പ്രവാസികള്‍ക്ക് തിരിച്ചടി; കുവൈത്ത് വിസ ഫീസ് കുത്തനെ കൂട്ടി, പിന്നാലെ യുഎഇ മോഡല്‍ ഗോള്‍ഡന്‍ വിസ
കുവൈത്ത് സിറ്റി: പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി നല്‍കി വിസ ഫീസ് കുത്തനെ വര്‍ധിപ്പിച്ച് കുവൈത്ത്. കൂടാതെ ദീര്‍ഘകാലം കുവൈത്തില്‍ താമസിക്കാന്‍ അനുമതി നല്‍കുന്ന വിസയും പ്രഖ്യാപിച്ചു. വിസാ നടപടികളില്‍ കാതലായ മാറ്റം വരുത്തിയിരിക്കുകയാണ് ഭരണകൂടം. ഡിസംബര്‍ 23 മുതല്‍ പുതിയ മാറ്റങ്ങള്‍ നിലവില്‍ വരും.
കുടുംബ വിസകള്‍ നിയമവിരുദ്ധമായി ജോലിക്കാരെ കൊണ്ടുവരാനുള്ള വഴിയായി ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ഭരണകൂടം കണ്ടെത്തിയിരുന്നു. ഫീസ് ഘടനയില്‍ മാറ്റം വരുത്തിയതോടെ നിയമവിരുദ്ധമായി പ്രവേശിക്കാന്‍ ശ്രമിക്കുന്നവര്‍ പിന്മാറുമെന്നും സര്‍ക്കാര്‍ കരുതുന്നു. വലിയ നിക്ഷേപം നടത്താന്‍ തയ്യാറുള്ളവര്‍ക്കാണ് ദീര്‍ഘകാല വിസകള്‍ അനുവദിക്കുക.

എല്ലാ വിസിറ്റ്, എന്‍ട്രി വിസകള്‍ക്കുമുള്ള ഫീസ് 10 കുവൈത്ത് ദിനാര്‍ ആണ്. നേരത്തെ ഇത് 4 ദിനാര്‍ വരെ ആയിരുന്നു. തമസ രേഖ പുതുക്കുന്നതിന് 20 ദിനാര്‍ നല്‍കണം. നേരത്തെയുള്ളതിന്റെ ഇരട്ടിയാക്കി ഈ ഫീസ് ഉയര്‍ത്തി. സ്വയം സ്‌പോണ്‍സര്‍ ചെയ്യുന്ന താമസ വിസകള്‍ക്ക് 500 ദിനാര്‍ ആണ് ഫീസ്. മികച്ച വരുമാനമുള്ളവര്‍ക്കാണ് ഈ വിസ അനുവദിക്കുക.
വിദേശ നിക്ഷേപകര്‍ക്കും കുവൈത്തില്‍ സ്വത്ത് വാങ്ങാന്‍ ശേഷിയുള്ളവര്‍ക്കും വിസ ഫീസ് 50 ദിനാര്‍ ആയിരിക്കും. വന്‍കിട നിക്ഷേപകരെ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് ഇവര്‍ക്ക് വിസാ ഫീസ് കുറച്ചിരിക്കുന്നത്. അകന്ന ബന്ധുക്കളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിന് 300 ദിനാര്‍ നല്‍കണം. നേരത്തെ ഇത് 200 ദിനാര്‍ ആയിരുന്നു. പൊതു-സ്വകാര്യ മേഖലയിലെ ജോലിക്കാരുടെ ആശ്രിതരായ പങ്കാളിക്കും മക്കള്‍ക്കുമുള്ള വിസയ്ക്ക് 20 ദിനാര്‍ ആണ് ഫീസ്.
നിക്ഷേപകര്‍, സ്വത്ത് വാങ്ങിയവര്‍, മതസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരുടെ ആശ്രിതര്‍ക്കുള്ള വിസയ്ക്ക് 40 ദിനാര്‍ ആയിരിക്കും ഫീസ്. സ്വയം തൊഴില്‍ ചെയ്യുന്ന താമസക്കാരുടെ ആശ്രിതര്‍ക്ക് 100 കുവൈത്ത് ദിനാര്‍ ആണ് ഫീസ്. സാധാരണ താമസക്കാരുടെ വിസയ്ക്ക് 5 വര്‍ഷമാണ് കാലാവധി. അതേസമയം, കുവൈത്തി വനിതകളുടെ വിദേശികളായ മക്കള്‍, റിയല്‍ എസ്റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്ക് 10 വര്‍ഷം കാലാവധിയുള്ള വിസ നല്‍കും.
എന്തിനാണ് പുതിയ മാറ്റം
വന്‍കിട നിക്ഷേപകര്‍ക്ക് 15 വര്‍ഷത്തെ വിസയും നല്‍കും. മന്ത്രിസഭ തയ്യാറാക്കിയ മാനദണ്ഡങ്ങള്‍ ഇവര്‍ പാലിക്കണം. കുവൈത്തിന്റെ ഭാവി മികച്ചതാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം. യോഗ്യതയുള്ള വ്യക്തികള്‍ മാത്രം രാജ്യത്തേക്ക് എത്തുന്നു എന്ന് ഉറപ്പാക്കുകയാണ് ഭരണകൂടം. മാത്രമല്ല, വന്‍തോതില്‍ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് സഹായിക്കുന്നവരെ ആകര്‍ഷിക്കാനും കുവൈത്ത് തീരുമാനിച്ചിരിക്കുകയാണ്.
അടുത്തിടെ മറ്റു ജിസിസി രാജ്യങ്ങളും ദീര്‍ഘകാല വിസകള്‍ അനുവദിച്ചിരുന്നു. യുഎഇ അനുവദിച്ച ഗോള്‍ഡന്‍ വിസയാണ് ഇതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. കലാകാരന്മാര്‍, ബിസിനസുകാര്‍ തുടങ്ങി പ്രമുഖരെ യുഎഇയിലേക്ക് ആകര്‍ഷിക്കുക എന്നതായിരുന്നു ലക്ഷ്യം. തൊട്ടുപിന്നാലെയാണ് ഒമാനും സൗദി അറേബ്യയുമെല്ലാം സമാനമായ വിസകള്‍ പുറത്തിറക്കിയത്.












Click it and Unblock the Notifications