സൗദിയിൽ നിന്ന് ഖത്തറിലേക്ക് ഇനി വെറും 2 മണിക്കൂർ; ബുള്ളറ്റ് ട്രെയിൽ വരുന്നു
ഗൾഫ് മേഖലയിലെ യാത്രാ സൗകര്യങ്ങളിൽ വിപ്ലവകരമായ മാറ്റം കുറിച്ചുകൊണ്ട് സൗദി അറേബ്യയെയും ഖത്തറിനെയും ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽവേ പദ്ധതിക്ക് സൗദി മന്ത്രിസഭയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ചു. സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ റിയാദിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ഈ സുപ്രധാന പ്രവാസി സൗഹൃദ പദ്ധതിക്ക് അനുമതി നൽകിയത്. അതിവേഗ ഇലക്ട്രിക് ട്രെയിനുകൾ ഓടുന്ന ഈ പാത യാഥാർത്ഥ്യമാകുന്നതോടെ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള യാത്രാ സമയം ഗണ്യമായി കുറയും.
പ്രധാന പ്രത്യേകതകൾ
യാത്രാ സമയം: നിലവിൽ റോഡ് മാർഗ്ഗമുള്ള 6 മണിക്കൂർ യാത്ര വെറും 2 മണിക്കൂറായി മാറും.
വേഗത: മണിക്കൂറിൽ 300 കിലോമീറ്ററിൽ അധികം വേഗതയുള്ള ഇലക്ട്രിക് ബുള്ളറ്റ് ട്രെയിനുകളാണ് സർവീസ് നടത്തുക.
ദൂരം: ഏകദേശം 785 കിലോമീറ്റർ നീളമുള്ള അത്യാധുനിക റെയിൽ ശൃംഖലയാണ് നിർമ്മിക്കുന്നത്.

ബന്ധിപ്പിക്കുന്ന നഗരങ്ങൾ: സൗദി തലസ്ഥാനമായ റിയാദിനെയും ഖത്തർ തലസ്ഥാനമായ ദോഹയെയും ബന്ധിപ്പിക്കുന്നതിനൊപ്പം കിഴക്കൻ പ്രവിശ്യയിലെ ദമ്മാം, ഹുഫൂഫ് എന്നീ നഗരങ്ങളിലൂടെയും ഈ പാത കടന്നുപോകും.
വിമാനത്താവളങ്ങൾ തമ്മിൽ റെയിൽ ബന്ധം യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമാകുന്ന മറ്റൊരു കാര്യമാണ്. റിയാദിലെ കിങ് സൽമാൻ അന്താരാഷ്ട്ര വിമാനത്താവളവും ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളവും തമ്മിൽ നേരിട്ടുള്ള റെയിൽ ബന്ധം ഈ പദ്ധതിയോടെ നിലവിൽ വരും. ഇത് ബിസിനസ് യാത്രക്കാർക്കും ടൂറിസ്റ്റുകൾക്കും വലിയ അനുഗ്രഹമാകും. അടുത്ത 6 വർഷത്തിനുള്ളിൽ പദ്ധതിയുടെ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം മേഖലയിലെ സാമ്പത്തിക വളർച്ചയും ഈ പദ്ധതി ലക്ഷ്യമിടുന്നു. ഏകദേശം 30,000 പേർക്ക് പുതിയ തൊഴിലവസരങ്ങൾ ഈ പദ്ധതിയിലൂടെ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. കൂടാതെ വ്യാപാര-ടൂറിസം മേഖലകളിൽ വലിയ മുന്നേറ്റമുണ്ടാകും. പരിസ്ഥിതി സൗഹൃദമായ ഇലക്ട്രിക് ട്രെയിനുകൾ ഉപയോഗിക്കുന്നതിലൂടെ കാർബൺ പുറന്തള്ളൽ കുറയ്ക്കാനും സാധിക്കും. ജി.സി.സി റെയിൽവേ ശൃംഖലയുടെ ഭാഗമായ ഈ പദ്ധതിക്ക് അംഗീകാരം ലഭിച്ചതോടെ ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വരും മാസങ്ങളിൽ അതിവേഗം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.












Click it and Unblock the Notifications