ദീപാവലിക്ക് അഞ്ച് ദിവസം വരെ സ്‌കൂള്‍ അവധി! യുഎഇയിലെ വിദ്യാര്‍ത്ഥികള്‍ക്ക് കോളടിച്ചു
ദീപാവലിയോട് അനുബന്ധിച്ച് യുഎഇ സ്‌കൂളുകള്‍ക്ക് അഞ്ച് ദിവസം വരെ അവധി. ഇന്ത്യന്‍ കരിക്കുലം പിന്തുടരുന്ന ചില സ്‌കൂളുകളാണ് ദീപാവലിക്ക് ഇത്തവണ നാല് മുതല്‍ അഞ്ച് ദിവസം വരെ നീളുന്ന അവധി നല്‍കാന്‍ ആലോചിക്കുന്നത്. വാരാന്ത്യ അവധികളും ഇതില്‍ ഉള്‍പ്പെടുന്നു. ഈ വര്‍ഷം നവംബര്‍ 8, ഞായറാഴ്ചയാണ് ദീപാവലി. അതിനാല്‍ ചില സ്‌കൂളുകള്‍ അധിക അവധി ദിവസങ്ങള്‍ നല്‍കുന്നുണ്ട്.
എന്നാല്‍ മറ്റ് ചില സ്‌കൂളുകള്‍, അവധി നല്‍കാതെ തന്നെ സാംസ്‌കാരിക പരിപാടികളിലൂടെ ദീപാവലി ആഘോഷിക്കും. ദുബായിലെ ജെംസ് അവര്‍ ഓണ്‍ ഇന്ത്യന്‍ സ്‌കൂളില്‍ വാരാന്ത്യ അവധികള്‍ ഉള്‍പ്പെടെ വിദ്യാര്‍ത്ഥികള്‍ക്ക് നാല് ദിവസത്തെ അവധി ലഭിക്കും.

'ഞങ്ങളുടെ അക്കാദമിക് കലണ്ടറില്‍ ദീപാവലിയോട് അനുബന്ധിച്ച് രണ്ട് ദിവസത്തെ അവധി ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാരാന്ത്യ അവധികളും ചേരുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആകെ നാല് ദിവസത്തെ അവധി ലഭിക്കും. നിശ്ചിത അധ്യയന ദിവസങ്ങള്‍ പൂര്‍ത്തിയാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിക്കൊണ്ടുതന്നെയാണ് ഇത് ആസൂത്രണം ചെയ്തിരിക്കുന്നത്,' ദുബായിലെ ജെംസ് അവര്‍ ഓണ്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലും സിഇഒയുമായ ലളിത സുരേഷ് പറഞ്ഞു.
ദുബായിലെ നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെ കണക്കനുസരിച്ച്, എമിറേറ്റിലെ സ്വകാര്യ സ്‌കൂളുകള്‍ കുറഞ്ഞത് 182 അധ്യയന ദിവസങ്ങള്‍ പൂര്‍ത്തിയാക്കണം. അതേസമയം, യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിബന്ധന പ്രകാരം കുറഞ്ഞത് 185 അധ്യയന ദിവസങ്ങള്‍ ഉണ്ടായിരിക്കണം. സിബിഎസ്ഇ, ഐസിഎസ്ഇ പാഠ്യപദ്ധതികള്‍ പിന്തുടരുന്ന ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക്, ദീപാവലിയോട് അനുബന്ധിച്ച് അവധി നല്‍കാന്‍ പ്രാദേശിക വിദ്യാഭ്യാസ അധികൃതര്‍ അനുമതി നല്‍കിയിട്ടുണ്ട്.
ഇന്ത്യന്‍, പാകിസ്ഥാനി, ബംഗ്ലാദേശി പാഠ്യപദ്ധതികള്‍ പിന്തുടരുന്ന സ്‌കൂളുകളില്‍ ഏപ്രിലിലാണ് അക്കാദമിക് വര്‍ഷം ആരംഭിക്കുന്നത്. കെഎച്ച്ഡിഎ, അബുദാബി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എഡ്യൂക്കേഷന്‍ ആന്‍ഡ് നോളജ്, എസ്പിഇഎ, വിദ്യാഭ്യാസ മന്ത്രാലയം തുടങ്ങിയ വിദ്യാഭ്യാസ അധികൃതര്‍ നിശ്ചയിച്ചിട്ടുള്ള നിര്‍ബന്ധിത അധ്യയന ദിവസങ്ങള്‍ പാലിച്ചുകൊണ്ട്, ഓരോ സ്‌കൂളും അവരുടേതായ അക്കാദമിക് കലണ്ടറുകളാണ് പിന്തുടരുന്നത്.
