ബുർജ് ഖലീഫയുടെ റെക്കോർഡ് 2028 ല്‍ സൗദി കൊണ്ടുപോകും: പക്ഷെ യുഎഇ തളരില്ല, മറ്റൊരു റെക്കോർഡിന് പണി തുടങ്ങി
2010 ലാണ് ലോകത്തിലെ ഏറ്റവും ഉയരും കൂടിയ കെട്ടിടമായ ബുർജ് ഖലീഫ നിർമ്മാണം പൂർത്തീകരിച്ച് യു എ ഇ ഞെട്ടിച്ചത്. എന്നാല്‍ ബുർജ് ഖലീഫയെ മറികടന്നുകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം നിർമ്മിക്കാനുള്ള നീക്കം സൗദി അറേബ്യ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഒരു കിലോമീറ്ററോളം ഉയരമുള്ള ജിദ്ദ ടവറിന്റെ നിർമ്മാണം 2028 ല്‍ പൂർത്തിയാക്കുമെന്നാണ് സൗദിയുടെ അവകാശവാദം. അങ്ങനെയെങ്കില്‍ 829.8 മീറ്റർ ഉയരമുള്ള ബുർജ് ഖലീഫ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും.
2028 ല്‍ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമെന്ന റെക്കോർഡ് ജിദ്ദ ടവർ കൊണ്ടുപോയാലും അതേവർഷം തന്ന മറ്റൊരു ലോക റെക്കോർഡ് സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് യു എ ഇ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വെൽഫെയിംഗ് റിസോർട്ടായ തെർമെ ദുബായ് 2028 ൽ പൂർത്തികരിക്കുമെന്നാണ് ദുബായ് കിരീടാവകാശിയും പ്രതിരോധ മന്ത്രിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

ലോകത്തിലെ ഏറ്റവും വലിയ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ കൂടിയായിരിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. സ്വകാര്യ മേഖലയുമായി സഹകരിച്ച് സബീല്‍ പാര്‍ക്കിലാണ് ദുബായ് ക്വാളിറ്റി ഓഫ് ലൈഫ് സ്ട്രാറ്റജി 2033ന്റെ ഭാഗമായി സുഖവാസ കേന്ദ്രം നിർമ്മിക്കുന്നത്. ലോകപ്രശസ്ത വാസ്തുവിദ്യാ സ്ഥാപനമായ ഡില്ലർ സ്കോഫിഡിയോ, റെൻഫ്രോ ആണ് തെർമെ ദുബായ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 100 മീറ്ററായിരിക്കും പദ്ധതിയുടെ ഉയരം. ആകെ വിസ്തീർണ്ണം 500000 ചതുരശ്ര അടിയുമായിരിക്കും.
സന്ദർശനം നടത്തുന്നതിന് പുറമെ വിനോദ സഞ്ചാരികള്‍ക്ക് ഇവിടെ താമസിക്കാനും ജോലി ചെയ്യാനും സാധിക്കും. പ്രതിവർഷം 1.7 ദശലക്ഷം സന്ദർശകരെയാണ് റിസോർട്ടിലേക്ക് പ്രതീക്ഷിക്കുന്നത്. ഏകദേശം 544 മില്യൺ ഡോളർ (2 ബില്യൺ ദിർഹം) ആയിരിക്കും പദ്ധതിയുടെ പ്രവർത്തനം പൂർത്തീകരിക്കാന്‍ വേണ്ടി വരുന്ന ചിലവ്.
കുടുംബങ്ങൾക്ക് അനുയോജ്യമായ പ്ലേ ഏരിയ, മുതിർന്നവർക്ക് വിശ്രമിക്കാൻ സൗകര്യം എന്നിവയുൾപ്പെടെ നൂതനമായ വെൽനസ് സോണുകളും റിസോർട്ടിൽ ഉണ്ടായിരിക്കും. മിഷേലിൻ-സ്റ്റാർ ഡൈനിംഗ്, 18 മീറ്റർ വെള്ളച്ചാട്ടങ്ങൾ, ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ബൊട്ടാണിക്കൽ ഗാർഡൻ എന്നിവയാണ് ശ്രദ്ധേയമായ മറ്റ് ആകർഷണങ്ങൾ.
ദുബായിയെ വെൽനസ് ടൂറിസത്തിനുള്ള ഒരു മുൻനിര ലക്ഷ്യസ്ഥാനമാക്കി തെർമെ ദുബായ് മാറ്റുമെന്നും പദ്ധതി അവതരിപ്പിച്ചുകൊണ്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സന്ദർശകരെ ആകർഷിക്കുന്നതിനൊപ്പം പ്രാദേശിക ജനതയുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതുമാണ് ഈ പദ്ധതിയെന്നും അധികൃതർ അറിയിച്ചു.












Click it and Unblock the Notifications