കുതിച്ചുയര്‍ന്ന് വിമാന നിരക്ക്; അവധിയാണെങ്കിലും പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങാമെന്ന് കരുതേണ്ട
ദുബായ്: ദേശീയ ദിനത്തോട് അനുബന്ധിച്ച് അവധി നീട്ടിയെങ്കിലും നാട്ടിലേക്ക് മടങ്ങാനുള്ള പ്രവാസികളുടെ നീക്കത്തിന് കനത്ത തിരിച്ചടി. വിമാനകമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിയതോടെ പീക്ക് പിരീയഡിനേക്കാള്‍ അധിക നിരക്ക് ടിക്കറ്റിന് ഒടുക്കേണ്ട അവസ്ഥയിലാണ് ദുബായ് നിവാസികള്‍. ഇന്ത്യയിലേക്കോ യുഎസിലേക്കോ യാത്ര ചെയ്യാന്‍ യുഎഇ നിവാസികള്‍ സെപ്തംബറിലെ നിരക്കിനെ അപേക്ഷിച്ച് 15-30 ശതമാനം അധികം നല്‍കേണ്ടി വരും.
ചിലയിടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് സെപ്റ്റംബറിലെ നിരക്കിനെ അപേക്ഷിച്ച് ഇരട്ടിയായി. ഇക്കണോമി വിമാന നിരക്ക് ഒരു മാസം മുമ്പ് 875 ദിര്‍ഹം (ദുബായ്-മുംബൈ) ആയിരുന്നു. എന്നാല്‍ നവംബര്‍ 28 മുതല്‍ ഡിസംബര്‍ 3 വരെയുള്ള തിയതികളില്‍ യാത്ര ചെയ്യുമ്പോള്‍ ഇവിടേക്ക് 1,482 ദിര്‍ഹം കൊടുക്കണം. ദുബായ് മുതല്‍ ലണ്ടന്‍ വരെയുള്ള യാത്രക്ക് 2,530 ദിര്‍ഹം ആയിരുന്നത് 3,805 ദിര്‍ഹം ആയും ഉയര്‍ന്നിട്ടുണ്ട്.

1790 ദിര്‍ഹമായിരുന്ന ബാങ്കോക്കിലേക്കുള്ള ടിക്കറ്റിന് 2975 ദിര്‍ഹവും 4270 ദിര്‍ഹമുണ്ടായിരുന്ന ടോക്കിയോയിലേക്ക് 5725 ദിര്‍ഹവും കൊടുക്കണം. ദേശീയ ദിന വാരാന്ത്യത്തില്‍ ഡിസംബര്‍ 4 കൂടി ഉള്‍പ്പെടുത്തുമെന്ന് യുഎഇ അധികൃതര്‍ പ്രഖ്യാപിച്ചതിന് ശേഷമാണ് ടിക്കറ്റ് നിരക്കില്‍ വര്‍ധനവുണ്ടായത്. ഇന്ത്യയിലെയും യു എസിലേയും ഒട്ടുമിക്ക വിമാനത്താവളങ്ങളിലേക്കുമുള്ള ടിക്കറ്റ് നിരക്ക് കൂട്ടിയിട്ടുണ്ട്.
സെപ്തംബറില്‍ ദല്‍ഹിയിലേക്ക് 770 ദിര്‍ഹമുണ്ടായിരുന്നത് 1510 ദിര്‍ഹമായി. ന്യൂയോര്‍ക്കിലേക്ക് 3850 ദിര്‍ഹം ഉള്ളിടത്ത് 4373 ദിര്‍ഹവും ഹൂസ്റ്റണിലേക്ക് 5730 ദിര്‍ഹമുള്ളിടത്ത് 7685 ദിര്‍ഹവും ആയി വര്‍ധിച്ചു. ക്രിസ്മസ്, പുതുവത്സര അവധികള്‍ അടുക്കുന്നതിനാല്‍ യുകെയിലേക്കുള്ള നിരക്ക് 10-15 ശതമാനം അധിക വര്‍ധനവ് കാണിക്കുന്നുണ്ട്. അതേസമയം യൂറോപ്പിലേക്കുള്ള നിരക്കുകളില്‍ വലിയ വ്യത്യാസമൊന്നും വന്നിട്ടില്ല.
യുഎഇയില്‍ നിന്നുള്ള ഷെഞ്ചന്‍ വിസ അപ്പോയിന്റ്മെന്റുകളിലെ കാലതാമസം 2024 ജനുവരി 10 ന് ശേഷവും യൂറോപ്യന്‍ അവധിക്കാല പദ്ധതികള്‍ മാറ്റിവയ്ക്കാന്‍ യാത്രക്കാരെ പ്രേരിപ്പിക്കുന്നുവെന്ന് ട്രിപ്സ് എവേയുടെ സ്ഥാപകന്‍ ഷാനവാസ് ഖാന്‍ പറഞ്ഞു. യൂറോപ്പിലേക്കുള്ള ഡയറക്ട് എക്കണോമി റിട്ടേണ്‍ വിമാന നിരക്ക് 1,511 ദിര്‍ഹം (പ്രാഗ്), 2,845 ദിര്‍ഹം (പാരീസ്), 3,705 ദിര്‍ഹം (ബാഴ്സലോണ), 2,125 ദിര്‍ഹം (ഏഥന്‍സ്) എന്നങ്ങനെയാണ്. അതേസമയം ഡിസംബറിലെ അവധിക്കാല പ്ലാനുകള്‍ക്കായി പല യാത്രക്കാരും നേരിട്ടുള്ള ഫ്‌ലൈറ്റിന് പകരം കണക്റ്റിംഗ് ഫ്‌ലൈറ്റുകള്‍ തിരഞ്ഞെടുക്കുകയാണ്.












Click it and Unblock the Notifications