ഇന്ത്യന്‍ ഹൈ ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സിലെ വിദ്യാര്‍ത്ഥികള്‍ക്ക് നവംബര്‍ 7 മുതല്‍ 11 വരെ അഞ്ച് ദിവസത്തെ അവധി ലഭിക്കും. ഇത് കുടുംബങ്ങള്‍ക്ക് ആഘോഷങ്ങളില്‍ മുഴുകാനോ യാത്രകള്‍ ചെയ്യാനോ കൂടുതല്‍ സമയം നല്‍കുന്നു.
'പല വിദ്യാര്‍ത്ഥികളും അധ്യാപകരും ദീപാവലി ആഘോഷിക്കാന്‍ ഇന്ത്യയിലേക്ക് പോകാന്‍ ആഗ്രഹിച്ചേക്കാം, അതേസമയം മറ്റുചിലര്‍ യുഎഇയില്‍ തന്നെ തുടരാന്‍ ആഗ്രഹിച്ചേക്കാം. ഇത് കണക്കിലെടുത്ത്, നവംബര്‍ 7 മുതല്‍ 11 വരെ മൂന്ന് അധിക അവധി ദിവസങ്ങള്‍ ഞങ്ങള്‍ നല്‍കിയിട്ടുണ്ട്,' ഇന്ത്യന്‍ ഹൈ ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സിന്റെ സിഇഒ പുനീത് എം.കെ. വസു പറഞ്ഞു.
ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ പ്രിയപ്പെട്ടവരോടൊപ്പം ചെലവഴിക്കാന്‍ മതിയായ സമയം നല്‍കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് വസു വ്യക്തമാക്കി. യുഎഇയിലെ പല ഇന്ത്യന്‍ സ്‌കൂളുകളെയും പോലെ, അവധിക്ക് മുമ്പായി തങ്ങളുടെ സ്‌കൂളുകളിലും ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നിരുന്നാലും, സ്‌കൂളുകള്‍ക്കനുസരിച്ച് ദീപാവലി അവധിയുടെ ദൈര്‍ഘ്യത്തില്‍ വ്യത്യാസമുണ്ടാകാം.
ഇന്ത്യന്‍ പാഠ്യപദ്ധതി പിന്തുടരുന്ന എല്ലാ സ്‌കൂളുകള്‍ക്കും ഒരേ അവധി ദിവസങ്ങളല്ല ഉള്ളത്. അതിനാല്‍, കൃത്യമായ തീയതികള്‍ അറിയാന്‍ രക്ഷിതാക്കള്‍ തങ്ങളുടെ സ്‌കൂളിലെ അക്കാദമിക് കലണ്ടര്‍ പരിശോധിക്കുകയോ സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ് എന്ന് വിദ്യാഭ്യാസ അധികൃതര്‍ പറഞ്ഞു. ഐബി, ബ്രിട്ടീഷ്, അമേരിക്കന്‍ പാഠ്യപദ്ധതികള്‍ പിന്തുടരുന്ന മിക്ക അന്താരാഷ്ട്ര സ്‌കൂളുകളും ദീപാവലിക്ക് അവധി നല്‍കാറില്ല.
എന്നിരുന്നാലും അന്താരാഷ്ട്ര കരിക്കുലം പിന്തുടരുന്ന സ്‌കൂളുകളും ദീപാവലി ആഘോഷം മുടക്കാറില്ല. ദീപാവലിയുടെ പ്രാധാന്യത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട ആചാരങ്ങളെക്കുറിച്ചും മനസ്സിലാക്കാന്‍ ഇത് വിദ്യാര്‍ത്ഥികളെ സഹായിക്കും എന്ന് ജുമൈറ ബാക്കലറേറ്റ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റിച്ചാര്‍ഡ് ജോണ്‍ ഡ്രൂ പറഞ്ഞു.


Click it and Unblock the Notifications
