 ദിര്‍ഹമാണ്. വ്യക്തികള്‍ക്ക് 2968 ദിര്‍ഹവും. ദുബായില്‍ ജീവിക്കുന്നതിനേക്കാള്‍ 25 ശതമാനം ചെലവ് കുറവാണ് മനാമയില്‍. വാടക ഇനത്തില്‍ 65 ശതമാനവും കുറവുണ്ട്. കുവൈത്ത് ആണ് ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്. 11105 ദിര്‍ഹമാണ് ഇവിടെ ഒരു കുടുംബത്തിന്റെ ചെലവ്.
ദുബായിലേക്കാള്‍ 27 ശതമാനം ജീവിത ചെലവ് കുറവാണത്രെ കുവൈത്ത് സിറ്റിയില്‍. വാടക ഇനത്തില്‍ ശരാശരി 61 ശതമാനം കുറവുണ്ട്. 11716 ദിര്‍ഹം ചെലവ് വരുന്നുണ്ട് ഖത്തറില്‍. ദുൂബായിലേക്കാള്‍ 20 ശതമാനം ചെലവ് കുറവാണ് ദോഹയില്‍. വാടക ഇനത്തില്‍ 38 ശതമാനവും കുറവുണ്ട്. സൗദി അറേബ്യയിലെ പ്രതിമാസ കുടുംബ ചെലവ് 12167 ദിര്‍ഹം ആണ് എന്ന് നമ്പിയോ ഡാറ്റ വ്യക്തമാക്കുന്നു.
ദുബായിലേക്കാള്‍ 19 ശതമാനം ജീവിത ചെലവ് കുറവാണ് റിയാദില്‍. വാടക ഇനത്തില്‍ 55 ശതമാനവും കുറവുണ്ട്. ജിസിസിയില്‍ ഏറ്റവും ചെലവ് കൂടിയ രാജ്യം യുഎഇയാണ് എന്നാണ് നമ്പിയോ ഡാറ്റ പറയുന്നത്. ദുബായില്‍ കുടുംബത്തിന്റെ പ്രതിമാസ ചെലവ് 14765 ദിര്‍ഹമാണ്. അബുദാബിയില്‍ ഇതിനേക്കാള്‍ നേരിയ കുറവുണ്ട്. അതായത്, 12403 ദിര്‍ഹം. ദുബായിലേക്കാള്‍ 34 ശതമാനം വാടക കുറവാണ് അബുദാബിയില്‍. എന്നാല്‍ മറ്റു ജിസിസി രാജ്യങ്ങളിലെ തലസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അബുദാബിയില്‍ കൂടുതലാണ്.












Click it and Unblock the Notifications