സൗദി അറേബ്യയില്‍ നിന്ന് അവര്‍ മടങ്ങി; 5 ദിവസം നീണ്ട ചര്‍ച്ച, പ്രതീക്ഷ കൈവിടാതെ ഒമാന്‍
റിയാദ്: സമ്പത്തില്‍ ഏത് രാജ്യങ്ങളുമായും കിടപിടിക്കുന്നവരാണ് ജിസിസിയിലെ ആറ് ശക്തികളും. എണ്ണ കണ്ടെത്തിയത് മുതല്‍ കുതിച്ചുയര്‍ന്ന യുഎഇയും സൗദി അറേബ്യയും കുവൈത്തുമെല്ലാം ഇന്നും ഒളി മങ്ങാതെ നില്‍ക്കുന്നു. ഈ രാജ്യങ്ങളില്‍ ജോലി ചെയ്ത് മലയാളികള്‍ കൈവരിച്ച നേട്ടങ്ങളും ചെറുതല്ല. എന്നാല്‍ സമ്പത്തില്‍ ആറാടുന്ന ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തൊട്ടരികില്‍ ഒരു ദരിദ്ര രാഷ്ട്രമുണ്ട്.
സംഘര്‍ഷ കലുഷിതമാകുന്നതിന് മുമ്പ് പ്രതാപത്തിന്റെ കഥ പറയാനുള്ള രാജ്യമാണ് യമന്‍. എന്നാല്‍ ഗോത്രങ്ങളുടെ പോരും വിദേശ ശക്തികളുടെ ഇടപെടലുകളുമെല്ലാം ഈ രാജ്യത്തെ കൂടുതല്‍ തരിപ്പണമാക്കി. ഇന്ന് ലോകത്തെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളിലാണ് യമന്‍. മറ്റു രാജ്യങ്ങള്‍ നല്‍കുന്ന സഹായമാണ് ഇവരുടെ മുതല്‍ക്കൂട്ട്.

യമനിലെ സര്‍ക്കാരുകള്‍ എപ്പോഴും സൗദി അറേബ്യയുമായി ഒട്ടി നിന്നവരായിരുന്നു. അലി അബ്ദുല്ലാ സ്വാലിഹ് 25 വര്‍ഷത്തോളം ഏകാധിപതിയായി തുടര്‍ന്ന നാട്ടില്‍ 2011ലാണ് ആഭ്യന്തര യുദ്ധം രൂക്ഷമായത്. പിന്നീട് സ്വാലിഹ് സൗദിയിലേക്ക് നാടുവിട്ടു. ശേഷം വന്ന അബ്ദുല്‍ മന്‍സൂര്‍ ഹാദിയും സൗദിയിലേക്ക് രക്ഷപ്പെട്ടു. ആഭ്യന്തര യുദ്ധം കൊടുമ്പിരി കൊണ്ടതിന് മറവിലാണ് ഹൂത്തികള്‍ രാജ്യം പിടിച്ചത്.
യമനിലെ ഷിയാ വിഭാഗക്കാരാണ് ഹൂത്തികള്‍. ഇറാന്റെ പിന്തുണ ഇവര്‍ക്കുണ്ടെന്നാണ് കരുതുന്നത്. യമന്റെ ഭൂരിഭാഗവും ഇന്ന് ഹൂത്തികളുടെ നിയന്ത്രണത്തിലാണ്. ഇവരെ തുരത്തുക എന്ന ലക്ഷ്യത്തോടെ സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന 2015ല്‍ യമനിലെത്തി. എട്ട് വര്‍ഷം നീണ്ട യുദ്ധത്തില്‍ നിന്ന് സൗദി സൈന്യം പിന്മാറിയെങ്കിലും ഹൂത്തികളെ പരാജയപ്പെടുത്താനായില്ല.
നിലവില്‍ യമനില്‍ നിന്ന് സൗദി പിന്മാറിയിട്ടുണ്ട്. സമാധാന പുനഃസ്ഥാപനത്തിന് ഐക്യരാഷ്ട്ര സഭ സമ്മര്‍ദ്ദം ചെലുത്തിവരികയാണ്. ഒമാന്റെ മധ്യസ്ഥതയിലാണ് സമാധാന ശ്രമങ്ങള്‍. സൗദി അറേബ്യയും ഹൂത്തികളും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് കളമൊരുക്കിയതും ഒമാന്‍ ആണ്. യമന് കോടികളുടെ സഹായം സൗദി വാഗ്ദാനം ചെയ്തിട്ടുണ്ട്.
എണ്ണയും വാതകവുമെല്ലാം യമനിലുമുണ്ടെങ്കിലും വേണ്ടവിധം ഖനനം നടക്കുന്നില്ല. കൃഷിയെ ആശ്രയിച്ചു തന്നെയാണ് യമന്‍ ജനതയുടെ പ്രയാണം. അതിനിടെയാണ് ഗോത്ര പോരും യുദ്ധങ്ങളും. ജിദ്ദയിലേക്ക് വരെ മിസൈല്‍ അയച്ച് ഹൂത്തികള്‍ ആക്രമണം തുടങ്ങിയതോടെയാണ് സൗദി ചര്‍ച്ചയ്ക്ക് തയ്യാറായത് എന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദിയും ഹൂത്തികളും യുദ്ധം ശക്തമാക്കിയപ്പോള്‍ പ്രതിസന്ധിയിലായത് യമനിലെ സാധാരണക്കാരായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഹൂത്തികളുടെ പ്രമുഖ നേതാക്കള്‍ റിയാദിലെത്തി ചര്‍ച്ച ആരംഭിച്ചത്. അഞ്ച് ദിവസത്തെ ചര്‍ച്ചയ്ക്ക് ശേഷം ചൊവ്വാഴ്ച രാത്രി സംഘം തിരിച്ച് യമനിലെത്തി. ഇവര്‍ക്കൊപ്പം ഒമാന്റെ പ്രതിനിധിയും ഉണ്ടായിരുന്നു. ചര്‍ച്ചയില്‍ പുതിയ കാരാര്‍ ഒപ്പുവച്ചില്ല എന്നാണ് വിവരം. ഇനിയും ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ടെന്ന് ഹൂത്തി നേതാവ് അലി അല്‍ മഖൂം അറിയിച്ചു.
മൂന്നിലൊന്ന് യമന്‍ ജനതിയെയും പട്ടിണിയിലേക്ക് തള്ളി വിട്ടിരിക്കുന്നു യുദ്ധം. ലക്ഷക്കണക്കിന് ആളുകളാണ് മരിച്ചുവീണത്. കഴിഞ്ഞ ഏതാനും മാസങ്ങളായി യമന്‍ ശാന്തമായി വരുന്നു എന്നാണ് വാര്‍ത്തകള്‍. സൗദി അറേബ്യയില്‍ നിന്നുള്ള പ്രതിനിധി സംഘം സന്‍ആയിലെത്തി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ ചര്‍ച്ചകള്‍ക്ക് വേണ്ടിയാണ് ഹൂത്തികള്‍ സൗദിയില്‍ വന്നത്. വൈകാതെ സമാധാന കരാര്‍ പ്രാബല്യത്തില്‍ വരുമെന്നാണ് ഒമാന്റെ പ്രതീക്ഷ.












Click it and Unblock the Notifications