സൗദിയിലെ യുഎസ് കോണ്‍സുലേറ്റിന് സമീപം വെടിവയ്പ്പ്; രണ്ട് പേര്‍ കൊല്ലപ്പെട്ടു
ജിദ്ദ: സൗദി അറേബ്യയിലെ യു എസ് കോണ്‍സുലേറ്റിന് സമീപത്ത് നടന്ന വെടിവയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ആക്രമി ഉള്‍പ്പടെ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. സുരക്ഷ ജീവനക്കാരനാണ് കൊല്ലപ്പെട്ടവരില്‍ മറ്റൊരാള്‍. ബുധനാഴ്ചയാണ് വെടിവയ്പ്പുണ്ടായതെന്ന് യു എസ് വിദേശകാര്യ വകുപ്പ് അറിയിച്ചു.

കൊല്ലപ്പെട്ട സുരക്ഷ ജീവനക്കാരന്‍ അമേരിക്കന്‍ പൗരനല്ല. ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് കെട്ടിടത്തിന് സമീപം കാറില്‍ വന്ന ഒരാള്‍ കൈയില്‍ തോക്കുമായി പുറത്തിറങ്ങി. തുടര്‍ന്ന് വെടിവച്ചതോടെയാണ് സുരക്ഷ ജീവനക്കാരന്‍ കൊല്ലപ്പെട്ടത്. പിന്നാലെ നടന്ന പ്രത്യാക്രമണത്തില്‍ ആക്രമിയും കൊല്ലപ്പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ആക്രമണത്തില്‍ പരിക്കേറ്റ നേപ്പാള്‍ സ്വദേശിയായ സുരക്ഷ ജീവനക്കാരന്‍ ചികിത്സയിലിരിക്കെയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ യു എസ് കോണ്‍സുലേറ്റ് അടച്ചിട്ടിരിക്കുകയാണ്. കോണ്‍സുലേറ്റിലെ മറ്റ് ഉദ്യോഗസ്ഥര്‍ സുരക്ഷിതരാണ്. സുരക്ഷ ജീവനക്കാരന്റെ മരണത്തില്‍ യു എസ് കോണ്‍സുലേറ്റ് വക്താവ് അനുശോചനം രേഖപ്പെടുത്തി.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കോണ്‍സുലേറ്റിന് നേരെ നിരവധി തവണ ആക്രമണം ഉണ്ടായിട്ടുണ്ട്. 2016ല്‍ കോണ്‍സുലേറ്റിന് സമീപമുണ്ടായ സ്ഫോടനത്തില്‍ ഒരു ചാവേര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2004ല്‍, അഞ്ച് പേര്‍ അടങ്ങുന്ന സംഘം ബോംബുകളും തോക്കുകളുമായി യുഎസ് കോണ്‍സുലേറ്റിലേക്ക് ഇരച്ചുകയറി, നാല് സൗദി സുരക്ഷാ ഉദ്യോഗസ്ഥരും പുറത്തുള്ള അഞ്ച് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. അക്രമി സംഘത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെടുകയും രണ്ട് പേരെ പിടികൂടുകയും ചെയ്തിരുന്നു.












Click it and Unblock the Notifications