സൗദി അറേബ്യ മാത്രമല്ല, പാകിസ്താനൊപ്പം തുര്‍ക്കിയും ചേരുന്നു; പശ്ചിമേഷ്യയില്‍ പുതിയ സഖ്യം
ദുബായ്: സൗദി അറേബ്യയും പാകിസ്താനും തമ്മില്‍ ഒപ്പുവച്ച പ്രതിരോധ കരാറിന്റെ ഭാഗമാകാന്‍ തുര്‍ക്കിയും. ഇരുരാജ്യങ്ങളെയും തുര്‍ക്കി താല്‍പ്പര്യം അറിയിച്ചുവെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. തുര്‍ക്കിയും പാകിസ്താനും ഏറെ കാലമായി സൗഹൃദം നിലനില്‍ക്കുന്നതിനാല്‍ സൗദി അറേബ്യയുടെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാകും.
മുസ്ലിം രാജ്യങ്ങളിലെ പ്രധാന ശക്തികളാണ് തുര്‍ക്കിയും സൗദിയും പാകിസതാനും. മൂന്ന് രാജ്യങ്ങളും പ്രതിരോധ കരാര്‍ ഒപ്പുവയ്ച്ചാല്‍ പശ്ചിമേഷ്യയിലെ രാഷ്ട്രീയ ചിത്രം മാറും. മൂന്നു രാജ്യങ്ങളും മേഖലയില്‍ പലകാര്യങ്ങളിലും സമാന നിലപാടുകരാണ്. ചില കാര്യങ്ങളില്‍ സൗദിയും തുര്‍ക്കിയും രണ്ട് തട്ടിലാണ്. അതേസമയം, തുര്‍ക്കി നാറ്റോ അംഗവുമാണ്.

അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സഖ്യത്തിലെ രണ്ടാമത്തെ സൈനിക ശക്തിയാണ് തുര്‍ക്കി. അമേരിക്കന്‍ സൈനികര്‍ കഴിഞ്ഞാല്‍ നാറ്റോയില്‍ കൂടുതല്‍ സൈനികര്‍ തുര്‍ക്കിയുടേതാണ്. അമേരിക്കയുടെ പല നീക്കങ്ങളോടും വിയോജിപ്പിച്ചുള്ള രാജ്യമാണ് തുര്‍ക്കി. അതുകൊണ്ടുതന്നെ പാകിസ്താന്‍-സൗദി സഖ്യത്തിലേക്ക് തുര്‍ക്കി മാറിയാല്‍ നാറ്റോ വിടുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
കഴിഞ്ഞ സെപ്തംബറിലാണ് സൗദി അറേബ്യയും പാകിസ്താനും സൈനിക പ്രതിരോധ കരാറില്‍ ഒപ്പുവച്ചത്. ഏതെങ്കിലും ഒരു രാജ്യത്തെ ആക്രമിച്ചാല്‍ ഇരുരാജ്യങ്ങളെയും ആക്രമിച്ചതിന് തുല്യമായി കണക്കാക്കി ഇടപെടുമെന്നതാണ് പ്രതിരോധ കരാറിന്റെ കാതല്‍. ഈ ഗണത്തിലേക്കാണ് തുര്‍ക്കിയും വരുന്നത്. അതായത്, മുസ്ലിം രാജ്യങ്ങളിലെ പ്രധാന ശക്തികളുടെ ഐക്യം രൂപപ്പെടും. അമേരിക്കയും ഇസ്രായേലും സംശയത്തോടെയാണ് ഈ നീക്കത്തെ കാണുക.
ഈ ഒന്നിക്കലിന് കാരണം ഇസ്രായേല്‍?
ആണവ ശക്തിയുള്ള ഏക മുസ്ലിം രാജ്യം പാകിസ്താനാണ്. ലോകത്തെ പ്രധാന ആയുധ-പ്രതിരോധ നിര്‍മാണ വസ്തുക്കളുടെ ഉല്‍പ്പാദകരാണ് തുര്‍ക്കി. പശ്ചിമേഷ്യയിലെ പ്രധാന സാമ്പത്തിക ശക്തിയാണ് സൗദി അറേബ്യ. ഈ മൂന്ന് രാജ്യങ്ങളും ഒന്നാവുന്നതില്‍ ഏറ്റവും ആശങ്കപ്പെടുന്നത് ഇസ്രായേല്‍ ആയിരിക്കും. മൂന്ന് രാജ്യങ്ങളും ഇസ്രായേലിനെ എതിര്‍ക്കുന്നവരാണ്.
ഇസ്രായേലിന്റെ പലസ്തീന്‍ അധിനിവേശമാണ് ഒരുതരത്തില്‍ ഈ സഖ്യത്തിന് കാരണം. ഗാസയില്‍ ഇസ്രായേല്‍ ആക്രമണം നടത്തുന്ന വേളയില്‍ തന്നെയാണ് പലസ്തീന്‍ നേതാവ് ഇസ്മാഈല്‍ ഹനിയ്യയെ ഇറാനില്‍ വച്ച് ഇസ്രായേല്‍ കൊലപ്പെടുത്തിയത്. ഇറാനും ഇസ്രായേലും തമ്മിലുള്ള പോരിലേക്ക് കാര്യങ്ങളെത്തിച്ചു. ഇതിനിടെയാണ് ഇറാനിലെ സുപ്രധാന കേന്ദ്രങ്ങള്‍ അമേരിക്ക ആക്രമിച്ചത്. തിരിച്ചടിയായി ഇറാന്‍ ആക്രമിച്ചത് ഖത്തറിലെ അമേരിക്കന്‍ സൈനിക താവളമാണ്.
ഖത്തറിലെ അല്‍ ഉദൈദ് സൈനിക താവളം ഇറാന്‍ ആക്രമിച്ച തൊട്ടടുത്ത ദിവസങ്ങളിലാണ് പാകിസ്താനുമായി സൗദി പ്രതിരോധ കരാര്‍ ഒപ്പുവച്ചത്. സാധാരണ അമേരിക്കയുമായിട്ടാണ് ജിസിസി രാജ്യങ്ങള്‍ ഇത്തരം കരാറുകള്‍ ഒപ്പുവയ്ക്കാറുള്ളത്. പാകിസ്താന്‍ മേഖലയിലെ സൈനിക ശക്തിയായി വരുന്നു, തൊട്ടുപിന്നാലെ തുര്‍ക്കി കൂടെ എത്തുന്നു, വലിയ മാറ്റങ്ങളാണ് പശ്ചിമേഷ്യയില്‍ സംഭവിക്കുന്നത്.












Click it and Unblock the Notifications