യുഎഇയും ഒമാനും പുതിയ ചരിത്രം കുറിക്കുന്നു: ഹഫീത് ചില്ലറകളിയല്ല; ഗള്‍ഫ് മേഖലയെ ആകെ മാറ്റി മറിക്കും
ഗള്‍ഫ് മേഖലയിലെ ആദ്യ അന്തർരാജ്യ ട്രെയിന്‍ പദ്ധതിയായ ഹഫീത് റെയിൽ പദ്ധതിയുടെ നിർമ്മാണം അതിവേഗത്തില്‍ പുരോഗമിക്കുന്നു. ഒമാനിലെ സോഹാർ തുറമുഖത്തെ യുഎഇ തലസ്ഥാനമായ അബുദാബിയുമായി ബന്ധിപ്പിക്കുന്ന 303 കിലോമീറ്റർ ദൈർഘ്യമുള്ള ഹഫീത് റെയിൽ പദ്ധതിയുടെ പ്രധാന നിർമാണ നാഴികക്കല്ലുകൾ ഇതിനോടകം പിന്നിട്ട് കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
3 ബില്യൺ ഡോളർ മുതൽമുടക്കുള്ള ഈ അത്യാധുനിക റെയിൽവേ പദ്ധതി എത്തിഹാദ് റെയിൽ, ഒമാൻ റെയിൽ, മുബദാല ഇൻവെസ്റ്റ്മെന്റ് കമ്പനി എന്നിവയുടെ സംയുക്ത സംരഭത്തിലാണ് നിർമ്മിക്കുന്നത്. വ്യാപാരത്തിനും യാത്രകള്‍ക്കും ഒരു പോലെ തന്നെ പ്രധാന്യം നല്‍കി കൊണ്ടാണ് റെയില്‍പാതയുടെ നിർമ്മാണം. ലോകത്തെ തന്നെ പ്രമുഖ കമ്പനികളാണ് നിർമ്മാണത്തില്‍ സഹകരിക്കുന്നത്.

ട്രോജൻ കൺസ്ട്രക്ഷൻ ഗ്രൂപ്പിന്റെയും ഗൽഫർ എഞ്ചിനീയറിംഗിന്റെയും നേതൃത്വത്തിലുള്ള ഒമാനി-എമിറാത്തി സഖ്യത്തിന് 1.3 ബില്യൺ ഡോളറിന്റെ സിവിൽ വർക്ക് കരാർ ലഭിക്കുന്നത് 2024 ഏപ്രിലിലാണ്. സീമെൻസ് മൊബിലിറ്റിയും ഹസൻ അല്ലാം കൺസ്ട്രക്ഷനും ചേർന്ന് യൂറോപ്യൻ ട്രെയിൻ കൺട്രോൾ സിസ്റ്റം (ETCS ലെവൽ 2) ഉൾപ്പെടെ അത്യാധുനിക സിഗ്നലിംഗും ടെലികമ്മ്യൂണിക്കേഷനും വൈദ്യുതി വിതരണ സംവിധാനങ്ങളും സ്ഥാപിക്കും.
പ്രോഗ്രസ് റെയിൽ 27 എസ്ഡി70എസിഎസ് ആണ് ലോക്കോമോട്ടീവുകൾ വിതരണം ചെയ്യുക. മരുഭൂമിയിലെ കഠിനമായ സാഹചര്യങ്ങൾക്ക് അനുയോജ്യമായി രൂപകൽപ്പന ചെയ്തതാണ് മുഴുവന്‍ ലോക്കോ മോട്ടീവുകളും.
പദ്ധതി നടപ്പിലാകുന്നതോടെ ഗള്‍ഫ് മേഖലയിലെ യാത്രാ രംഗത്ത് തന്നെ പുതിയ വിപ്ലവം സൃഷ്ടിക്കും. ഹഫീത് റെയിൽ വഴി സോഹാറിനും അബുദാബിക്കും ഇടയിലുള്ള യാത്രാസമയം 3 മണിക്കൂർ 25 മിനിറ്റിൽ നിന്ന് 1 മണിക്കൂർ 40 മിനിറ്റായും, സോഹാറിനും അൽ ഐനിനും ഇടയിലുള്ള യാത്ര 47 മിനിറ്റായും കുറയ്ക്കുമെന്നാണ് അധികൃത വ്യക്തമാക്കുന്നത്.
