യുഎഇ കുതിച്ചു, സൗദി കിതച്ചു: വളർച്ചയില്‍ ഇടിവ്, പണി കൊടുത്തത് ക്രൂഡ് ഓയില്‍; എങ്കിലും പ്രതീക്ഷ ബാക്കി
ജിദ്ദ: സൗദി അറേബ്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തില്‍ (ജി ഡി പി) ഇടിവ്. സാമ്പത്തിക വർഷത്തിലെ നാലാം പാദത്തില്‍ 3.7 ശതമാനം ഇടിഞ്ഞെന്നാണ് അന്താരാഷ്ട്ര വാർത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ക്രൂഡ് ഓയിലുമായി ബന്ധപ്പെട്ട സാമ്പത്തിക മേഖലയിലെ ഇടിവാണ് സൗദി അറേബ്യക്ക് തിരിച്ചടിയായതെന്നും റിപ്പോർട്ടുകള്‍ പറയുന്നു.
2023 ൻ്റെ മൂന്നാം പാദത്തിൽ രാജ്യത്തിൻ്റെ ജി ഡി പി 4.4% ചുരുങ്ങിയിരുന്നു. കോവിഡായിരുന്നു അന്ന് തിരിച്ചടിയായത്. എണ്ണ ഉൽപ്പാദനം വെട്ടിക്കുറച്ചതും ക്രൂഡ് വില കുറയുന്നതുമാണ് നിലവിലെ തിരിച്ചടിക്ക് കാരണമായത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യ, ഒപെകും മറ്റ് എണ്ണ ഉൽപ്പാദകരുമായുള്ള കരാറിൻ്റെ ഭാഗമായി ഉൽപ്പാദനം വെട്ടിക്കുറച്ചതിന് ശേഷം, പ്രതിദിനം 9 ദശലക്ഷം ബാരൽ (ബി പി ഡി) എണ്ണയാണ് ഉത്പാദിപ്പിക്കുന്നത്.

നിയന്ത്രണങ്ങള്‍ക്ക് മുമ്പ് ഏകദേശം 12 ദശലക്ഷം ബി പി ഡി ക്രൂഡ് ഓയിലായിരുന്നു സൗദി അറേബ്യ ഉത്പാദിപ്പിച്ചുകൊണ്ടിരുന്നത്. എണ്ണ വരുമാനത്തില്‍ നിന്ന് മാറി സഞ്ചരിക്കാനുള്ള നീക്കം സൗദി ആരംഭിച്ചിട്ട് കാലം കുറേയായെങ്കിലും അടുത്തിടെ അത് കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച നിർണ്ണായക നിർദേശം കഴിഞ്ഞ ദിവസം പൊതുമേഖല എണ്ണ കമ്പനിയായ ആരാംകോയ്ക്ക് തന്നെ ലഭിക്കുകയും ചെയ്തു.
എണ്ണ ഉല്‍പ്പാദന ശേഷി പ്രതിദിനം 13 ദശലക്ഷം ബാരലായി ഉയര്‍ത്താനുള്ള നീക്കം ആരാംകോയ്ക്ക് ഉണ്ടായിരുന്നു. എന്നാല്‍ ഇതില്‍ നിന്ന് പിന്മാറാനാണ് സൗദി ഭരണകൂടം നിര്‍ദേശം നല്‍കിയിരിക്കുന്നത്. പകരം നേരത്തേയുണ്ടായ 12 ദശലക്ഷം ബാരല്‍ ശേഷി ലക്ഷ്യമിട്ടാല്‍ മതിയെന്നും നിര്‍ദേശിച്ചു. ഇതേ തുടർന്ന് 13 ദശലക്ഷം ബാരല്‍ ഉത്പാദനം എന്നതില്‍ നിന്നും ആരാംകോ പിന്‍വാങ്ങുകയും ചെയ്തിട്ടുണ്ട്.
മുൻ വർഷത്തെ അപേക്ഷിച്ച് നാലാം പാദത്തിൽ സൗദിയിലെ എണ്ണ പ്രവർത്തനങ്ങൾ 16.4% കുറഞ്ഞിട്ടുണ്ടെന്നാണ് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിൻ്റെ കണക്കുകൾ കാണിക്കുന്നു. അതേസമയം എണ്ണ ഇതര ജി ഡി പി വർഷം തോറും 4.3% വളരുകയും സർക്കാർ പ്രവർത്തനങ്ങൾ 3.1% വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്.
2024 ല്‍ നിലവിലെ തിരിച്ചടിയില്‍ നിന്നും കരകയറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് ക്യാപിറ്റൽ ഇക്കണോമിക്സിലെ സാമ്പത്തിക വിദഗ്ധൻ ജെയിംസ് സ്വാൻസ്റ്റണെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. 2023-ൽ രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥ 0.9% ചുരുങ്ങിയപ്പോള്‍ എണ്ണ മേഖലയില്‍ നിന്നുള്ള വരുമാനവും കുറവായിരുന്നു. അതേസമയം എണ്ണ ഇതര പ്രവർത്തനങ്ങൾ കഴിഞ്ഞ വർഷം 4.6% വർദ്ധിച്ചു.
അതേസമയം, യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൻ്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനം വർഷത്തിൻ്റെ ആദ്യ പകുതിയിൽ 3.7% വർദ്ധിച്ചതായി സാമ്പത്തിക വകുപ്പ് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. എണ്ണ ഇതര മേഖലയുടെ വളർച്ച മൊത്തത്തിലുള്ള വളർച്ചയെ മറികടക്കുകയും ചെയ്തു.
2023 ലെ ആദ്യ ആറ് മാസങ്ങളിൽ എണ്ണ ഇതര വളർച്ച 5.9 ശതമാനം ഉയർന്നതായും ദുബായിൽ ഒരു ബിസിനസ് കോൺഫറൻസിൽ സംസാരിക്കവെ അബ്ദുല്ല ബിൻ തൂഖ് അൽ മറി പറഞ്ഞു.
"യു എ ഇയുടെ സാമ്പത്തിക വളർച്ച ഞങ്ങളുടെ പ്രതിരോധം, വൈവിധ്യവൽക്കരണം, തുറന്ന കാഴ്ചപ്പാട്, അന്താരാഷ്ട്ര സഹകരണം എന്നിവയ്ക്കുള്ള പ്രതിബദ്ധതയുടെ തെളിവാണ്," അദ്ദേഹം പറഞ്ഞു, രാജ്യം എണ്ണയെ ആശ്രയിക്കുന്നത് കുറയുകയും വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളെ കൂടുതൽ ആശ്രയിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications