അബുദാബി എയര്‍പോര്‍ട്ട് സ്തംഭിച്ചു; ആഫ്രിക്കന്‍ രാജാവ് വന്നത് 15 ഭാര്യമാര്‍ക്കൊപ്പം, വീഡിയോ വൈറല്‍
ദുബായ്: ആഫ്രിക്കയിലെ എസ്വാറ്റിനി എന്ന രാജ്യത്തെ ഭരണാധികാരിയായ എംസ്വാറ്റി മൂന്നാമന്‍ യുഎഇ തലസ്ഥാനമായ അബുദാബിയില്‍ കുടുംബവുമൊത്ത് എത്തിയ വീഡിയോ വീണ്ടും വൈറല്‍. കഴിഞ്ഞ ജൂലൈയില്‍ രാജാവ് എത്തിയ വീഡിയോ ആണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായിരിക്കുന്നത്. രാജാവ് കുടുംബവും പരിവാരങ്ങളും ഉള്‍പ്പെടെ വന്‍ പട തന്നെ അന്ന് അബുദാബിയിലെത്തിയിരുന്നു.
ഇതോടെ അബുദാബി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം അല്‍പ്പ നേരം തടസപ്പെട്ടു എന്നാണ് പ്രചാരണം. വിവിഐപികള്‍ ഒരുമിച്ച് എത്തിയതാണ് കാരണം. ചില ടെര്‍മിനലുകള്‍ അല്‍പ്പനരേത്തെക്ക് അടച്ചിടേണ്ടി വന്നു. 15 ഭാര്യമാരും 30 മക്കളും ഉള്‍പ്പെടെയാണ് രാജാവിനൊപ്പമുണ്ടായിരുന്നത് എന്നും സ്വകാര്യ വിമാനത്തിലാണ് ഇവര്‍ വന്നതെന്നുമാണ് വാര്‍ത്ത.

ആഫ്രിക്കന്‍ രാജ്യമാണ് ഇസ്വാറ്റിനി. നാലുഭാഗവും കരയാല്‍ ചുറ്റപ്പെട്ട കൊച്ചു രാജ്യം. ദക്ഷിണാഫ്രിക്കയും മൊസാംബികുമെല്ലാം അതിര്‍ത്തി രാജ്യങ്ങളാണ്. നേരത്തെ സ്വാസിലാന്റ് എന്നായിരുന്നു ഈ രാജ്യത്തിന്റെ പേര്. 2018ലാണ് ഔദ്യോഗികമായി പുനര്‍നാമകരണം ചെയ്തത്. ആഫ്രിക്കയിലെ അവസാനത്തെ രാജാവാണ് എംസ്വാറ്റി മൂന്നാമന്‍. ഇദ്ദേഹത്തിന്റെ പിതാവ് സുഭുസ രണ്ടാമന് 125 ഭാര്യമാരുണ്ടായിരുന്നു എന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയില്‍ പറയുന്നത്.
ദാരിദ്ര്യത്തില്‍ ജീവിക്കുന്ന ജനം
വീഡിയോ പ്രചരിക്കാന്‍ തുടങ്ങിയതോടെ കടുത്ത വിമര്‍ശനവും നേരിടുന്നുണ്ട്. കടുത്ത ദാരിദ്ര്യമാണ് ഇസ്വാറ്റിനിയില്‍. ഈ വേളയിലാണ് രാജാവ് ആഡംബര ജീവിതം നയിക്കുന്നത്. മതിയായ വെള്ളവും വെളിച്ചവും ഇല്ലാത്ത രാജ്യമാണിത്. 1986 മുതല്‍ എംസ്വാറ്റി ആണ് രാജ്യം ഭരിക്കുന്നത്. 100 കോടി ഡോളര്‍ ആണത്രെ ഇദ്ദേഹത്തിന്റെ ആസ്തി.
ആരോഗ്യ, വിദ്യാഭ്യാസ മേഖല പൂര്‍ണമായും തകര്‍ന്ന രാജ്യമാണ് ഇസ്വാറ്റിനി. മതിയായ മരുന്നുകള്‍ ഇല്ലാത്തതും കുട്ടികള്‍ വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിക്കുന്നതുമെല്ലാം വലിയ വെല്ലുവിളിയായി തുടരുന്നു. 23 ശതമാനമായിരുന്ന തൊഴിലില്ലായ്മ 2021ല്‍ 33 ശതമാനമായി ഉയര്‍ന്നു എന്നാണ് ലോകബാങ്ക് റിപ്പോര്‍ട്ട്. രാജ്യത്തെ പ്രധാന കമ്പനികളിലെല്ലാം രാജാവിന് ഓഹരി പങ്കാളിത്തമുണ്ട് എന്ന് സ്വാസിലാന്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജാവിന്റെ ആഡംബര ജീവിതം എപ്പോഴും മാധ്യമങ്ങളില്‍ നിറയാറുണ്ട്. പരമ്പരാഗത വേഷം ധരിച്ചാണ് അദ്ദേഹം വിദേശ യാത്ര പോലും നടത്തുന്നത്. അബുദാബിയില്‍ എത്തിയതും അങ്ങനെ തന്നെ. ഇവരെ യുഎഇ നേതൃത്വം സ്വീകരിക്കുന്നതും വീഡിയോയിലുണ്ട്. ഓരോ വര്‍ഷവും നടക്കുന്ന റീഡ് ഡാന്‍സ് ആഘോഷ വേളയില്‍ ഒരു യുവതിയെ രാജാവ് വിവാഹം ചെയ്യുമെന്നാണ് പറയപ്പെടുന്ത്. നൂറ്റാണ്ടുകളായി തുടരുന്ന ആചാരമാണത്രെ.












Click it and Unblock the Notifications