അബുദാബി വിമാനത്താവളം ഇനി സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്; വന്‍ ഓഫറുകളുമായി വിമാനക്കമ്പനികള്‍
അബുദാബി: അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ പേര് സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നാക്കി മാറ്റി. ഫെബ്രുവരി 9 ന് പ്രസിഡന്‍ഷ്യല്‍ കോടതിയിലെ പ്രത്യേക കാര്യ ഉപദേഷ്ടാവും അബുദാബി എയര്‍പോര്‍ട്ട് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ തഹ്നൂന്‍ അല്‍ നഹ്യാന്‍ പങ്കെടുത്ത ചടങ്ങിലാണ് ഔദ്യോഗിക പുനര്‍നാമകരണം നടന്നത്.
ആഘോഷങ്ങളുടെ ഭാഗമായി അബുദാബി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന എയര്‍ലൈനുകള്‍ പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ശൈഖ് സായിദിനോടുള്ള ആദരസൂചകമായാണ് വിമാനത്താവളത്തിന്റെ പേര് മാറ്റിയത്. യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. 2023 നവംബറില്‍ ടെര്‍മിനല്‍ എ തുറന്നതിനെ തുടര്‍ന്നാണ് വിമാനത്താവളത്തിന്റെ പേര് മാറ്റുന്നത്.

അബുദാബി ആസ്ഥാനമായ ഇത്തിഹാദ് എയര്‍വേയ്സ് അബുദാബിയില്‍ നിന്ന് തിരഞ്ഞെടുത്ത ലക്ഷ്യസ്ഥാനങ്ങളിലേക്ക് പുറപ്പെടുന്ന യാത്രക്കാര്‍ക്ക് പ്രത്യേക ഓഫര്‍ അവതരിപ്പിച്ചിച്ചുണ്ട്. ഫെബ്രുവരി 19 നും ജൂണ്‍ 15 നും ഇടയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഫെബ്രുവരി 14 വരെ പരിമിത സമയ ഓഫര്‍ ലഭ്യമായിരിക്കും. ഈ ആഘോഷങ്ങളില്‍ ഇത്തിഹാദ് എയര്‍വേയ്സ് അഭിമാനത്തോടെ പങ്കുചേരുന്നു എന്ന് ചീഫ് റവന്യൂ ആന്‍ഡ് കൊമേഴ്സ്യല്‍ ഓഫീസര്‍ അരിക് ഡെ പറഞ്ഞു.
യു എ ഇയുടെ ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായ വിസ് എയര്‍ അബുദാബിയും യാത്രക്കാര്‍ക്കായി പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ 30 വരെയുള്ള യാത്രകള്‍ക്കുള്ള ബുക്കിംഗുകള്‍ക്ക് 20 ശതമാനം കിഴിവാണ് എയര്‍ലൈന്‍ വാഗ്ദാനം ചെയ്യുന്നത്. അലക്സാന്‍ഡ്രിയ, അങ്കാറ, അക്കാബ, ബിഷ്‌കെക്ക്, കെയ്റോ, ദമാം, കുട്ടൈസി, കുവൈത്ത്, ലാര്‍നാക്ക, മസ്‌കറ്റ്, മദീന, സമര്‍ഖണ്ഡ്, സോഹാഗ്, താഷ്‌കന്റ്, തുര്‍ക്കിസ്ഥാന്‍, യെരേവാന്‍ എന്നീ തിരഞ്ഞെടുത്ത റൂട്ടുകളിലായിരിക്കും ഇളവ്.
സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് സര്‍വീസ് നടത്തുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും പേരുമാറ്റം എമിറേറ്റിലുടനീളമുള്ള വ്യോമയാന മേഖലയുടെ വളര്‍ച്ചയിലെ സുപ്രധാന നാഴികക്കല്ലാണെന്നും വിസ് എയര്‍ അബുദാബി മാനേജിംഗ് ഡയറക്ടര്‍ ജോഹാന്‍ ഈദാഗന്‍ പറഞ്ഞു. ഇത് കൂടാതെ വിമാനത്താവളങ്ങളിലെ റെസ്റ്റൊറന്റുകള്‍, ഷോപ്പുകള്‍, കഫേകള്‍, ഡ്യൂട്ടി ഫ്രീ എന്നിവിടങ്ങളിലും ഇന്ന് വരെ ഡിസ്‌കൗണ്ടുകളും പ്രത്യേക ഓഫറുകളുമുണ്ട്.
742,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമാണ് സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളത്. 4.5 കോടി യാത്രക്കാര്‍ക്കാണ് പ്രതിവര്‍ഷം ഈ വിമാനത്താവളം സേവനം നല്‍കുന്നത്.












Click it and Unblock the Notifications