സൗദി അറേബ്യ കുതിക്കുന്നു, ക്രൂഡ് ഓയിൽ കയറ്റുമതിയിൽ വൻ വർധനവ്..കണക്കുകൾ പുറത്ത്
മധ്യേഷ്യൻ സംഘർഷത്തിനിടയിലും ക്രൂഡ് ഓയിൽ കയറ്റുമതിയിൽ വമ്പൻ കുതിപ്പുമായി സൗദി അറേബ്യ. ടാങ്കർ ട്രാക്കിംഗ് ഡാറ്റ പ്രകാരം ജൂണിൽ സൗദിയുടെ പ്രതിദിന കയറ്റുമതി 441,000 ബാരൽ ഉയർന്നു. മുൻ മാസവുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 7 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ദിവസം കയറ്റുമതി ചെയ്യുന്ന എണ്ണയുടെ അളവ് 6.36 ദശലക്ഷം ബാരലായി. വിതരണം കൂട്ടി വിപണിയിൽ തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കാനുള്ള സൗദിയുടെ ശ്രമങ്ങൾ വിജയം കാണുന്നുവെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.
സൗദി കയറ്റുമതി ഉയർത്തിയെങ്കിലും എണ്ണ വില കുറഞ്ഞത് രാജ്യത്തിന് തിരിച്ചടിയാണ്. ഈ വർഷത്തിന്റെ തുടക്കത്തിൽ ബ്രെന്റ് ക്രൂഡ് ബാരലിന് ഏകദേശം 75 ഡോളറായിരുന്നു വില. എന്നാൽ ഈ ചൊവ്വാഴ്ച വില 67.07 ഡോളറായി കുറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് സൗദി അറേബ്യ. അവരുടെ പ്രധാന വരുമാന മാർഗം കൂടിയാണിത്. അതുകൊണ്ട് തന്നെ ക്രൂഡ് ഓയിൽ വില കുറയുന്നത് സൗദിയുടെ സുപ്രധാന പദ്ധതികളെയടക്കം ബാധിച്ചേക്കും.

എണ്ണ ഉത്പാദനം വെട്ടിച്ചുരുക്കി വില വർധിപ്പിക്കാനുള്ള ശ്രമങ്ങൾ മുൻപ് സൗദി നടത്തിയിരുന്നു. എന്നാൽ അത് വിജയം കണ്ടില്ലെന്ന് മാത്രമല്ല എണ്ണ വിതരണം കുറച്ചതോടെ ഇന്ത്യ, ചൈന തുടങ്ങി സൗദി ഏറ്റവും കൂടുതൽ എണ്ണ കയറ്റുമതി ചെയ്തിരുന്ന ഏഷ്യൻ രാജ്യങ്ങളിലെ വിപണിയിൽ ഉണ്ടായിരുന്ന അപ്രമാദിത്വം അവർക്ക് നഷ്ടമായി. ഈ സ്ഥാനം ഇറാനും റഷ്യയും കൈക്കലാക്കി. അതേസമയം ഒപെക് പ്ലസ് അനുവദിച്ച ഉൽപാദന പരിധി മറികടക്കുന്ന ഇറാഖിനെയും കസാക്കിസ്ഥാനെയും ലക്ഷ്യമിട്ടാണ് സൗദി അറേബ്യ ഇപ്പോൾ ഉൽപ്പാദനം വർദ്ധിപ്പിച്ചതെന്നാണ് അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നത്.
അതിനിടെ വലിയ പദ്ധതികൾക്കായി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് വൻതോതിൽ ചെലവഴിക്കുന്നതിനാൽ 2025 ൽ തങ്ങളുടെ ബജറ്റ് സന്തുലിതമാക്കണമെങ്കിൽ സൗദി അറേബ്യയെ സംബന്ധിച്ച് എണ്ണ വില ബാരലിന് 100 ഡോളറിൽ കൂടുതലെങ്കിലും ആകേണ്ടി വരുമെന്നാണ് ഓക്‌സ്‌ഫോർഡ് അനലിറ്റിക്ക പറയുന്നത്. എണ്ണവില ഇടിഞ്ഞതോടെ, സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കാനുള്ള കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ വിഷൻ 2030 പദ്ധതിക്ക് ധനസഹായം നൽകുന്നതിനായി സൗദി അറേബ്യ കൂടുതൽ പണം കടം വാങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ട്. എന്നിരുന്നാലും ഇത്തരത്തിൽ കടം വാങ്ങുന്നത് സൗദിയെ സംബന്ധിച്ച് യാതൊരു തരത്തിലും ബാധിക്കില്ലെന്നും അനലിസ്റ്റുകൾ പറയുന്നു. കാരണം മൊത്ത ആഭ്യന്തര ഉൽപ്പാദനവുമായി താരതമ്യപ്പെടുത്തുമ്പോൾ സൗദിക്ക് കടം കുറവാണ്.
നിരവധി കാരണങ്ങളാൽ ഈ വർഷം സൗദി അറേബ്യ എണ്ണ ഉത്പാദനം വർധിപ്പിച്ചേക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നഷ്ടമായ വിപണി തിരികെ പിടിക്കുകയാണ് പ്രധാന ലക്ഷ്യം. ആഗോള വിതരണ ഉയരുകയും മൊത്തം ആവശ്യകത സ്ഥായിയായി തുടരുകയും ചെയ്താൽ സ്വാഭാവികമായും എണ്ണ വില കുറയാനുള്ള സാധ്യതയുണ്ട്. ഇറാനെതിരായ ഇസ്രായേലിന്റെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ എണ്ണ വില ഉയരുന്നത് തടയാനും വിതരണം കൂട്ടുന്നത് സഹായകമാകും. എന്നാൽ സൗദിയെ സംബന്ധിച്ച് വില കുറയുന്നത് ഒട്ടും ആശ്വാസകരമാകില്ല. രാജ്യത്തിന്റെ വമ്പൻ പദ്ധതികളുടെ നടത്തിപ്പിന് പണം കണ്ടെത്തുന്നതിനെയടക്കം ഈ വിലയിടിവ് സാരമായി ബാധിച്ചേക്കും.
തങ്ങളുടെ ക്രൂഡ് ഓയിലിൽ നിന്നുള്ള വരുമാനം കുറയുകയാണെന്ന് അടുത്തിടെ സൗദി സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ ഇക്കുറി 21 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഈ സാഹചര്യത്തിൽ ഇന്ത്യ അടക്കമുള്ള ഏഷ്യൻ രാജ്യങ്ങൾക്കുള്ള എണ്ണ വില വർധിപ്പിക്കാനുള്ള നീക്കത്തിലാണ് സൗദി എന്നാണ് റിപ്പോർട്ടുകൾ.












Click it and Unblock the Notifications