സൗദി അറേബ്യ വന്‍ തിരിച്ച് വരവ് നടത്തുന്നു: ഇന്ത്യക്ക് നേട്ടം, ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ പുതിയ കളികള്‍
പതിറ്റാണ്ടുകളോളം ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ആവശ്യകതയുടെ സിംഹഭാഗവും പൂർത്തീകരിച്ചിരുന്നത് അറബ് രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയിലൂടെയാണ്. പ്രത്യേകിച്ച് ഇറാഖ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായിരുന്നു ഇന്ത്യ പ്രധാനമായും ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തുകൊണ്ടിരുന്നത്. എന്നാല്‍ 2022 ലെ റഷ്യയുടെ യുക്രൈന്‍ യുദ്ധത്തോടെ ഈ സാഹചര്യം മാറുന്ന കാഴ്ച നാം കണ്ടു.
ഇന്ന് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമായി റഷ്യ ഉയർന്ന് വന്നപ്പോള്‍ ഇറാഖിന്റേയും സൗദി അറേബ്യയുടേയും വിഹിതം വലിയ തോതില്‍ കുറഞ്ഞു. ഇതില്‍ ഏറ്റവും വലിയ തിരിച്ചടിയുണ്ടായിരിക്കുന്നത് സൗദി അറേബ്യക്കുമാണ്. എന്നാല്‍ ദീർഘകാലത്തിന് ശേഷം ഇന്ത്യയിലേക്കുള്ള സൗദി അറേബ്യന്‍ ക്രൂഡ് ഓയിലിന്റെ ലഭ്യത വർധിക്കാന്‍ പോകുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇത് ഇന്ത്യക്ക് ക്രൂഡ് ഓയില്‍ വിപണിയില്‍ വലിയ വിലപേശല്‍ ശക്തി നല്‍കുന്നതായും ബിസിനസ് സ്റ്റാന്‍റ്റേർഡ് റിപ്പോർട്ട് ചെയ്യുന്നു.

ആഗസ്ത് മുതൽ സൗദി എണ്ണയുടെ കയറ്റുമതി വീണ്ടും ഉയർന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത് മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തുകയും ചെയ്തു. സൗദി അറേബ്യ ഏഷ്യയിലെ വിപണി വിഹിതം തിരിച്ചുപിടിക്കാൻ ശ്രമിച്ചതിനാൽ റഷ്യൻ എണ്ണ കയറ്റുമതി നേരിയ തോതിൽ ഉയർന്നുവെന്നും വ്യവസായ സ്രോതസ്സുകളും കപ്പൽ ട്രാക്കിംഗ് ഡാറ്റയും വ്യക്തമാക്കുന്നുമുണ്ട്.
മാർക്കറ്റ് ഇൻ്റലിജൻസ് ഏജൻസിയായ കെപ്ലറില്‍ നിന്നുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിലേക്കുള്ള സൗദി അറേബ്യൻ വിതരണം 727000 ബാരലായി (ബിപിഡി) ഉയർന്നു. 40 ശതമാനത്തിന്റെ വർധനവാണ് അളവിലുണ്ടായിരിക്കുന്നത്. വാർഷികാടിസ്ഥാനത്തിലുള്ള കണക്ക് പരിശോധിക്കുകയാണെങ്കില്‍ ഈ വർധനവ് 53 ശതമാനമാണ്.
വർഷത്തിന്റെ തുടക്കത്തില്‍ ഇന്ത്യ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്കുള്ള ക്രൂഡ് ഓയില്‍ വിതരണ വില സൗദി അറേബ്യ വർധിപ്പിച്ചിരുന്നു. സൗദി അറേബ്യയില്‍ നിന്നുള്ള ഇറക്കുമതി കുറയുന്നതിന് ഇതും ഒരു കാരണമായി. എന്നാല്‍ അടുത്തിടെ ഈ തീരുമാനം സൗദി അറേബ്യ തിരുത്തുകയും ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് വിതരണം ചെയ്യുന്ന എണ്ണയുടെ വില കുറയ്ക്കുകയും ചെയ്തു.
