മുഹമ്മദ് ബിന്‍ സല്‍മാനെ ഹൂതികള്‍ ലക്ഷ്യമിടുന്നു? കൊട്ടാരം മാറ്റി സൗദി കിരീടവകാശി
ഹൂതി ആക്രമണം ശക്തമായതോടെ സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ കനത്ത സുരക്ഷയുള്ള ഒരു കൊട്ടാരത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. കനത്ത സുരക്ഷയും ബങ്കറുകളുമുള്ള കൊട്ടാരങ്ങള്‍ക്കിടയിലാണ് അദ്ദേഹത്തെ മാറ്റിപ്പാര്‍പ്പിക്കുന്നത് എന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അവസാനമായി അദ്ദേഹം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത് ദേശീയ രക്തദാന ക്യാമ്പയിനിന്റെ ഭാഗമായി രക്തം നല്‍കുമ്പോഴായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ഇത്. അതിനുശേഷം, രാജ്യത്തിന് നേരെ ഹൂതി ആക്രമണങ്ങള്‍ ശക്തമായി. ഇതോടെ അദ്ദേഹത്തെ പലയിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ച് കൊണ്ടിരിക്കുകയാണ്. സൗദി അറേബ്യയും യെമനിലെ ഹൂതി വിമതരും തമ്മിലുള്ള പോരാട്ടം രൂക്ഷമാവുകയും സുരക്ഷാ ഭീഷണികള്‍ വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, പ്രത്യേകം തിരഞ്ഞെടുത്ത ഒരു സുരക്ഷാ സംഘം അദ്ദേഹത്തിന് കാവലൊരുക്കുന്നുണ്ട്.

കഴിഞ്ഞ ശനിയാഴ്ച, കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ ആക്രമണത്തെയാണ് സൗദി അറേബ്യ നേരിട്ടത്. തലസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുറഞ്ഞത് ഒരു ഹൂതി മിസൈലെങ്കിലും പതിച്ചു. ആക്രമണത്തില്‍ കുറഞ്ഞത് 13 പേര്‍ കൊല്ലപ്പെടുകയും 300-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്.
ഇരുപക്ഷവും തമ്മില്‍ കടുത്ത ആഭ്യന്തരയുദ്ധം നിലനില്‍ക്കുന്നതിനിടെ, 2022-ല്‍ ഒരു ദുര്‍ബലമായ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവെച്ചിരുന്നു. എന്നാല്‍, ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം ജൂലൈയില്‍ ആ കരാര്‍ തകര്‍ന്നു. ഇറാനില്‍ നിന്നുള്ള ഒരു വിമാനം ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ സൗദി സേന സന വിമാനത്താവളത്തിന് നേരെ വെടിയുതിര്‍ത്തുവെന്ന് ആരോപിച്ചാണ് ഹൂതികള്‍ ആക്രമണം പുനരാരംഭിച്ചത്.
ഹൂതികള്‍, ആ മേഖലയില്‍ ഇറാനുമായുള്ള സഖ്യകക്ഷികളില്‍ ഏറ്റവും ശക്തമായ ആയുധശേഷിയുള്ളവരില്‍ പെടുന്നു. അതേസമയം സംഘര്‍ഷം മൂര്‍ച്ഛിക്കുന്ന സാഹചര്യത്തില്‍ സൗദി, ഇറാന്‍ വിദേശകാര്യമന്ത്രിമാര്‍ ഞായറാഴ്ച രാത്രി ചര്‍ച്ച നടത്തി. സൈനിക നടപടികളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതും രാഷ്ട്രീയ സാഹചര്യം അവഗണിക്കുന്നതും അപകടമാണെന്ന് താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.
സൗദിയും ഹൂതികളും തമ്മില്‍ ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ടെഹ്റാന്‍ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യെമന്‍ സര്‍ക്കാരിന് വേണ്ടി സൗദി അറേബ്യ ആഭ്യന്തരയുദ്ധത്തില്‍ ഇടപെട്ടതോടെയാണ് 2015-ല്‍ സൗദിയും ഹൂതികളും തമ്മിലുള്ള പോരാട്ടം ആരംഭിച്ചത്. യെമനിലെ ഹൂതി നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ നിന്ന് നൂറുകണക്കിന് മൈലുകള്‍ അകലെയാണെങ്കിലും റിയാദ് ആവര്‍ത്തിച്ചുള്ള മിസൈല്‍ ഭീഷണികള്‍ നേരിടുന്നു.
കഴിഞ്ഞ വ്യാഴാഴ്ച, തകര്‍ക്കപ്പെട്ട ഒരു ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങള്‍ ഒരു കിന്റര്‍ഗാര്‍ട്ടനിലും മെഡിക്കല്‍ ക്ലിനിക്ക് സമുച്ചയത്തിലും പതിച്ചിരുന്നതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കൊട്ടാരങ്ങളും ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങളും ഉള്‍പ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളെ സംരക്ഷിക്കുന്നതിനായി സൗദി അറേബ്യ രാജ്യത്തുടനീളം തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ മാറ്റിസ്ഥാപിച്ചുവരികയാണ്.
കൂടുതല്‍ ആക്രമണങ്ങളെ നേരിടാന്‍ ആവശ്യമായ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുടെ ശേഖരം കുറഞ്ഞുവരികയാണെന്നും സൗദി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. എണ്ണയെ മാത്രം ആശ്രയിക്കുന്ന സൗദി സമ്പദ്വ്യവസ്ഥയില്‍ വൈവിധ്യവല്‍ക്കരണം ലക്ഷ്യമിട്ടുള്ള തന്റെ അഭിലാഷപദ്ധതികളില്‍ സാമ്പത്തിക വെല്ലുവിളികള്‍ നേരിടുന്ന മുഹമ്മദ് ബിന്‍ സല്‍മാന് ഹൂതികളുടെ ആക്രമണങ്ങള്‍ കൂടുതല്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചിരിക്കുകയാണ്.


Click it and Unblock the Notifications
