സൗദി അറേബ്യയില്‍ 20 വര്‍ഷമായി ഉറങ്ങുന്ന പ്രിന്‍സ് എഴുന്നേറ്റു? വീഡിയോക്ക് പിന്നിലുള്ള സത്യം ഇതാണ്
സൗദി അറേബ്യയുടെ ദുഃഖമായി നിലനില്‍ക്കുന്ന രാജകുമാരനാണ് അല്‍ വലീദ് ബിന്‍ ഖാലിദ് ബിന്‍ തലാല്‍. സൗദി രാജകുടുംബത്തിലെ ഇളമുറയില്‍പ്പെട്ട ഈ യുവാവ് കഴിഞ്ഞ 20 വര്‍ഷമായി അനങ്ങാന്‍ പോലും സാധിക്കാതെ കിടപ്പിലാണ്. 2005ല്‍ നടന്ന അപകടമാണ് അല്‍ വലീദിനെ കോമ ജീവിതത്തിലേക്ക് തള്ളിയിട്ടത്. ഈ വര്‍ഷം ഏപ്രില്‍ 18ന് ഇദ്ദേഹത്തിന്റെ 36ാം ജന്മദിനം ആയിരുന്നു.
അപകടത്തെ തുടര്‍ന്ന് വിദഗ്ധ ചികില്‍സ നല്‍കിയെങ്കിലും ഡോക്ടര്‍മാര്‍ കൈമലര്‍ത്തുകയായിരുന്നു. ജീവതത്തിലേക്ക് അല്‍ വലീദ് തിരിച്ചുവരാന്‍ സാധ്യതയില്ല എന്നാണ് ഡോക്ടര്‍മാരുടെ പ്രതികരണം. എന്തെങ്കിലും അത്ഭുതം സംഭവിച്ചാല്‍ മാത്രമേ ഇനി ഈ യുവാവ് ജീവതത്തിലേക്ക് തിരിച്ചുവരൂ. എന്നാല്‍ അല്‍ വലീദ് എഴുന്നേല്‍ക്കുകയും കുടുംബങ്ങളെ അഭിവാദ്യം ചെയ്യുകയുമുണ്ടായി എന്ന പേരില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ഇതിന്റെ വസ്തുത മറ്റൊന്നാണ്.

''സൗദി അറേബ്യയുടെ സ്ലീപ്പിങ് പ്രിന്‍സ് കിടക്കയില്‍ നിന്ന് എഴുന്നേറ്റു. 2005ലുണ്ടായ അപകടത്തില്‍ പരിക്കേറ്റ് 20 വര്‍ഷമായി ബോധരഹിതനായി കിടപ്പിലായിരുന്നു''- എന്നാണ് എക്‌സില്‍ ഒരാള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് മറ്റു സോഷ്യല്‍ മീഡിയ പേജുകളിലും പങ്കുവച്ചിട്ടുണ്ട്. ഒരു ഭാഗത്ത് പ്രിന്‍സ് അല്‍ വലീദിന്റെ ഫോട്ടോയും മറ്റൊരു ഭാഗത്ത് കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുന്ന യുവാവിന്റെ വീഡിയോയുമാണ് പോസ്റ്റിലുള്ളത്.
ഫോട്ടോ ശരി, വീഡിയോ മറ്റൊരാളുടേത്
സോഷ്യല്‍ മീഡയയില്‍ പ്രചരിക്കുന്ന ഫോട്ടോ സൗദി രാജകുമാരന്‍ അല്‍ വലീദിന്റേത് തന്നെയാണ്. എന്നാല്‍ വീഡിയോ മറ്റൊരാളുടേതും. സൗദിയുടെ സ്ലീപ്പിങ് പ്രിന്‍സ് അവസാനം എഴുന്നേറ്റു. അവനെ ഉപേക്ഷിക്കാതിരുന്ന പിതാവിന് എല്ലാ നന്ദിയും അറിയിക്കുന്നു എന്ന് വീഡിയോയില്‍ കുറിച്ചിട്ടുമുണ്ട്. എന്നാല്‍ ഈ വീഡിയോ വ്യാജമാണ്.
കോടീശ്വരനായ യസീദ് മുഹമ്മദ് അല്‍ റാജിയുടെ വീഡിയോ ആണ് അല്‍ വലീദ് രാജകുമാരന്റേത് എന്ന പേരില്‍ പ്രചരിക്കുന്നത്. യസീദ് കഴിഞ്ഞ ഏപ്രിലില്‍ ഒരു അപകടത്തില്‍പ്പെട്ടിരുന്നു. ഒപ്പം സഹ ഡ്രൈവര്‍ ടിമോ ഗോട്ട്ഷാക്കിനും പരിക്കേറ്റിരുന്നു. യസീദിന്റെ ഇന്‍സ്റ്റഗ്രാമില്‍ ഇതുമായി ബന്ധപ്പെട്ട വീഡിയോകള്‍ ലഭ്യമാണ്. രണ്ടുപേര്‍ക്കും കാര്യമായ പരിക്കേറ്റെങ്കിലും ജീവന്‍ അപകടത്തിലായിരുന്നില്ല.
ആശുപത്രിയില്‍ വച്ച് യസീദ് തന്നെ കാണാന്‍ വന്നവരെ അഭിവാദ്യം ചെയ്യുന്നതും മറ്റുമായ വീഡിയോകള്‍ ലഭ്യമാണ്. യസീദിനും ടിമോയ്ക്കും നട്ടെല്ലിന് പരിക്കുണ്ട് എന്ന് വിശദമായ പരിശോധനയില്‍ തെളിഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട വീഡിയോകളാണ് സൗദി രാജകുമാരന്റേത് എന്ന പേരില്‍ പ്രചരിക്കുന്നത്. സത്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയും ഫോട്ടോയും തമ്മില്‍ ബന്ധമില്ല.
റൈസര്‍ ആയ യസീദും സുഹൃത്തും ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് പോയിട്ടുണ്ട്. എന്നാല്‍ സൗദി രാജകുമാരന്‍ അല്‍ വലീദ് ഇപ്പോഴും അബോധാവസ്ഥയില്‍ കിടപ്പിലാണ്. ഒരിക്കലും അല്‍ വലീദ് ജീവിതത്തിലേക്ക് വരില്ലെന്ന് ഡോക്ടര്‍മാര്‍ സൂചന നല്‍കിയിരുന്നു. ജീവന്‍ നിലനിര്‍ത്തുന്ന ഉപകരങ്ങളുടെ സഹായത്തോടെയാണ് കിടപ്പ്. ഇവയെല്ലാം നീക്കിക്കൂടെ എന്ന് ഡോക്ടര്‍മാര്‍ ചോദിച്ചിരുന്നു എങ്കിലും അദ്ദേഹത്തിന്റെ പിതാവ് അനുവദിച്ചിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
Prince Al-Waleed bin Khaled bin Talal of Saudi Arabia known as the “Sleeping Prince” who has been in a coma since a car accident in 2005 has finally woken up. #Iran #Nuclear #Gaza pic.twitter.com/m1lfnmDZ1v
— IMJA Lifestyle (@imjalifestyle) June 14, 2025












Click it and Unblock the Notifications