യുഎഇയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച് അള്‍ജീരിയ; വ്യോമപാത അടയ്ക്കുമെന്ന് മുന്നറിയിപ്പ്
യുഎഇയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കാന്‍ തീരുമാനിച്ചതായി അള്‍ജീരിയ. ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ച് അബുദാബി നടത്തിയ പ്രകോപനപരമോ ശത്രുതാപരമോ ആയ നടപടികളെത്തുടര്‍ന്നാണ് തീരുമാനം. യുഎഇയുടെ നടപടികള്‍ ഇനിയും അംഗീകരിക്കാനാവാത്ത അവസ്ഥയിലാണെന്നും, ഉഭയകക്ഷി ബന്ധം നിലനിര്‍ത്താനുള്ള എല്ലാ വഴികളും തങ്ങള്‍ പരീക്ഷിച്ചുകഴിഞ്ഞുവെന്നും അള്‍ജീരിയന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
എമിറാത്തി അംബാസഡറെ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തി തീരുമാനം അറിയിക്കുകയും, അത് നടപ്പിലാക്കാന്‍ 48 മണിക്കൂര്‍ സമയം നല്‍കുകയും ചെയ്തതായി മന്ത്രാലയം അറിയിച്ചു. തുടര്‍ന്ന്, വെള്ളിയാഴ്ച മുതല്‍ യുഎഇയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ സിവില്‍, സൈനിക വിമാനങ്ങള്‍ക്കും തങ്ങളുടെ വ്യോമപാത അടച്ചിടുമെന്ന് അള്‍ജീരിയ പ്രഖ്യാപിച്ചതായി പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് 'എന്നഹാര്‍ ടിവി' റിപ്പോര്‍ട്ട് ചെയ്തു.

നിലവിലെ കരാര്‍ അവസാനിക്കുന്ന 2026 അവസാനം വരെ, അള്‍ജീരിയയിലേക്കും തിരിച്ചുമുള്ള യുഎഇ വാണിജ്യ വിമാനങ്ങളെ ഈ വിലക്കില്‍ നിന്ന് ഒഴിവാക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. അതിനിടെ നയതന്ത്ര ബന്ധം വിച്ഛേദിക്കാനുള്ള അള്‍ജീരിയയുടെ തീരുമാനം താല്‍ക്കാലികം മാത്രമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎഇ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
'സഹോദരതുല്യരായ അള്‍ജീരിയന്‍ ജനതയോടുള്ള ആദരവും, ഇരു ജനതകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന, പ്രത്യേകിച്ച് യുഎഇയില്‍ താമസിക്കുന്ന അള്‍ജീരിയന്‍ സമൂഹത്തിലൂടെയും സന്ദര്‍ശകരിലൂടെയും രൂപപ്പെട്ട ബന്ധങ്ങളിലുള്ള അഭിമാനവും യുഎഇ ഉറപ്പിക്കാന്‍ ശ്രമിക്കും,' മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
നയതന്ത്ര ബന്ധങ്ങള്‍ രഹസ്യസൂചനകളിലും വ്യാഖ്യാനം ആവശ്യമുള്ള സന്ദേശങ്ങളിലും അധിഷ്ഠിതമാകുന്നതിന് പകരം യുക്തി, ആശയവിനിമയം, താല്‍പ്പര്യങ്ങളുടെ വ്യക്തത എന്നിവയില്‍ അധിഷ്ഠിതമായിരിക്കണമെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവായ അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു.
വിവിധ പ്രാദേശിക വിഷയങ്ങളില്‍ അള്‍ജീരിയസും അബുദാബിയും വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ചതോടെ, സമീപ വര്‍ഷങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വര്‍ധിച്ചുവരികയാണ്. ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിനെ അള്‍ജീരിയ എതിര്‍ക്കുമ്പോള്‍, 2020-ല്‍ അമേരിക്കയുടെ മധ്യസ്ഥതയിലുള്ള അബ്രഹാം കരാറിലൂടെ യുഎഇയും അള്‍ജീരിയയുടെ പ്രാദേശിക എതിരാളിയായ മൊറോക്കോയും ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചിരുന്നു.
പതിറ്റാണ്ടുകള്‍ പഴക്കമുള്ള 'വെസ്റ്റേണ്‍ സഹാറ' തര്‍ക്കത്തിലും ഇരുരാജ്യങ്ങളും വിരുദ്ധ ചേരികളിലാണ് നിലകൊള്ളുന്നത്. വെസ്റ്റേണ്‍ സഹാറയില്‍ തങ്ങളുടെ കോണ്‍സുലേറ്റ് പ്രവര്‍ത്തിപ്പിക്കുന്ന മൊറോക്കോയുടെ പരമാധികാര അവകാശവാദത്തെ യുഎഇ പിന്തുണയ്ക്കുമ്പോള്‍, സ്വതന്ത്ര വെസ്റ്റേണ്‍ സഹാറയ്ക്കായി വാദിക്കുന്ന 'പോളിസാരിയോ ഫ്രണ്ടി'നെയാണ് അള്‍ജീരിയ പിന്തുണയ്ക്കുന്നത്.
സാഹേല്‍ മേഖലയിലും ഇരുരാജ്യങ്ങളുടെയും താല്‍പ്പര്യങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുന്നുണ്ട്. ഈ മേഖലയിലെ പല സര്‍ക്കാരുകളുമായും യുഎഇ സമീപകാലത്ത് ബന്ധം വിപുലീകരിച്ചപ്പോള്‍, തുടര്‍ച്ചയായുണ്ടായ സൈനിക അട്ടിമറികള്‍ക്ക് ശേഷം തെക്കന്‍ അയല്‍രാജ്യങ്ങളുമായുള്ള അള്‍ജീരിയയുടെ ബന്ധം വഷളാവുകയാണുണ്ടായത്. ഈ മേഖലയിലെ പല രാജ്യങ്ങളെയും അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന ഒരു ചെറിയ രാജ്യം എന്നാണ് അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍മജീദ് തെബ്ബൂന്‍ പലപ്പോഴും പ്രസംഗങ്ങളില്‍ യുഎഇയെ വിശേഷിപ്പിക്കാറുള്ളത്.
'അവര്‍ കാലുകുത്തുന്നിടത്തെല്ലാം രക്തം ഒഴുകുന്നു,' എന്ന് ജൂലൈയില്‍ നല്‍കിയ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. യുഎഇയുടെ ഇടപെടലുകള്‍ 'വളരെ പ്രതികൂലമായ സ്വാധീനം' ചെലുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഞങ്ങളുടെ രാജ്യത്ത് രക്തച്ചൊരിച്ചില്‍ ഉണ്ടാകാതിരിക്കാന്‍ അവര്‍ അകന്നുനില്‍ക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്,' അദ്ദേഹം പറഞ്ഞു.
അറബ് ലോകത്തെ ഭിന്നതകള്‍ വര്‍ധിപ്പിക്കുന്നത് ഒഴിവാക്കാന്‍ അള്‍ജീരിയ ശ്രമിച്ചിരുന്നില്ലെങ്കില്‍, നയതന്ത്ര ബന്ധം വിച്ഛേദിക്കപ്പെടുന്നത് പണ്ടേ സംഭവിച്ചേനെ എന്ന് അന്ന് തെബ്ബൂന്‍ പറഞ്ഞിരുന്നു.





Click it and Unblock the Notifications
