തുര്‍ക്കി ഇടപെടുമോ? വിമാനം റദ്ദായേക്കാം; ജാഗ്രതയോടെ സൗദി അറേബ്യ, കുവൈത്ത് യുഎസ് എംബസികള്‍
പശ്ചിമേഷ്യയില്‍ സാഹചര്യം വീണ്ടും അശാന്തി നിറഞ്ഞതായേക്കാമെന്ന് സൂചന. പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്ക. സൗദി അറേബ്യയിലെയും കുവൈത്തിലെയും യുഎസ് എംബസികളാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. വിമാന യാത്ര റദ്ദാകാനും യാത്രകള്‍ തടസപ്പെടാനും സാധ്യതയുണ്ടെന്ന് നിര്‍ദേശത്തില്‍ പറയുന്നു. സൗദിയുടെ സുരക്ഷയ്ക്ക് തുര്‍ക്കി ഇടപെടുമെന്ന സൂചനയും വന്നു കഴിഞ്ഞു.
ഇറാനെതിരെ അമേരിക്ക ശക്തമായ ആക്രമണത്തിന് ഒരുങ്ങുന്നു എന്നാണ് മറ്റൊരു വിവരം. ശക്തമായ തിരിച്ചടി പ്രതീക്ഷിക്കാമെന്ന് ഇറാനും വ്യക്തമാക്കി. നേരത്തെ തയ്യാറാക്കിയ ഏഴ് ധാരണകള്‍ അംഗീകരിച്ചാല്‍ മാത്രമേ ഹോര്‍മുസ് കടല്‍പാത തുറക്കൂ എന്ന് ഇറാന്‍ സൈന്യം പറഞ്ഞു. പശ്ചിമേഷ്യയില്‍ പോര് മുറുകിയേക്കുമെന്ന വിവരങ്ങളാണ് വരുന്നത്....

പശ്ചിമേഷ്യയിലുള്ള അമേരിക്കന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണം എന്നാണ് യുഎസ് എംബസികളുടെ മുന്നറിയിപ്പ്. വ്യോമപാത അടച്ചിടാനനും വിമാന സര്‍വീസ് റദ്ദാക്കപ്പെടാനും സാധ്യതയുണ്ട്. യാത്രകള്‍ തടസപ്പെട്ടേക്കം. സുരക്ഷാ സാഹചര്യം മോശമാകാന്‍ സാധ്യതയുണ്ടെന്നും എംബസികള്‍ അറിയിക്കുന്നു. റിയാദ്, ജിദ്ദ, ദഹ്‌റാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ സംബന്ധിച്ച് വിമാന കമ്പനികളുടെ അറിയിപ്പുകള്‍ പരിശോധിക്കണം. സൗദിക്കെതിരെ ഹൂതികള്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നും യുഎസ് എംബസികള്‍ പറയുന്നു.
പശ്ചിമേഷ്യയ്ക്ക് പുറത്തുള്ള യുഎസ് കേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടേക്കാം. യുഎസ് കമ്പനികളും മറ്റും ലക്ഷ്യമിടാനുള്ള സാധ്യതയുണ്ട്. അടിയന്തര സാഹചര്യത്തില്‍ പൗരന്മാര്‍ക്ക് ബന്ധപ്പെടാന്‍ യുഎസ് കാര്യാലയങ്ങള്‍ സജ്ജമായിരിക്കും. ആള്‍ക്കൂട്ടങ്ങള്‍ക്ക് അടുത്തേക്ക് പോകരുത്. പോലീസിന്റെ സാന്നിധ്യം കൂടുതലുള്ള പ്രദേശത്ത് നിന്ന് വിട്ടുനില്‍ക്കണം, പ്രാദേശിക മാധ്യമങ്ങള്‍ നിരീക്ഷിക്കണം, സൗദി അധികൃതര്‍ നല്‍കുന്ന നിര്‍ദേശം പിന്തുടരണം എന്നും എംബസികള്‍ അറിയിക്കുന്നു.
അതേസമയം, സൗദിയെ സഹായിക്കാന്‍ തയ്യാറാണ് എന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി ഹകന്‍ ഫിദാന്‍ പറഞ്ഞു. സൗദി അറേബ്യയ്ക്ക് സൈനിക സഹായം വേണ്ടി വന്നേക്കാം. പ്രത്യേകിച്ചും സാങ്കേതിക കാര്യങ്ങളില്‍. തുര്‍ക്കി അത് നല്‍കാന്‍ തയ്യാറാണ് എന്ന് മന്ത്രി പറഞ്ഞു. തുര്‍ക്കിയും സൗദിയും പാകിസ്താനും അടുത്തിടെ മക്ക പ്രതിരോധ സഹകരണ കരാറില്‍ ഒപ്പുവെച്ചിരുന്നു.
ഹൂതികള്‍ യമനില്‍ വലിയ മുന്നേറ്റം നടത്തുന്നുണ്ട്. സൗദിയുടെ എണ്ണ കയറ്റുമതിയെ ഇത് ബാധിച്ചിരിക്കുകയാണ്. ചെങ്കടലിലെ ചരക്കുപാത സൗദിക്ക് മുമ്പില്‍ അടയുമെന്നാണ് കരുതുന്നത്. ഹൂതികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കാന്‍ സൗദി തയ്യാറായേക്കുമെന്നും കേള്‍ക്കുന്നു. സൗദി അറേബ്യയ്ക്ക് അമേരിക്ക ആയുധങ്ങള്‍ നല്‍കുമെന്നാണ് മറ്റൊരു വിവരം. ഈ വേളയിലാണ് സഹായ സന്നദ്ധത അറിയിച്ച് തുര്‍ക്കിയും രംഗത്തുവന്നിരിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തില്‍ കൂടുതല്‍ കളിക്കാര്‍ എത്തുമെന്ന ആശങ്കയും ശക്തമാണ്.


Click it and Unblock the Notifications
