തുര്‍ക്കി ഇടപെടുന്നു; ഇറാനെ പൂട്ടാന്‍ പുതിയ റെയില്‍വെ, സൗദി അറേബ്യ വഴി ഒമാനിലേക്ക് തീവണ്ടി ഓടും
തുര്‍ക്കി ആയിരുന്നു ഒരുകാലത്ത് മുസ്ലിം രാജ്യങ്ങളുടെ തലവന്‍. ഓട്ടോമന്‍ സാമ്രാജ്യം നിലനിന്നിരുന്ന കാലത്ത് മുസ്ലിങ്ങള്‍ തുര്‍ക്കിയിലെ ഉസ്മാനിയ ഖിലാഫത്ത് അംഗീകരിച്ചിരുന്നു. ഇതിനെതിരെ ബ്രിട്ടന്‍ നീങ്ങിയപ്പോഴാണ് ഇന്ത്യയില്‍ ഉള്‍പ്പെടെ ഖിലാഫത്ത് പ്രസ്ഥാനം രൂപപ്പെട്ടതും സ്വാതന്ത്ര്യ സമരം ശക്തമായതും. ഒന്നാംലോക യുദ്ധകാലത്താണ് തുര്‍ക്കിയില്‍ നിന്ന് സൗദിയിലേക്ക് നിര്‍മാണത്തിലിരുന്ന റെയില്‍പാത തകര്‍ക്കപ്പെട്ടത്.
ഹിജാസ് റെയില്‍വെ എന്ന് അറിയപ്പെട്ടിരുന്ന ഈ പാത വീണ്ടും സജീവമാക്കാനാണ് തുര്‍ക്കിയുടെ നീക്കം. സൗദി അറേബ്യയുമായും സിറിയയുമായും തുര്‍ക്കി ചര്‍ച്ച നടത്തി കഴിഞ്ഞു. ഈ പാത ഒമാന്‍ വരെ നീട്ടുന്ന കാര്യവും തുര്‍ക്കി പരിഗണിക്കുകയാണ്. അങ്ങനെ സാധ്യമായാല്‍ ഹോര്‍മുസ് വഴിയുള്ള പ്രതിസന്ധിയില്‍ ഹിജാസ് റെയില്‍വെ വലിയ ആശ്വാസമാകും.

പശ്ചിമേഷ്യയിലെ യുദ്ധ തന്ത്രത്തിന്റെ ഭാഗമായി ഇറാന്‍ ഹോര്‍മുസ് പാത അടച്ചിരിക്കുകയാണ്. ജിസിസി രാജ്യങ്ങള്‍ ഉള്‍പ്പെടെ വലിയ പ്രതിസന്ധിയിലായി എന്നതാണ് ഇതിന്റെ ഫലം. അമേരിക്ക യുദ്ധം നിര്‍ത്തണം എന്ന് ജിസിസി രാജ്യങ്ങള്‍ ആവശ്യപ്പെടാന്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് ഇറാന്‍. യുദ്ധം ഇപ്പോഴും തീര്‍ന്നിട്ടില്ല. ഹോര്‍മുസ് പാത തുറന്നിട്ടുമില്ല.
ഈ സാഹചര്യത്തിലാണ് തുര്‍ക്കിയുടെ പുതിയ നീക്കം. ഹോര്‍മുസ് അടയ്ക്കുന്നതും തുറക്കുന്നതും നോക്കിയിട്ട് കാര്യമില്ല, പുതിയ പാത വെട്ടിത്തെളിക്കാം എന്നാണ് തുര്‍ക്കിയുടെ നിലപാട്. ഇറാനുമായും സൗദിയുമായും അടുത്ത സൗഹൃദം പുലര്‍ത്തുന്ന രാജ്യം കൂടിയാണ് തുര്‍ക്കി. ഇരുവരെയും പിണക്കാതെ പുതിയ പാതയ്ക്കുള്ള നീക്കമാണ് തുര്‍ക്കി നടത്തുന്നത്.
ഏതൊക്കെ രാജ്യങ്ങളെ ബന്ധിപ്പിച്ചാണ് ഹിജാസ് റെയില്‍പാത
സൗദി അറേബ്യയിലെ പടിഞ്ഞാറന്‍ മേഖലയാണ് ഹിജാസ്. തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നിന്ന് മക്കയിലേക്കും മദീനയിലേക്കുമുള്ള റെയില്‍പാത ആയിരുന്നു ഖിലാഫത്ത് കാലത്ത് തുര്‍ക്കിയുടെ പദ്ധതി. തുര്‍ക്കിയുടെ അധീനതയില്‍ ആയിരുന്നു അന്ന് ഈ പ്രദേശങ്ങള്‍. ഖിലാഫത്ത് തകര്‍ന്നതോടെ ആധുനിക സൗദി അറേബ്യ രൂപപ്പെട്ടു. പുതിയ രാഷ്ട്രീയ-വ്യാപാര പശ്ചാത്തലത്തില്‍ റെയില്‍പാത വീണ്ടും പൊടിതട്ടി എടുക്കുകയാണ് തുര്‍ക്കി.
തുര്‍ക്കി അതിര്‍ത്തിയില്‍ നിന്ന് സിറിയയിലെ അലപ്പോയിലേക്ക് പുതിയ റെയില്‍പാത നിര്‍മിക്കേണ്ടതുണ്ട്. അലപ്പോയില്‍ നിന്ന് ദമസ്‌കസിലേക്ക് നിലവില്‍ പാത റെഡിയാണ്. ജോര്‍ദാന്‍-സൗദി അതിര്‍ത്തിയിലും പാത വരണം. സൗദി അറേബ്യയുമായി വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്. റിയാദിലേക്കും പാത ഒരുക്കാന്‍ സാധിച്ചാല്‍ പിന്നീട് ഒമാനിലേക്കും നീട്ടും. ഇതോടെ ഹോര്‍മുസ് തൊടാതെ ചരക്കുകള്‍ കൊണ്ടുപോകാന്‍ സാധിക്കും- തുര്‍ക്കി ഗതാഗത മന്ത്രി അബ്ദുല്‍ കാദിര്‍ യുറലോഗ്ലു പറഞ്ഞു.
മക്കയ്ക്കും മദീനക്കുമിടയില്‍ അതിവേഗ പാത നിലവിലുണ്ട്. സിറിയയുമായി തുര്‍ക്കി രണ്ട് മാസം മുമ്പ് ചര്‍ച്ച നടത്തിയിരുന്നു. ഹിജാസ് റെയില്‍പാത കടന്നുപോകുന്ന എല്ലാ രാജ്യങ്ങളെയും ചേര്‍ത്തു പിടിച്ച് പുതിയ പാത ഒരുക്കുകയാണ് തുര്‍ക്കിയുടെ ലക്ഷ്യം. സൗദി അറേബ്യ ഒരു ഭാഗത്ത് കപ്പല്‍ പാത ഒരുക്കുമ്പോഴാണ് തുര്‍ക്കി മുന്‍കൈയ്യെടുത്ത് റെയില്‍പാത ഒരുക്കുന്നത്.















Click it and Unblock the Notifications