ഒരു ചരക്ക് ട്രെയിനിന് 15,000 ടൺ ചരക്ക് അല്ലെങ്കിൽ 270 സ്റ്റാൻഡേർഡ് കണ്ടെയ്നറുകൾ വഹിക്കാനാകും. ഇത് ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ വിതരണ ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കും. പാസഞ്ചർ ട്രെയിനുകൾ മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിലും ചരക്ക് ട്രെയിനുകൾ 120 കിലോമീറ്റർ വേഗതയിലമായിരിക്കും സഞ്ചരിക്കുക. ഭാവിയിൽ വൈദ്യുതീകരണത്തിനുള്ള സൗകര്യവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ലാർസൺ ആൻഡ് ടൂബ്രോ, പവർ ചൈന, ചൈന റെയിൽവേ റോളിംഗ് സ്റ്റോക്ക് കോർപ്പറേഷൻ എന്നിവർക്കാണ് ഫ്രെയ്റ്റ് സൗകര്യങ്ങളും വാഗണുകളും നിർമിക്കാനുള്ള കരാറുകൾ ലഭിച്ചിരിക്കുന്നത്. ഖനനം, ഇരുമ്പ്-ഉരുക്ക്, കൃഷി, റീട്ടെയിൽ, ഇ-കൊമേഴ്സ്, പെട്രോകെമിക്കൽ മേഖലകൾക്ക് ഈ പദ്ധതി ഗുണം ചെയ്യും. 1.5 ബില്യൺ ഡോളറിന്റെ ധനസഹായം ഉറപ്പാക്കിയ പദ്ധതി, ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ (ജിസിസി) റെയിൽ ശൃംഖലയുടെ ഭാഗമായി, ഒമാന്റെ തലസ്ഥാനമായ മസ്കറ്റിലേക്കുള്ള നീട്ടാനും പദ്ധതിയുണ്ട്.
36 പാലങ്ങളും 2.5 കിലോമീറ്റർ നീളമുള്ള രണ്ട് തുരങ്കങ്ങളും ഉൾപ്പെടുന്ന ഹഫീത് റെയിൽവേ, ഹൈവേകളിലെ ട്രക്കുകളുടെയും മറ്റ് വാഹനങ്ങളുടേയും എണ്ണം കുറയ്ക്കുകയും റോഡ് സുരക്ഷ വർധിപ്പിക്കുകയും ചെയ്യും. ജിന്ദാൽ ഷദീദ്, വേൽ, എംസ്റ്റീൽ തുടങ്ങിയ കമ്പനികളുമായുള്ള കരാറുകൾ, ചരക്ക് ഗതാഗതത്തിന് നല്‍കുന്ന പ്രധാന്യവും എടുത്ത് കാണിക്കുന്നു.
ഒമാന്റെയും യുഎഇയുടെയും തന്ത്രപരമായ ബന്ധത്തെ ശക്തിപ്പെടുത്തുന്ന ഈ പദ്ധതി, വിനോദസഞ്ചാരം, തൊഴിലവസരങ്ങൾ, ലോജിസ്റ്റിക്സ് മേഖലയിലെ നവീകരണം എന്നിവയെ പ്രോത്സാഹിപ്പിക്കുമെന്ന് ഹഫീത് റെയിൽ സിഇഒ അഹമ്മദ് അൽ മുസാവ അൽ ഹാഷിമി വ്യക്തമാക്കുന്നു 'ഹഫീത് റെയിൽ, ഗൾഫ് മേഖലയിലെ ഗതാഗത-ലോജിസ്റ്റിക്സ് മേഖലയിൽ വിപ്ലവം സൃഷ്ടിക്കും' അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications