ദിർഹം കയ്യിലുള്ളവർക്ക് കോളടിച്ചു: കാത്തിരിപ്പില്ല, നാട്ടിലേക്ക് പണം വാരിക്കോരി അയച്ച് പ്രവാസികള്‍
ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ വിദേശത്ത് നിന്നും അയക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വർധനവ്. തിങ്കളാഴ്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 20 പൈസ ഇടിഞ്ഞ് 86.75 എന്ന നിരക്കിലേക്ക് എത്തി. ആഗോള ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവും ഗ്രീൻബാക്ക് ദുർബലമാകുന്നതും വെള്ളിയാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 14 പൈസ ഉയർന്ന് 86.59 എന്ന നിലയിലായിരുന്നു ക്ലോസ് ചെയ്തത്.
ഡോളർ ശക്തിപ്പെടുന്നതും ആഭ്യന്തര ഇക്വിറ്റി മാർക്കറ്റുകൾ ദുർബലമാകുന്നതുമാണ് രൂപയ്ക്ക് തിരിച്ചടിയായി മാറിയിരിക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. എഫ്ഐഐ നിക്ഷേപത്തിലെ വർദ്ധനവും രാജ്യത്തിന്റെ ഫോറെക്സ് കരുതൽ ശേഖരത്തിലെ വർദ്ധനവും രൂപയുടെ വലിയ തോതിലുള്ള ഇടിവിനെ പിടിച്ച് നിർത്തിയെന്നും അവർ വ്യക്തമാക്കുന്നു.

രൂപയുടെ മൂല്യം ഇടിഞ്ഞത് ഇന്ത്യയെ സംബന്ധിച്ച് പല തരത്തിലും തിരിച്ചടിയാണെങ്കിലും യുഎഇയിലും സൗദി അറേബ്യയിലും യുകെയിലുമൊക്കെയുള്ള പ്രവാസികള്‍ ഇത് നേട്ടമായി എടുക്കുകയാണ്. യൂറോയിലെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ ഇന്ത്യന്‍ രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ചരിത്രത്തിലാദ്യമായി യൂറോയുടെ വിനിമയ നിരക്ക് 100 രൂപയ്ക്ക് മുകളിലെത്തി. കഴിഞ്ഞ ദിവസം ഒരു യൂറോയ്ക്ക് 100 രൂപ 5 പൈസ വരെ ലഭിച്ചപ്പോള്‍ മിക്ക കമ്പനികളും 100 രൂപ നിരക്കിലാണ് വിനിമയം നടത്തിയിരുന്നത്. ബാങ്കുകളാകട്ടെ ഒരു യൂറോയ്ക്ക് 99.7817 രൂപ എന്ന നിരക്കിലും ഇടപാട് നടത്തി.
യുഎഇ ദിർഹവുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു ദിർഹത്തിന് 23.59 എന്നതാണ് വിനിമയ നിരക്ക്. ഇതോടെ പ്രവാസി മലയാളികള്‍ അടക്കമുള്ളവർ നാട്ടിലേക്ക് വലിയ തോതില്‍ പണം അയക്കുന്നുവെന്നാണ് വിവിധ റിപ്പോർട്ടുകള്‍ പറയുന്നത്. ഗൾഫിലെ വിനിമയ കേന്ദ്രങ്ങളില്‍ കഴിഞ്ഞ വ്യാഴാഴ്ച മുതൽ ദിർഹം - രൂപ ഇടപാടുകളിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നതെന്നും ഗള്‍ഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
'പ്രവാസികള്‍ വിനിമയ നിരക്ക് കൂടുതല താഴുമോ എന്ന് നോക്കാതെ ഈ ഇടിവ് തന്നെ നേട്ടമാക്കി എടുക്കുകയാണ്. വ്യാഴാഴ്ച് ഒരാഴ്ചയിലെ ഏറ്റവും ഉയർന്ന ഇടപാട് നടന്ന ദിവസമായിരുന്നു. രൂപയുടെ മൂല്യം 23.46- ആയി താല്കാലികമായി ഉയർന്നിട്ടും പ്രവാസികള്‍ പണം അയക്കുന്നത് തുടർന്നു' യു എ ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പണവിനിമയ സ്ഥാപനത്തിലെ ഉദ്യോഗസ്ഥന്‍ പറയുന്നു.
സൗദി റിയാലുമായുള്ള വിനിമയ നിരക്ക് 1 സൗദി റിയാല്‍ = 23.13 ഇന്ത്യന്‍ രൂപ എന്ന നിലയിലാണ്. 1 ഖത്തർ റിയാല്‍ = 23.73 ഇന്ത്യന്‍ രൂപ, 1 കുവൈത്ത് ദിനാർ = 283.37 ഇന്ത്യന്‍ രൂപ, 1 ബഹ്റൈന്‍ ദിനാർ = 229.96 ഇന്ത്യന്‍ രൂപ, 1 ഒമാന്‍ റിയാല്‍ = 225,64 ഇന്ത്യന്‍ രൂപ എന്നിങ്ങനെയാണ് മറ്റ് ജി സി സി രാജ്യങ്ങളുമായുള്ള വിനിമയ നിരക്ക്.
സാധാരണയായി ജൂൺ മാസത്തിൽ ഇന്ത്യൻ പ്രവാസികളുടെ പണമയക്കൽ തോതിൽ കുറവ് ഉണ്ടാകാറുണ്ട്. അവധിയും പെരുന്നാള്‍ അടക്കമുള്ള സീസണുകള്‍ കഴിഞ്ഞ് വരുന്ന മാസം ആയതിനാലാണ് നാട്ടിലേക്ക് പണം അയക്കുന്നത് കുറയുന്നത്. എന്നാൽ, നിലവിലെ വിനിമയ നിരക്ക് ഈ രീതി മാറ്റിമറിച്ചിരിക്കുന്നു. വെള്ളിയാഴ്ചയും ശനിയാഴ്ചയും പണമയക്കൽ തോത് നേരിയ തോതില്‍ കുറയാമെങ്കിലും തിങ്കളാഴ്ച വീണ്ടും ഉയരുമെന്നാണ് പ്രതീക്ഷിക്കന്നത്.
ജുലൈയില്‍ രൂപയുടെ മൂല്യം ദുർബലമായി തുടരുകയോ വലിയ തോതില്‍ കുറയുകയോ ചെയ്താൽ പണമയക്കുന്ന പ്രവാസികള്‍ക്ക് ഇത് ഏറെ ഗുണകരമാണെന്നും ഇടപാട് സ്ഥാപനങ്ങളിലെ ജീവനക്കാർ പറയുന്നു. ഇസ്രായേൽ-ഇറാൻ സംഘർഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടുയാണ് നാട്ടിലേക്ക് പണം അയക്കുന്നതില്‍ വർധനവ് ഉണ്ടായിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. പതിവായി ഇത്തരം സാഹചര്യങ്ങളിൽ നിക്ഷേപകർ സുരക്ഷിത ആസ്തിയായി ഡോളറിലേക്ക് തിരിയാറുണ്ട്.












Click it and Unblock the Notifications