ഹജ്ജ് തീര്‍ത്ഥാടകരെ സ്വീകരിക്കാനൊരുങ്ങി സൗദിയിലെ ഈ ആറ് വിമാനത്താവളങ്ങള്‍
റിയാദ്: അടുത്ത മാസത്തെ വാര്‍ഷിക ഹജ്ജ് തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുന്ന വിശ്വാസികളെ സ്വീകരിക്കുന്നതിനായി ആറ് പ്രധാന വിമാനത്താവളങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടെന്ന് സൗദി സിവില്‍ ഏവിയേഷന്‍. ഹജ്ജ് സീസണില്‍ 7700 വിമാനങ്ങളില്‍ 3.4 ദശലക്ഷം സീറ്റുകള്‍ അനുവദിച്ചിട്ടുണ്ടെന്ന് സൗദി ജനറല്‍ അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ കൂട്ടിച്ചേര്‍ത്തു.
ചെങ്കടല്‍ നഗരമായ ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളം, പടിഞ്ഞാറന്‍ നഗരമായ തായിഫിലെ തായിഫ് അന്താരാഷ്ട്ര വിമാനത്താവളം, റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, തീരദേശ നഗരമായ യാന്‍ബുവിലെ പ്രിന്‍സ് അബ്ദുല്‍മോഹ്സെന്‍ അന്താരാഷ്ട്ര വിമാനത്താവളം, പടിഞ്ഞാറന്‍ നഗരമായ ദമാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലാണ് വിശ്വാസികളെ സ്വീകരിക്കുക.

ആറ് വിമാനത്താവളങ്ങളിലെ 13 ടെര്‍മിനലുകളിലായി ഹജ്ജ് തീര്‍ഥാടകരെ സ്വീകരിക്കുന്നതിനായി 21000 ജീവനക്കാര്‍ സേവനം നല്‍കുമെന്ന് സൗദി വിമാനത്താവളങ്ങള്‍ നിയന്ത്രിക്കുന്ന മതറാത്ത് ഹോള്‍ഡിംഗ് കമ്പനി അറിയിച്ചു. രാജ്യത്തെ വിമാനത്താവളങ്ങളിലുടനീളമുള്ള തീര്‍ഥാടകര്‍ക്ക് യാത്രാ നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിന് പാസഞ്ചര്‍ വിത്തൗട്ട് എ ബാഗ് സര്‍വീസ് സേവനം ലഭ്യമാണെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.
യാത്രക്കാര്‍ക്ക് അവരുടെ താമസസ്ഥലത്ത് നിന്ന് എല്ലാ യാത്രാ നടപടിക്രമങ്ങളും അന്തിമമാക്കാനും ആഭ്യന്തരമോ അന്തര്‍ദ്ദേശീയമോ ആയാലും ഫ്‌ളൈറ്റ് ഷെഡ്യൂളിന് 24 മണിക്കൂര്‍ മുമ്പ് ലഗേജ് അയയ്ക്കാന്‍ ഈ സേവനം അനുവദിക്കുന്നു. അതേസമയം, ലോകമെമ്പാടുമുള്ള തീര്‍ത്ഥാടകരെ കൊണ്ടുവരാന്‍ 1.2 ദശലക്ഷത്തിലധികം സീറ്റുകളുള്ള 150 വിമാനങ്ങള്‍ അനുവദിച്ച് ഹജ്ജ് സീസണിന് തയ്യാറാണെന്ന് സൗദി ഫ്‌ലാഗ് കാരിയര്‍ അറിയിച്ചു.
ലോകമെമ്പാടുമുള്ള 2 ദശലക്ഷത്തിലധികം മുസ്ലീങ്ങള്‍ ഈ സീസണിലെ ഹജ്ജ് തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. റമദാനില്‍ ഗ്രാന്‍ഡ് മസ്ജിദില്‍ രാജ്യത്തിനകത്തും പുറത്തും നിന്നുള്ള 30 ദശലക്ഷം മുസ്ലിങ്ങള്‍ ഉംറ നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ലോകമെമ്പാടുമുള്ള 1.8 ദശലക്ഷം മുസ്ലിങ്ങളാണ് ഹജ്ജ് നിര്‍വഹിച്ചത്. ഇത് കൊവിഡിന് മുമ്പുള്ള എണ്ണത്തിലേക്ക് എത്തിയിരുന്നു.












Click it and Unblock the Notifications