ലണ്ടനേയും ഷിക്കാഗോയേയും വെല്ലാന്‍ സൗദി അറേബ്യ: നിയോമിന് പിന്നാലെ മറാഫി വരുന്നു, അത്ഭുത നഗരം
നിയോമിന് പിന്നാലെ മറ്റൊരു മെഗാസിറ്റിയുടെ പദ്ധതി പ്രഖ്യാപനവുമായി സൗദി അറേബ്യ. ലണ്ടനിലേതിന് സമാനമായി ഒരു ഐക്കണിക് വാട്ടർ ഫ്രണ്ട് നഗരമാണ് സൗദി അറേബ്യയുടെ ലക്ഷ്യം. മറാഫി എന്ന് പേരിട്ടിരിക്കുന്നത നഗരം ജിദ്ദയുടെ വടക്ക് ഭാഗത്താണ് നിർമ്മിക്കപ്പെടുകയെന്നാണ് പ്രാദേശിക മാധ്യമമായ അൽ-അറബിയയിൽ നിന്നുള്ള റിപ്പോർട്ട് വ്യക്തമാക്കുന്നത്.
130,000 ആളുകളെ ഉൾക്കൊള്ളാനുള്ള ശേഷിയിലാണ് മറാഫി നിർമ്മിക്കുന്നത്. 11 കിലോമീറ്ററോളം ദൈർഘ്യമുള്ള കൃത്രിമ കനാൽ സൃഷ്ടിച്ച് അതിന്റെ കരയിലായിരിക്കും നഗരം പണിയുക. സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ (പിഐഎഫ്) പിന്തുണയുള്ള റോഷ്എൻ ഗ്രൂപ്പിനാണ് നിർമ്മാണത്തിന്റെ ചുമതല. നിർമ്മിക്കുന്നത്.

നൂറ്റാണ്ടുകളായി വ്യാപാരികളെയും സഞ്ചാരികളെയും തീർഥാടകരെയും സ്വാഗതം ചെയ്യുന്ന ഒരു ചരിത്ര നഗരത്തിന്റെ ഹൃദയത്തിലേക്ക് സമുദ്ര പരിസ്ഥിതിയെ കൊണ്ടുവരിക എന്നതാണ് മെഗാസിറ്റിയുടെ പിന്നിലെ ആശയം. 11 കിലോമീറ്ററും 100 മീറ്റർ വീതിയുമുള്ള സഞ്ചാരയോഗ്യമായ കനാൽ ഒബുർ ക്രീക്കുമായി ബന്ധിപ്പിക്കുകയും നീട്ടുകയും ഒന്നിലധികം സവിശേഷ ജില്ലകളാൽ ചുറ്റപ്പെട്ടതായിരിക്കുമെന്നും റിപ്പോർട്ടുകള്‍ പറയുന്നു.
നഗരത്തിൽ പാർപ്പിട, വാണിജ്യ, വിനോദ കേന്ദ്രങ്ങളുണ്ടാവും. ജീവിതനിലവാരം ഉയർത്തുക, ജിദ്ദയെ ആഗോള ലക്ഷ്യസ്ഥാനമാക്കി മാറ്റുക എന്നിവയാണ് പുതിയ നഗരത്തിലൂടെ ലക്ഷ്യമിടുന്നത്. സൗദിയിൽ ഇത്തരത്തിലുള്ള ആദ്യത്തെ നഗരം കൂടിയാവും ഇത്. ഷിക്കാഗോ, സ്റ്റോക്ക്ഹോം, ഹാംബർഗ്, സെൻട്രൽ ലണ്ടൻ എന്നിവിടങ്ങളിലുള്ള ജലാശയങ്ങൾക്കു തുല്യമായ രീതിയിലാണ് നിർമാണം.
ഇരുവശത്തും വീടുകളുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് കനാല്‍ പണിയുന്നത്. റിയൽ എസ്റ്റേറ്റ് വികസന മേഖലയിലെ ഒരു ഗെയിം ചേഞ്ചറായിരിക്കും മാറാഫി, മേഖലയിലെ വികസനത്തിന്റെ തോത് ഉയർത്തുകയും ജീവിത നിലവാരം ഉയർത്തുകയും ജിദ്ദനഗരം ലോകത്ത് തന്നെ വലിയ സ്വാധീനം ചെലുത്തുകയും ചെയ്യുമെന്നും റോഷന്‍ ഗ്രൂപ്പിന്റെ ഗ്രൂപ്പ് സിഇഒ ഡേവിഡ് ഗ്രോവർ പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു.
വാട്ടർ ടാക്‌സികൾ, ബസുകൾ, സബ്‌വേ എന്നിവയുള്ള ഇന്റർ മോഡൽ ഗതാഗത സംവിധാനത്തിലൂടെ കനാലിന്റെ ജലാശയ ജില്ലകൾ പരസ്പരം ബന്ധിപ്പിക്കും. കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടുമായും നഗരത്തിന് നേരിട്ട് ബന്ധമുണ്ടാകും. ചെങ്കടൽ തീരത്ത് നിയോം എന്ന പുതിയ നഗരം നിർമ്മിക്കുന്നതിനോടൊപ്പം തന്നെയാണ് മറാഫിയും നിർമ്മിക്കുന്നത്.
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ (എംബിഎസ്) സൗദി അറേബ്യയുടെ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിക്കുന്ന ഒരു നഗരമായിട്ടാണ് നിയോമിനെ അവതരിപ്പിച്ചിരിക്കുന്നത്. 500 ബില്യൺ ഡോളർ ബജറ്റിൽ ദൈനംദിന ജീവിതത്തിൽ വിപ്ലവം സൃഷ്ടിക്കാൻ കഴിയുന്ന സാങ്കേതികവിദ്യയുടെ പരീക്ഷണശാലയായി നിയോം പ്രവർത്തിക്കുകയും ചെയ്യുന്നു.












Click it and Unblock the Notifications