വിപണി വിഹിതം വീണ്ടെടുക്കാനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങള്‍ ഇന്ത്യക്ക് കൂടുതല്‍ വിലപേശല്‍ ശേഷി നല്‍കിയിരിക്കുകയാണ്. അതായത് സപ്ലൈ കൂടുതല്‍ ശക്തമായതോടെ റഷ്യയോടും സൗദി അറേബ്യയോടും ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ക്ക് കൂടുതല്‍ വിലപേശല്‍ ശക്തി നല്‍കുന്നു.
വോർടെക്‌സയുടെ കണക്കനുസരിച്ച്, സൗദി ക്രൂഡിൻ്റെ ഇന്ത്യയുടെ ഇറക്കുമതി സെപ്റ്റംബറിൽ 735,000 ബിപിഡി ആയിരുന്നു. അതായത് ഓഗസ്റ്റിൽ നിന്ന് 46 ശതമാനം വർധിച്ചുവെന്നാണ് മാർക്കറ്റ് ഇൻ്റലിജൻസ് ഏജൻസിയായ വോർടെക്സയിലെ ഏഷ്യ-പസഫിക് മാർക്കറ്റ് അനാലിസിസ് മേധാവി സെറീന ഹുവാങ് വ്യക്തമാക്കുന്നത്.
കപ്പൽ ട്രാക്കിംഗ് ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള കണക്കുകൂട്ടലുകൾ പ്രകാരം, ഇന്ത്യയുടെ ആകെ ക്രൂഡ് ഇറക്കുമതിയിലെ സൗദി എണ്ണയുടെ വിഹിതം ജൂണിലെ 9.2 ശതമാനത്തിൽ നിന്ന് സെപ്റ്റംബറിൽ 16 ശതമാനം വർദ്ധിച്ചു. 874000 ബി പി ഡിയുമായി ഇറാഖിന്റെ വിഹിതം ഏകദേശം 19 ശതമാനമായും നിലനില്‍ക്കുമ്പോള്‍ റഷ്യ ഏറ്റവും വലിയ വിഹിതം (40 ശതമാനം) നിലനിർത്തുന്നു. ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതി സെപ്റ്റംബറിൽ ഏകദേശം 5.6 ശതമാനം വർദ്ധിച്ച് മാസത്തിൽ ഏകദേശം 4.7 ദശലക്ഷം ബി പി ഡി ആയി ഉയരുകയും ചെയ്തിട്ടുണ്ട്.
യൂറോപ്പിലേക്ക് എണ്ണ കയറ്റിപ്പോകുന്ന ഇറാഖി കപ്പലിന് നേരെ അടുത്തിടെ ഹൂത്തി വിമതരുടെ ആക്രമണം നടന്നിരുന്നു. ടാങ്കർ ആക്രമണം ഇന്ത്യയെപ്പോലുള്ള ഏഷ്യൻ ഇടപാടുകാരിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇറാഖിനെ പ്രേരിപ്പിച്ചേക്കാം. ചുരുക്കത്തില്‍ റഷ്യ, ഇറാഖ്, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നും മത്സര നിരക്കിൽ അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഇന്ത്യയിലേക്ക് കൂടുതലായി ക്രൂഡ് ഓയിലെത്തും. ഇതാണ് സ്വാഭാവികമായും ഇന്ത്യൻ റിഫൈനർമാരുടെ വിലപേശൽ ശക്തി വർദ്ധിപ്പിക്കുന്നത്.
നേരത്തെ ഇന്ത്യന്‍ റിഫൈനറികള്‍ക്ക് അധികം ചോയ്സ് ഉണ്ടായിരുന്നു. അറബ് രാഷ്ട്രങ്ങള്‍ മാത്രമായിരുന്നു പ്രധാന വിതരണക്കാർ എന്നതിനാല്‍ വിലപേശല്‍ ശക്തി കുറവായിരുന്നു. എന്നാല്‍ ഇന്ന് അത് അല്ല സാഹചര്യം റഷ്യക്കും അറബ് രാഷ്ട്രങ്ങള്‍ക്കും പുറമെ യുഎസ്, വെനസ്വേല, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് അടക്കം എണ്ണ ഇറക്കുമതി ചെയ്യാനുള്ള കരാറിലേക്ക് ഇന്ത്യ എത്തിയിട്ടുണ്ട്.












Click it and Unblock the Notifications