സൗദി അരാംകോ റിഫൈനറി അടച്ചു; യുഎസ് യുദ്ധ വിമാനങ്ങള്‍ വീണു എന്ന് കുവൈത്ത്, എംബസിയില്‍ പുക
അമേരിക്കയുമായി ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ല എന്ന് വ്യക്തമാക്കിയ ഇറാന്‍ ആക്രമണം ശക്തമാക്കി. ഗള്‍ഫ് രാജ്യങ്ങളിലും ഇസ്രായേലിലും ഇറാന്റെ മിസൈലുകളും ഡ്രോളുകളും എത്തി. കുവൈത്തിലെ യുഎസ് എംബസിയില്‍ നിന്ന് കറുത്ത പുക ഉയര്‍ന്നു. ഉദ്യോഗസ്ഥരോട് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറാന്‍ അമേരിക്ക നിര്‍ദേശിച്ചു. ഗള്‍ഫില്‍ കുടുങ്ങിയ പൗരന്മാരെ രക്ഷിക്കാന്‍ സൗദി അറേബ്യ വഴി ശ്രമിക്കുകയാണ് ബ്രിട്ടന്‍.
അതിനിടെ, സൗദി അറേബ്യയുടെ എണ്ണ കമ്പനിയായ അരാംകോയുടെ റിഫൈനറില്‍ ആക്രമണമുണ്ടായി. വലിയ നാശനഷ്ടങ്ങളില്ല. എങ്കിലും സുരക്ഷയുടെ ഭാഗമായി റിഫൈനറി അടച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. യൂറോപ്പിനോട് ചേര്‍ന്നുള്ള സൈപ്രസില്‍ ഇറാന്റെ മിസൈല്‍ പതിച്ചു. നേരിയ കേടുപാടുകള്‍ സംഭവിച്ചുവെന്ന് സൈപ്രസ് പ്രസിഡന്റ് അറിയിച്ചു.

അരാംകോയുടെ റാസ് തനുറ എണ്ണ ശുദ്ധീകരണ കേന്ദ്രമാണ് താല്‍ക്കാലികമായി അടച്ചത്. ഇവിടെ ഡ്രോണ്‍ ആക്രമണം ഉണ്ടായി എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. കുവൈത്തിലെ യുഎസ് എംബസിയില്‍ നിന്ന് കറുത്ത പുക ഉയരുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇറാന്റെ ആക്രമണമാണ് ഇതിന് കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലും ആക്രമണമുണ്ടായി. ബഹ്‌റൈനില്‍ സൈറണ്‍ മുഴങ്ങി.
അതേസമയം, ഇറാനോട് ചേര്‍ന്ന അതിര്‍ത്തി തുര്‍ക്കി അടച്ചു. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇറാനില്‍ നിന്ന് കുടിയേറ്റം സാധ്യതയുണ്ട് എന്ന പ്രചാരണമുണ്ടായതോടെയാണ് തുര്‍ക്കിയുടെ നടപടി. ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്തണം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ഥിച്ചു. അമേരിക്കയും ഇസ്രായേലും ആക്രമണം തുടരുന്നുണ്ട്. ലബ്‌നാനില്‍ ഇസ്രായേല്‍ പുതിയ ആക്രമണം തുടങ്ങി.
നിരവധി യുഎസ് യുദ്ധ വിമാനങ്ങള്‍ തകര്‍ന്നു
കുവൈത്തില്‍ യുദ്ധ വിമാനം തകര്‍ന്നു വീണത് ആശങ്ക പരത്തി. ഇതിന്റെ വീഡിയോകള്‍ പുറത്തുവന്നു. അമേരിക്കയുടെ യുദ്ധ വിമാനം ഇറാന്‍ സൈന്യം വെടിവച്ചിട്ടു എന്നാണ് പ്രചാരണം. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് രക്ഷപ്പെട്ടിട്ടുണ്ട്. നിരവധി യുഎസ് യുദ്ധ വിമാനങ്ങള്‍ കുവൈത്തില്‍ തകര്‍ന്നിട്ടുണ്ട് എന്ന് കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
യുഎസ് പൗരന്മാര്‍ക്ക് നേരെ ആക്രമണത്തിന് സാധ്യതയുണ്ട് എന്നാണ് അമേരിക്കയുടെ ബഹ്‌റൈനിലെ എംബസി പറയുന്നത്. മനാമയിലെ ഹോട്ടലുകള്‍ യുഎസ് പൗരന്മാര്‍ ഉപേക്ഷിച്ചുപോകണം എന്നാണ് നിര്‍ദേശം. എല്ലാവരും സുരക്ഷിതമെന്ന് തോന്നുന്ന സ്ഥലത്തേക്ക് മാറണം. അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം തുടങ്ങിയ അറിയിപ്പും വന്നിട്ടുണ്ട്. അതിനിടെ, ഇറാനില്‍ ചൈനീസ് പൗരന്‍ കൊല്ലപ്പെട്ടു.
സൗദി അരാംകോയുടെ റിഫൈനറി അടച്ചത് താല്‍ക്കാലിക നടപടി ആണ് എന്നാണ് പ്രതീക്ഷിക്കുന്നത്. ആക്രമണം തുടര്‍ന്നാല്‍ പ്രതിസന്ധി വ്യാപിക്കും. തങ്ങള്‍ തുടങ്ങിയ യുദ്ധമല്ലെന്നാണ് ഇറാന്റെ നിലപാട്. ശത്രുവിന്റെ പരാജയം കാണുംവരെ യുദ്ധം ചെയ്യുമെന്നും ഇറാന്‍ പറയുന്നു. അമേരിക്കയുമായി യാതൊരു വിധത്തിലുള്ള ചര്‍ച്ചയ്ക്ക് തയ്യാറല്ല എന്നും ഇറാന്‍ വ്യക്തമാക്കി. ഇതോടെ എങ്ങനെ സമാധാന അന്തരീക്ഷം തിരിച്ചെത്തുമെന്ന സംശയം ബാക്കിയാണ്.












Click it and Unblock the Notifications