മഴയും മൂടല്‍മഞ്ഞും.. യുഎഇയില്‍ റെഡ്, യെല്ലോ അലര്‍ട്ടുകള്‍; ഒമാനില്‍ മൂന്ന് ദിവസം ഇടിച്ചുകുത്തി മഴ പെയ്യും
അബുദാബി: വേനല്‍ക്കാലം അവസാനിച്ചതിന് പിന്നാലെ യുഎഇയിലും ഒമാനിലും മഴ ദിവസങ്ങള്‍ കൂടുന്നു. ഇന്ന് കനത്ത മൂടല്‍മഞ്ഞിനുള്ള സാധ്യത കണക്കിലെടുത്ത് യുഎഇയില്‍ പലയിടത്തും റെഡ്, യെല്ലോ അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചു. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഇന്ന് മഴ പ്രതീക്ഷിക്കുന്നുണ്ട് എന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) അറിയിച്ചു.
മൂടല്‍മഞ്ഞ് കാരണം തിരശ്ചീന ദൃശ്യപരത കുറയുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മൂടല്‍മഞ്ഞില്‍ ദൂരക്കാഴ്ച കുറയുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു. ഡ്രൈവര്‍മാരോട് സുരക്ഷിതമായി വാഹനമോടിക്കാനും ഇനിപ്പറയുന്ന റോഡുകളില്‍ വേഗത പരിധി മണിക്കൂറില്‍ 80 കിലോമീറ്ററായി കുറയ്ക്കണം എന്നും പൊലീസ് ആവശ്യപ്പെട്ടു.

അബുദാബി അല്‍ ഐന്‍ (അല്‍ ഖതം - റസീന്‍), അബുദാബി അല്‍ ഐന്‍ (അല്‍ വത്ബ - അല്‍ ഫയ), അബുദാബി സ്വീഹാന്‍ റോഡ് (സിവില്‍ ഡിഫന്‍സ് റൗണ്ട്എബൗട്ട് - സ്വീഹാന്‍ റൗണ്ട്എബൗട്ട്), അബുദാബി അല്‍ ഐന്‍ (റുമ - അല്‍ ഖസ്ന), ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡ് (കിസാദ് - സെയ്ഹ് അല്‍ സെദിര), അല്‍ താഫ് റോഡ് (സ്വീഹാന്‍ റൗണ്ട് എബൗട്ട് - അല്‍ സാദ്), സ്വീഹാന്‍ റോഡ് (നഹില്‍ - അബുദാബി), അല്‍ താഫ് റോഡ് (അല്‍ സാദ് - അല്‍ അജ്ബാന്‍) എന്നിവിങ്ങളിലാണ് വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററായി കുറച്ചിരിക്കുന്നത്.
രാജ്യത്താകമാനം കാലാവസ്ഥ ചില സമയങ്ങളില്‍ സാമാന്യം മേഘാവൃതമായിരിക്കും. ഉച്ചയോടെ കിഴക്കന്‍, തെക്കന്‍ പ്രദേശങ്ങളില്‍ സംവഹന മേഘങ്ങള്‍ രൂപപ്പെടന്‍ സാധ്യതയുള്ളതിനാല്‍ മഴ പെയ്‌തേക്കും എന്നും എന്‍സിഎം അറിയിച്ചു. രാത്രിയിലും ബുധനാഴ്ച രാവിലെയും ഈര്‍പ്പമുള്ള അവസ്ഥ പ്രതീക്ഷിക്കുന്നു. ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും മൂടല്‍മഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്.
തീരപ്രദേശങ്ങളില്‍ ഈര്‍പ്പം 90 ശതമാനത്തിലും താഴ്ന്ന പ്രദേശങ്ങളില്‍ 15 ശതമാനത്തിലും എത്തും. കാറ്റ് നേരിയതോ മിതമായതോ ആയിരിക്കും. അറേബ്യന്‍ ഗള്‍ഫില്‍ കടല്‍ മിതമായതോ ഒമാന്‍ കടലില്‍ നേരിയതോതിലോ പ്രക്ഷുബ്ധമായിരിക്കും. അബുദാബിയിലും ദുബായിലും താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. പര്‍വതപ്രദേശങ്ങളില്‍ അവ 19 ഡിഗ്രി സെല്‍ഷ്യസായി കുറയുകയും ആന്തരിക പ്രദേശങ്ങളില്‍ 40 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുകയും ചെയ്യും.
ഒമാനിലും മഴ ശക്തിപ്പെടുന്നു എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളുടെ ഭാഗങ്ങളില്‍ തിങ്കളാഴ്ച വൈകുന്നേരം മുതല്‍ രൂപപ്പെട്ട സംവഹന മേഘങ്ങള്‍ ഇന്ന് മഴ പെയ്യാന്‍ കാരണമാകും. ഇന്ന് മുതല്‍ വ്യാഴാഴ്ച വരെ ഇടിയോട് കൂടിയ മഴ പ്രതീക്ഷിക്കാം.












Click it and Unblock the Notifications