യുഎഇ വഴി യൂറോപ്പിലേക്ക് പറക്കാന്‍ രണ്ടാഴ്ച മാത്രം മതി: ചിലവും കുറവും, യാത്രക്കാരുടെ എണ്ണവും കൂടി
യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദർശിക്കുന്നതിന് വേണ്ടിയുള്ള ഷെങ്കന്‍ വിസ നേടിയെടുക്കുക എന്നുള്ള ഇന്ത്യക്കാരെ സംബന്ധിച്ച് അത്ര പ്രയാസകരമുള്ള കാര്യം അല്ലെങ്കിലും ദീർഘനാള്‍ കാത്തിരിക്കേണ്ടി വരും. മാത്രവുമല്ല ഇന്ത്യയില്‍ നിന്നും പല യൂറോപ്യന്‍ നഗരങ്ങളിലേക്കുള്ള വിമാനക്കുലിയും വളരെ ഉയർന്നതാണ്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ കഥയാണ് യു എ ഇയില്‍ നിന്നുള്ള അപേക്ഷകർക്ക് പറയാനുള്ളത്.
യു എ ഇയിലെ ഇന്ത്യൻ നിവാസികൾക്ക് യൂറോപ്പിലേക്കുള്ള യാത്രകൾ ആസൂത്രണം ചെയ്യുമ്പോൾ മിതമായ വിമാനക്കൂലി മാത്രമല്ല വിസകള്‍ വളരെ വേഗത്തില്‍ ലഭിക്കുന്നു എന്നുമാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. അതായത് നിലവിൽ ശരാശരി രണ്ടാഴ്ചയോ അതിൽ താഴെയോ മാത്രമാണ് യു എ ഇയില്‍ നിന്നുള്ള ഷെങ്കന്‍ വിസ അപേക്ഷകർക്ക് കാത്തിരിക്കേണ്ടി വരുന്നത്.

ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ശൈത്യകാല യാത്രാ സീസണിൽ, അതായത് ക്രിസ്മസ്, ന്യൂ ഇയർ അവധിക്കാലത്ത് യു എ ഇ, ജിസിസി നിവാസികൾ യൂറോപ്യൻ രാജ്യങ്ങളിലേക്ക് പോകുന്നത് വർധിച്ചു.
ഒരു ഷെങ്കന്‍ വിസ ഹ്രസ്വകാല അല്ലെങ്കിൽ താത്കാലിക സന്ദർശനങ്ങൾക്കുള്ള എൻട്രി പെർമിറ്റായി മാറുന്നു. ഇതിലൂടെ ഒന്നിലധികം യൂറോപ്യൻ രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഷെങ്കന്‍ പ്രദേശത്തിനുള്ളിൽ യാത്ര ചെയ്യുന്നതിനുള്ള അനുമതി വ്യക്തികൾക്ക് നൽകുന്നു.
അയൽരാജ്യങ്ങളായ സ്വിറ്റ്‌സർലൻഡ്, നോർവേ, ഐസ്‌ലാൻഡ്, ലിച്ചെൻസ്റ്റൈൻ എന്നിവയ്‌ക്കൊപ്പം 27 യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽ 23 എണ്ണവും ഷെങ്കൻ ഏരിയയിൽ ഉൾപ്പെടുന്നു. യു എ ഇയില്‍ നിന്നുള്ള പാസ്‌പോർട്ട് ഉടമകൾക്ക് വിസ ലഭിക്കേണ്ട ആവശ്യമില്ലെങ്കിലും, ഈ ഇളവ് രാജ്യത്തെ വിദേശികൾക്ക് ബാധകമല്ല. യുഎഇയിൽ താമസിക്കുന്ന വിദേശികൾ ഷെങ്കന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് വിസയ്ക്ക് അപേക്ഷിക്കണം.
സാധരണഗതിയില്‍ ഒക്‌ടോബർ മുതൽ ഡിസംബർ അവസാനം വരെയുള്ള ഷെങ്കൻ വിസ അപ്പോയിന്റ്‌മെന്റുകൾ പ്രോസസ്സ് ചെയ്യാൻ ഒന്നോ രണ്ടോ മാസം വരെ എടുക്കും. ഇത് പലപ്പോഴും യാത്രക്കാരെ നിരുത്സാഹപ്പെടുത്തുന്നു. എന്നാല്‍ നിലവില്‍ ഇതില്‍ വലിയ മാറ്റമാണ് വന്നിരിക്കുന്നത്. നിലവിൽ, യുഎഇയിലെ യൂറോപ്യൻ എംബസികൾ ബുക്കിങ്ങിനായി കൂടുതല്‍ സ്ലോട്ടുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഇതിലൂടെ വിസകൾ രണ്ടാഴ്ചയ്ക്കുള്ളിൽ പ്രോസസ്സ് ചെയ്യാൻ അനുവദിക്കുന്നു.
2024-ൽ യുഎഇ യാത്രക്കാരുടെ മുൻനിര തിരഞ്ഞെടുപ്പായി യൂറോപ്പ് തുടരുമെന്ന് ജിഎച്ച്എയിലെ സ്ട്രാറ്റജി എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ക്രിസ്റ്റി ഗോളും അഭിപ്രായപ്പെട്ടു. അതേസമയം, അടുത്തിടെ 7,00,000 ഫ്രഞ്ച് ഷെങ്കന്‍ വിസകൾക്കുള്ള ഓൺലൈൻ നടപടിക്രമങ്ങളിലേക്ക് പൂർണ്ണമായും മാറാനുള്ള പദ്ധതി ഫ്രാൻസ് പ്രഖ്യാപിച്ചിരുന്നു. വരാനിരിക്കുന്ന പാരീസ് ഒളിമ്പിക്‌സിനായി സന്ദർശകർക്ക് ഡിജിറ്റൽ ഷെങ്കന്‍ വിസ നൽകുന്ന ആദ്യത്തെ യൂറോപ്യൻ രാജ്യം കൂടിയായി ഫ്രാന്‍സ് മാറുന്നു.












Click it and Unblock the Notifications