സൗദി അറേബ്യയുടെ ഉറക്കം പോയി; ഇറാനെ വളഞ്ഞ് 40000 യുഎസ് സൈനികര്‍, ആശങ്കയില്‍ ഗള്‍ഫ്
ദുബായ്: അമേരിക്ക ഇറാനെ ആക്രമിച്ചതോടെ ആശങ്കയിലാണ് പശ്ചിമേഷ്യ, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങള്‍. അമേരിക്കയുടെ നിരവധി സൈനികര്‍ തമ്പടിച്ചിരിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളിലാണ്. ഇറാന്‍ ഏത് രീതിയിലാണ് പ്രത്യാക്രമണം നടത്തുക എന്ന് വ്യക്തമല്ല. ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങള്‍ തുടങ്ങിയ യുദ്ധമല്ലെങ്കിലും അവസാനിപ്പിക്കുന്നത് തങ്ങളായിരിക്കും എന്നാണ് ഇറാന്‍ പറഞ്ഞത്.
2020ല്‍ ഇറാന്റെ സൈനിക മേധാവി ഖാസിം സുലൈമാനിയെ അമേരിക്കന്‍ സൈന്യം ഇറാഖില്‍ വച്ച് കൊലപ്പെടുത്തിയ വേളയില്‍ ഇറാന്‍ സൈന്യം ശക്തമായ ആക്രമണം നടത്തിയരുന്നു. വിദേശരാജ്യത്ത് അമേരിക്കന്‍ സൈന്യം ഇത്രയും ശക്തമായ മിസൈല്‍ ആക്രമണം നേരിട്ടത് അന്നായിരുന്നു. 100ലധികം യുഎസ് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവമായിരുന്നു അത്. ഇത്തവണ എന്താണ് ഇറാന്‍ കരുതിയിരിക്കുന്നത് എന്ന് ജിസിസി രാജ്യങ്ങളും ആശങ്കയിലാണ്.

പശ്ചിമേഷ്യയില്‍ അമേരിക്കയുടെ 40000ത്തോളം സൈനികരുണ്ട് എന്നാണ് കണക്കാക്കുന്നത്. ഏറ്റവും കൂടുതല്‍ ഖത്തറിലാണ്. ദോഹയോട് ചേര്‍ന്നുള്ള അല്‍ ഉദൈദ് സൈനിക താവളത്തില്‍ 13000 യുഎസ് സൈനികരുണ്ട് എന്നാണ് കണക്കാക്കുന്നത്. ഇവിടെയുള്ള വിമാനങ്ങള്‍, യുദ്ധ വിമാനങ്ങള്‍, ഡ്രോണുകള്‍ എന്നിവ യുഎസ് സൈന്യം സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
കുവൈത്തില്‍ 13500, ബഹ്‌റൈനില്‍ 9000
കുവൈത്തില്‍ അഞ്ചിടത്തായി 13500 യുഎസ് സൈനികരുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാഖിന്റെ ആക്രമണം നടന്ന കാലത്ത് സുരക്ഷയ്ക്കായി എത്തിയതായിരുന്നു ഇവര്‍. പിന്നീട് സ്ഥിരം താവളമാക്കി. ബഹ്‌റൈനിലാണ് യുഎസ് സൈന്യത്തിന്റെ നാവിക താവളമുള്ളത്. ഏത് സമയവും പറക്കാന്‍ സജ്ജമായി നിര്‍ത്തിയ യുദ്ധവിമാനങ്ങള്‍ ഇവിടെയുള്ള കപ്പലുകളിലുണ്ട്. എന്നാല്‍ ഈ യുദ്ധ കപ്പലുകളും അമേരിക്ക സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
ഇറാഖ്, ജോര്‍ദാന്‍, സിറിയ, യുഎഇ, സൗദി അറേബ്യ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം അമേരിക്കക്ക് സൈനിക താവളങ്ങളും അമേരിക്കയുടെ ഉന്നത ഉദ്യോഗസ്ഥരും താമസിക്കുന്നുണ്ട്. ഇവരുടെ കുടുംബങ്ങളോട് അടുത്തിടെ മേഖല വിട്ടു പോകാന്‍ അമേരിക്ക നിര്‍ദേശിച്ചിരുന്നു. ബഹ്‌റൈനില്‍ 9000 അമേരിക്കന്‍ സൈനികരാണുള്ളത്. പശ്ചിമേഷ്യയില്‍ 19 ഇടങ്ങളിലായിട്ടാണ് യുഎസ് സൈന്യം തമ്പടിച്ചിട്ടുള്ളത്.
സൗദി അറേബ്യക്ക് രണ്ട് ആശങ്ക
ഖത്തറില്‍ കര-വ്യോമ സേന, ബഹ്‌റൈനില്‍ നാവിക സേന, യുഎഇയില്‍ വ്യോമ സേന എന്നിങ്ങനെ അമേരിക്ക സജ്ജമാണ്. ഇറാന്റെ കൈയ്യെത്താ ദൂരത്താണ് എല്ലാ താവളങ്ങളും. അതുകൊണ്ടുതന്നെ ഇറാന് തിരിച്ചടിക്ക് വളരെ എളുപ്പമാണ്. എന്നാല്‍ അമേരിക്കക്ക് മൊത്തം 40000 ത്തോളം സൈനികര്‍ മേഖലയിലുള്ളതിനാല്‍ ഇറാനെ ആക്രമിക്കാന്‍ സാധിക്കും. നാല് ഭാഗങ്ങളില്‍ നിന്നും ഇറാനെ ഒരേ സമയം ആക്രമിക്കാന്‍ സാധിക്കുമെന്നതും എടുത്തു പറയണം.
സൗദി അറേബ്യ, യുഎഇ, ഒമാന്‍ എന്നീ രാജ്യങ്ങള്‍ക്ക് ഇറാനെ മാത്രമല്ല, ഹൂത്തികളെയും പേടിക്കണം. യമനിലെ ഹൂത്തി വിഭാഗം നേരത്തെ ഈ മൂന്ന് രാജ്യങ്ങള്‍ക്കും ഭീഷണിയായിരുന്നു. അമേരിക്കയുടെ ചരക്കുകളും തടഞ്ഞിരുന്നു. ഒടുവില്‍ ഇവരുമായി ചര്‍ച്ച നടത്തി കരാറുണ്ടാക്കിയാണ് രംഗം ശാന്തമായത്. ഇറാനെ ആക്രമിച്ച സാഹചര്യത്തില്‍ ഇടപെടുമെന്ന് ഹൂത്തികള്‍ വീണ്ടും പ്രഖ്യാപിച്ചുകഴിഞ്ഞു. അതുകൊണ്ടുതന്നെ ഇവര്‍ സൗദിക്കെതിരായ ആക്രമണം പുനരാരംഭിക്കുമോ എന്ന ആശങ്കയുമുണ്ട്. ഇറാനെയും ഹൂത്തികളെയം നിരീക്ഷിക്കേണ്ട അവസ്ഥയിലായി സൗദി അറേബ്യ.












Click it and Unblock the Notifications