ബിസ്മില്‍-അഷ്ഫാഖ് സൗഹൃദം മതേതര ഇന്ത്യയുടെ മാതൃക: മന്‍സൂര്‍ പള്ളൂര്‍
റിയാദ്: സ്വാതന്ത്ര്യസമര സേനാനികള്‍ സ്വപ്നം കണ്ട മതേതരവും ഐക്യപൂര്‍ണവുമായ ഇന്ത്യയെ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്ന് എഴുത്തുകാരനും ചിന്തകനും ഐഒസി മിഡില്‍ ഈസ്റ്റ് കണ്‍വീനറുമായ മന്‍സൂര്‍ പള്ളൂര്‍ പറഞ്ഞു. സ്വാതന്ത്ര്യസമരത്തിന്റെ മൂല്യങ്ങളും സന്ദേശങ്ങളും പുതുതലമുറയിലേക്ക് പകര്‍ന്നുനല്‍കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ബത്ഹ സബര്‍മതിയില്‍ സംഘടിപ്പിച്ച 'ആസാദി @ 79' പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യസമരത്തിലെ റാം പ്രസാദ് ബിസ്മിലും അഷ്ഫാഖുള്ള ഖാനും തമ്മിലുള്ള ആത്മബന്ധം മതസൗഹാര്‍ദ്ദത്തിന്റെയും ദേശീയ ഐക്യത്തിന്റെയും ഉജ്ജ്വല മാതൃകയാണെന്ന് മന്‍സൂര്‍ പള്ളൂര്‍ പറഞ്ഞു.

മതത്തിന്റെ അതിര്‍വരമ്പുകള്‍ക്കപ്പുറം രാജ്യത്തിന്റെ സ്വാതന്ത്ര്യമായിരുന്നു ഇരുവരുടെയും ലക്ഷ്യം. കാക്കോരി സംഭവത്തെ തുടര്‍ന്ന് ബ്രിട്ടീഷ് ഭരണകൂടം വധശിക്ഷയ്ക്ക് വിധേയരാക്കിയ ഈ യുവ വിപ്ലവകാരികളുടെ സൗഹൃദവും ത്യാഗവും ഇന്ത്യയുടെ മതേതര പൈതൃകത്തിലെ വിലപ്പെട്ട അധ്യായമാണെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിജി, നെഹ്‌റു, പട്ടേല്‍, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ് തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം ചരിത്രത്തില്‍ വേണ്ടത്ര ഓര്‍മ്മിക്കപ്പെടാതെ പോയ അനേകം സ്വാതന്ത്ര്യസമര സേനാനികളെയും പുതുതലമുറ പരിചയപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മതവിദ്വേഷവും ജാതീയ വേര്‍തിരിവുകളും അവസാനിപ്പിച്ച് എല്ലാവര്‍ക്കും തുല്യ അവകാശങ്ങളുള്ള ഇന്ത്യയെ അടുത്ത തലമുറയ്ക്ക് കൈമാറുന്നതാണ് സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് നല്‍കാവുന്ന ഏറ്റവും വലിയ ആദരമെന്നും മന്‍സൂര്‍ പള്ളൂര്‍ പറഞ്ഞു. സ്വാതന്ത്ര്യം അതിര്‍ത്തികളില്‍ മാത്രം സംരക്ഷിക്കേണ്ടതല്ലെന്നും ഓരോ മനുഷ്യന്റെയും മനസ്സിലും ചിന്തയിലും സംരക്ഷിക്കേണ്ടതാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ചടങ്ങില്‍ ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി മീഡിയ കണ്‍വീനര്‍ അശ്‌റഫ് മേച്ചേരി അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കണ്‍വീനര്‍ നാദിര്‍ഷാ റഹ്‌മാന്‍ ആമുഖ പ്രഭാഷണം നടത്തി. ഭാരവാഹികളായ ഷംനാദ് കരുനാഗപ്പള്ളി, റഷീദ് കൊളത്തറ, അബ്ദുള്ള വല്ലാഞ്ചിറ, ഷിഹാബ് കൊട്ടുകാട്, ഷമീര്‍ മാളിയേക്കല്‍, രഘുനാഥ് പറശ്ശിനിക്കടവ്, മാള മുഹിയുദ്ധീന്‍, സൈഫ് കായംകുളം, അബ്ദുല്‍ കരീം കൊടുവള്ളി എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സോണി പാറക്കല്‍ സ്വാഗതവും ബഷീര്‍ കോട്ടക്കല്‍ നന്ദിയും രേഖപ്പെടുത്തി.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ മലപ്പുറം ജില്ലയിലെ ജൈസല്‍ വാണിയമ്പലം ഒന്നാം സ്ഥാനവും കോഴിക്കോട് ജില്ലയിലെ റിയാസ് ആസാദ് രണ്ടാം സ്ഥാനവും, മലപ്പുറം ജില്ലയിലെ ജംഷീര്‍ ചെറുകാട് മൂന്നാം സ്ഥാനവും, അജ്‌നാസ് എറണാകുളം നാലാം സ്ഥാനവും കരസ്ഥമാക്കി. പ്രോഗ്രാം കണ്‍വീനര്‍ നാദിര്‍ഷാ റഹ്‌മാന്‍ മത്സരം നിയന്ത്രിച്ചു. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഒഐസിസിയുടെ പൊതുപരിപാടിയില്‍ വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.
പരിപാടിയുടെ ഭാഗമായി നേതാക്കളും പ്രവര്‍ത്തകരും കേക്ക് മുറിച്ച് മധുരം പങ്കിട്ടാണ് സ്വാതന്ത്ര്യദിനാഘോഷം നടത്തിയത്. ചടങ്ങില്‍ ഒഐസിസി ഗ്ലോബല്‍, നാഷണല്‍, സെന്‍ട്രല്‍, ജില്ലാ ഭാരവാഹികളും പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കാളികളായി.





Click it and Unblock the Notifications