യുഎഇ ഗോള്‍ഡന്‍ വിസ മാറുന്നു; ഇനി മുതല്‍ നഴ്‌സുമാര്‍ക്കും, ഒപ്പം ബ്ലൂ റസിഡന്‍സി വിസയും
ദുബായ്: മികച്ച കഴിവുള്ളവരെ ആകര്‍ഷിക്കാനും അവരുടെ നേട്ടങ്ങള്‍ രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടി ഉപയോഗപ്പെടുത്താനും 2019ലാണ് യുഎഇ ഭരണകൂടം ഗോള്‍ഡന്‍ വിസ ആരംഭിച്ചത്. മലയാള സിനിമാ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെ ഗോള്‍ഡന്‍ വിസ ലഭിച്ചവരാണ്. ദീര്‍ഘകാലം യുഎഇയില്‍ താമസിക്കാന്‍ സഹായിക്കുന്നതാണ് ഈ വിസ.
ഇക്കഴിഞ്ഞ ദിവസം ലോക നഴ്‌സസ് ദിനത്തില്‍ ദുബായ് കിരീടവകാശി ശൈഖ് ഹംദാന്‍ രാജകുമാരന്‍ സുപ്രധാന പ്രഖ്യാപനം നടത്തി. ദുബായില്‍ സേവനം അനുഷ്ടിച്ച നഴ്‌സുമാര്‍ക്കും ഇനി മുതല്‍ ഗോള്‍ഡന്‍ വിസ ലഭിക്കുമെന്ന്. ഗോള്‍ഡന്‍ വിസയ്ക്ക് യോഗ്യതയുള്ള മറ്റു ചില കാറ്റഗറി കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം സമാന വിസയായ ബ്ലൂ റസിഡന്‍സി വിസ സംബന്ധിച്ചും അറിയാം...

ദുബായിലെ ആരോഗ്യ രംഗത്ത് 15 വര്‍ഷത്തില്‍ അധികം സേവനം അനുഷ്ടിച്ച നഴ്‌സുമാര്‍ക്ക് ഇനി മുതല്‍ ഗോള്‍ഡന്‍ വിസ ലഭിക്കും. ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കുക എന്ന യുഎഇ ഭരണകൂടത്തിന്റെ ലക്ഷ്യത്തിന് വലിയ സംഭാവനകള്‍ ചെയ്തവരാണ് നഴ്‌സുമാര്‍ എന്നും അവരുടെ ആതുരശുശ്രൂഷ സേവനം വിലമതിക്കാനാവത്തതാണ് എന്നും ശൈഖ് ഹംദാന്‍ പറഞ്ഞു.
ദുബായില്‍ സേവനം അനുഷ്ടിച്ച സ്വകാര്യ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്കും ഇനി മുതല്‍ ഗോള്‍ഡന്‍ വിസ കിട്ടും. മികച്ച പ്രവര്‍ത്തനം നടത്തിയ അധ്യാപകരെയാണ് പരിഗണിക്കുക. ഇവര്‍ക്ക് കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാനും സാധിക്കും. അധ്യാപകര്‍, പ്രിന്‍സിപ്പല്‍, റാസല്‍ഖൈമയിലെ സ്വകാര്യ സ്‌കൂളുകളിലെ മുതിര്‍ന്ന ജീവനക്കാര്‍ എന്നിവരും ഗോള്‍ഡന്‍ വിസ ലഭിക്കാന്‍ അര്‍ഹരാണ്.
കണ്ടന്റ് ക്രിയേറ്റര്‍മാര്‍, സിനിമാ നിര്‍മാതാക്കള്‍, ഓണ്‍ലൈന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ എന്നിവര്‍ക്കും ഗോള്‍ഡന്‍ വിസ കിട്ടും. 40 മീറ്റര്‍ നീണ്ട ആഡംബര നൗകയുള്ളവര്‍ക്കും ഈ വിസ ലഭിക്കും. ഗോള്‍ഡന്‍ വിസ ലഭിക്കുന്നവര്‍ക്ക് കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാന്‍ സാധിക്കുമെന്നതും എടുത്തു പറയേണ്ടതാണ്. സമാനമായ പ്രത്യേകതകളുള്ള വിസ തന്നെയാണ് ബ്ലൂ റസിഡന്‍സി വിസയും.
എന്താണ് പത്ത് വര്‍ഷത്തേക്കുള്ള ബ്ലൂ വിസ
പരിസ്ഥിതി സംരക്ഷണ മേഖലയില്‍ അതുല്യമായ സംഭാവനകള്‍ നല്‍കിയവര്‍ക്ക് നല്‍കുന്ന ദീര്‍ഘകാല വിസയാണ് ബ്ലൂ വിസ. 10 വര്‍ഷമാണ് കാലാവധി. അടുത്തിടെയാണ് ഈ വിസ യുഎഇ ഭരണകൂടം പ്രഖ്യാപിച്ചത്. രാജ്യത്തുള്ള വിദേശികള്‍ക്കും വിദേശത്തുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും ബ്ലൂ വിസ അനുവദിക്കും. വിദേശത്തുള്ളവര്‍ക്ക് 180 ദിവസത്തെ ഒന്നിലധികം തവണ എന്‍ട്രി പാസ് നല്‍കുന്ന വിസ അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. ബ്ലൂ വിസയുടെ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനാണിത്.
ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, സംരംഭകര്‍, പരിസ്ഥിതി സംഘടനകളിലെ അംഗങ്ങള്‍ എന്നിവര്‍ക്കെല്ലാം ബ്ലൂ റസിഡന്‍സി വിസ ലഭിക്കും. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും സംഘടനാ നേതാക്കള്‍ക്കും അപേക്ഷിക്കാം. പരിസ്ഥിതി പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിച്ചതിന് പുരസ്‌കാരം ലഭിച്ചവര്‍ക്കും ബ്ലൂ വിസ കിട്ടും.
ഐസിപി പ്ലാറ്റ്‌ഫോം വഴി നോമിനേഷന്‍ സമര്‍പ്പിക്കുകയാണ് അപേക്ഷകന്‍ ആദ്യം ചെയ്യേണ്ടത്. ഇതിന് അനുമതി ലഭിച്ച ശേഷം വിസ അപേക്ഷ സമര്‍പ്പിക്കണം. വ്യക്തി വിവരങ്ങള്‍, അനുബന്ധമായ രേഖകള്‍ എന്നിവയും സമര്‍പ്പിക്കേണ്ടി വരും. യുഎഇയില്‍ താമസിക്കുന്ന വ്യക്തിയാണെങ്കില്‍ വിസ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യണം. 10 വര്‍ഷം യുഎഇയില്‍ താമസിക്കാനും ജോലി ചെയ്യാനും വിസ ലഭിച്ചാല്‍ അനുമതിയുണ്ടാകും.
യുഎഇയുടെ ഗോള്‍ഡന്‍ വിസയ്ക്ക് സമാനമായ വിസ സൗദി അറേബ്യയും നല്‍കുന്നുണ്ട്. ഗ്രീന്‍ കാര്‍ഡ് എന്ന പ്രിമിയം റസിഡന്‍സി വിസയാണത്. ദീര്‍ഘാകലം സൗദി അറേബ്യയില്‍ താമസിക്കാന്‍ അനുമതി നല്‍കുന്ന വിസയാണിത്. ഇത് ലഭിക്കുന്നവര്‍ക്ക് ഒട്ടേറെ ആനുകൂല്യങ്ങളും ലഭിക്കും. കഴിവുള്ള വിദേശികളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം.












Click it and Unblock the Notifications