യുഎഇയുടെ "അഹങ്കാരം" തീരാന്‍ പോകുന്നു: 2028 ല്‍ സൗദി അറേബ്യ ആ അത്ഭുതം തുറക്കും
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യു എ ഇയുടെ സ്വന്തം ബുർജ് ഖലീഫയാണെന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ അധികം താമസിയാതെ തന്നെ സൗദി അറേബ്യ ആ റെക്കോർഡ് തകർക്കാന്‍ പോകുകയാണ്. നിലവില്‍ തകൃതിയായി നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ജിദ്ദ ടവറായിരിക്കും ബുർജ് ഖലീഫയുടെ റെക്കോർഡ് മറികടക്കുക.
പ്രശസ്ത വാസ്തുശില്പികളായ അഡ്രിയാൻ സ്മിത്ത് മും ഗോർഡൻ ഗിൽ മും രൂപകൽപ്പന ചെയ്ത ജിദ്ദ ടവർ 2028 ല്‍ നിർമ്മാണം പൂർത്തിയാക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബുർജ് ഖലീഫയുടെ ഉയരം 2722 അടിയാണെങ്കില്‍ ജിദ്ദ ടവർ പണി പൂർത്തികരിക്കപ്പെടുമ്പോഴുള്ള ഉയരം 3281 അടിയായിരിക്കും. ജിദ്ദ ഇക്കണോമിക് സിറ്റി എന്ന 20 ബില്യൺ ഡോളറിന്റെ പദ്ധതിയുടെ കേന്ദ്രബിന്ദുവായിട്ട് കൂടിയായിട്ടാണ് ജിദ്ദ ടവർ ഉയർന്ന് വരുന്നത്.

സൗദി അറേബ്യയുടെ 'പുതിയ വളർച്ച' എന്ന ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഈന്തപ്പനയുടെ ഇലകൾക്ക് സമാനമായ രൂപത്തിലാണ് ജിദ്ദ ടവർ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഗോള്‍ഡന്‍ ഗില്‍ വ്യക്തമാക്കുന്നത്. മണ്ണിൽ നിന്ന് ഉയർന്നുവരുന്ന ഇലകളുടെ കെട്ടിനെ അനുസ്മരിപ്പിക്കുന്ന ഈ രൂപകൽപ്പന, പ്രദേശത്തിന്റെ സ്വാഭാവിക സസ്യജന്തുജാലങ്ങളെ ആദരിക്കുകയും പുതുമയുടെയും പുരോഗതിയുടെയും പ്രതീകമായി നിലകൊള്ളുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പൂർത്തിയാകുമ്പോൾ ജിദ്ദ ടവറിന് ബുർജ് ഖലീഫയേക്കള്‍ 568 അടിയോളം ഉയരുമുണ്ടാകും. മനുഷ്യന്റെ കഴിവും അഭിലാഷവും പ്രകടമാക്കുന്ന ഈ കെട്ടിടത്തില്‍ ആഡംബര ഹോട്ടൽ, ഓഫീസ് സ്പെയിസ്, അപ്പാർട്ട്മെന്റുകൾ എന്നിവയെല്ലാം ഉണ്ടാകും. 157-ാം നിലയിലുള്ള ലോകത്തിലെ ഏറ്റവും ഉയർന്ന ഒബ്സർവേറ്ററി, സന്ദർശകർക്ക് അതിമനോഹരമായ കാഴ്ചാനുഭവം വാഗ്ദാനം ചെയ്യും.
കോവിഡ്-19 മഹാമാരി മൂലം നിർമാണം വൈകിയെങ്കിലും, ഇപ്പോൾ പദ്ധതി പൂർവാധികം ശക്തിയോടെ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 2013-ൽ ആരംഭിച്ച ജിദ്ദ ടവറിന്റെ നിർമാണം, മഹാമാരി ഉൾപ്പെടെയുള്ള വിവിധ വെല്ലുവിളികൾ നേരിട്ടുകൊണ്ടാണ് മുന്നോട്ട് പോകുന്നത്. പദ്ധതിയുടെ മൊത്തം ചെലവ് 1.2 ബില്യൺ ഡോളറായി കണക്കാക്കപ്പെടുന്നു, എങ്കിലും കൃത്യമായ ചെലവ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
സാമ്പത്തിക പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുക, ടൂറിസം ആകർഷിക്കുക, തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്നിവയ്‌ക്ക് പുറമേ, ജിദ്ദ ഇക്കണോമിക് സിറ്റിയുടെ കൂടുതൽ വികസനത്തിനും ടവർ നിർമ്മാണം ഉത്തേജകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജിദ്ദ ടവർ വാസ്തുശില്പത്തിന്റെ മാത്രമല്ല, എഞ്ചിനീയറിംഗിന്റെയും സാങ്കേതികവിദ്യയുടെയും ഒരു അത്ഭുതം കൂടിയാണ്.
59 എലിവേറ്ററുകൾ, സിംഗിൾ, ഡബിൾ-ഡെക്ക് വേർഷനുകൾ ഉൾപ്പെടെ, 12 എസ്‌കലേറ്ററുകൾ എന്നിവ ഉൾക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും സങ്കീർണ്ണമായ എലിവേറ്റർ സംവിധാനങ്ങളിലൊന്നും ജിദ്ദ ടവറില്‍ ഉണ്ടായിരിക്കും. ഒബ്സർവേറ്ററിയിലേക്കുള്ള എലിവേറ്ററുകൾ സെക്കൻഡിൽ 33 അടി വേഗത്തിൽ സഞ്ചരിക്കുമെന്നും റിപ്പോർട്ടുകള്‍ പറയുന്നു
ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാഷ്ട്രമാണെങ്കില്‍ എണ്ണാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയെ മറികടന്ന് ഒരു വൈവിധ്യമുള്ള, സുസ്ഥിരവും നവീനവുമായ ഭാവി രൂപപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ തീവ്രമായി തന്നെ നടത്തുകയാണ് സൗദി അറേബ്യ 2016-ൽ പ്രഖ്യാപിച്ച സൗദി വിഷൻ 2030 എന്ന ദേശീയ പദ്ധതയാണ് ഇതിന്റെ കേന്ദ്രബിന്ദു. 2025-ൽ, പദ്ധതി അവസാനിക്കുന്നതിന് അഞ്ച് വർഷങ്ങൾ മാത്രം ബാക്കി നില്‍ക്കെ സാമ്പത്തിക വൈവിധ്യവൽക്കരണം, സാമൂഹിക പരിഷ്കരണങ്ങൾ, പരിസ്ഥിതി സുസ്ഥിരത എന്നിവയിൽ ശ്രദ്ധേയമായ പുരോഗതി കൈവരിക്കാന്‍ രാജ്യത്തിന് സാധിച്ചിട്ടുണ്ട്.
സൗദി അറേബ്യയുടെ വരുംകാല വികസനത്തിന്റെ കാതൽ ഗിഗാ പ്രോജക്ടുകളാണ്. 2025-ൽ, ഈ പ്രോജക്ടുകളിൽ നിർമാണം ത്വരിതപ്പെടുത്തി, ടൂറിസം, നിർമാണം, സാങ്കേതികവിദ്യ എന്നിവയിൽ ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കലാണ് പ്രധാന ലക്ഷ്യം. നിയോം, റെഡ് സീ പ്രോജക്ട്, കിദ്ദിയ, ആണ് ഗിഗാ പദ്ധതികളിലെ ശ്രദ്ധാകേന്ദ്രം.












Click it and Unblock the Notifications