യുഎഇയും സൗദിയും വന്‍ തോതില്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നു: എന്താണ് ഉദ്ദേശം? വരുന്നത് 80 യുദ്ധവിമാനം
സമീപകാലത്തായി ഗള്‍ഫ് രാജ്യങ്ങള്‍ പ്രത്യേകിച്ച് സൗദി അറേബ്യയും യു എ ഇയും തങ്ങളുടെ ആയുധ സംഭരണ ശേഷി വർധിപ്പിക്കുന്നുവെന്ന് വ്യക്തമാക്കുന്ന വിവിധ വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഫ്രാന്‍സില്‍ നിന്നും റഫാല്‍ പോർവിമാനങ്ങള്‍ സ്വന്തമാക്കിയ യു എ ഇ രാജ്യത്തിന്റെ പ്രതിരോധ മേഖല കൂടുതല്‍ ശക്തിപ്പെടുത്തിയതാണ് ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയത്.
ഫ്രാന്‍സിന്റെ ഡാസൂ ഏവിയേഷനുമായി ഒപ്പിട്ട കരാറിന്റെ ഭാഗമായി ആദ്യ ഡാസൂ റഫാൽ ഫൈറ്റർ ജെറ്റ് വിമാനങ്ങൾ യു എ ഇയിലേക്ക് എത്തി. 63.56 ബില്യൺ ദിർഹത്തിന്റെ കരാറിലൂടെ എൺപത് അത്യാധുനിക യുദ്ധവിമാനങ്ങൾ സ്വന്തമാക്കാനാണ് യു എ ഇ ഒരുങ്ങുന്നത്. 2021 ഡിസംബറിൽ, അന്നത്തെ അബുദാബി കിരീടാവകാശിയായിരുന്ന പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും തമ്മിൽ നടന്ന ചർച്ചകളാണ് ഇപ്പോള്‍ ഇത്തരമൊരു കരാറിലേക്ക് എത്തിയിരിക്കുന്നത്.

മാക്രോണ്‍ യു എ ഇ സന്ദർശിച്ചപ്പോള്‍ യു എ ഇയും ഫ്രാൻസും നിരവധി തന്ത്രപരമായ കരാറുകളില്‍ ഒപ്പുവച്ചിരുന്നു. നിലവില്‍ ഉപയോഗിച്ച് വരുന്ന മിറാഷ് യുദ്ധവിമാനങ്ങള്‍ക്ക് പകരം റാഫേലിലേക്ക് നീങ്ങുമെന്ന് പ്രതിരോധ മന്ത്രാലയം അന്ന് തന്നെ അറിയിക്കുകയും ചെയ്തു. വളർന്നുവരുന്ന പ്രാദേശിക, ആഗോള സുരക്ഷാ വെല്ലുവിളികളെ നേരിടാൻ യു എ ഇയും തയ്യാറാകുന്നുവെന്നാണ് ഈ നീക്കങ്ങള്‍ വ്യക്തമാക്കുന്നത്.
പാരീസിൽ നടന്ന വിമാന കൈമൈറ്റ ചടങ്ങിൽ പ്രതിരോധ സഹമന്ത്രി മുഹമ്മദ് അൽ മസ്രൂയി, ഫ്രഞ്ച് പ്രതിരോധ മന്ത്രി സെബാസ്റ്റ്യൻ ലെകോർനു, പ്രതിരോധ മന്ത്രാലയത്തിലെ നിരവധി മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദിന്റെ നേതൃത്വത്തിൽ യു എ ഇയുടെ സായുധ സേനയിൽ സമീപകാലത്ത് വലിയ തോതിലുള്ള പരിവർത്തനം ഉണ്ടായിട്ടുണ്ടെന്നും മേഖലയിലേത് എന്നതിന് അപ്പുറത്ത് ലോകത്തെ തന്നെ ഏറ്റവും മികച്ചൊരു സേന എന്നതിലേക്ക് രാജ്യം മാറുന്നുവെന്നും മിസ്റ്റർ അൽ മസ്രൂയി പറഞ്ഞു.
അതേസമയം, ഇസ്രായേലിയന്‍ ആയുധ കമ്പനിയിൽ വമ്പന്‍ നിക്ഷേപത്തിനും യു എ ഇ തയ്യാറായിട്ടുണ്ട്. യു എ ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന അഡ്വാൻസ്ഡ് ഡിഫൻസ് ടെക്നോളജി സ്ഥാപനമായ എഡ്ജ്, ഇസ്രായേലിന്റെ തേർഡ് ഐ സിസ്റ്റം കമ്പനിയില്‍ 10 മില്യൺ ഡോളറിനറെ നിക്ഷേപം നടത്താന്‍ പോകുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. ഇസ്രായേല്‍ കമ്പനിയുടെ 30 ശതമാനം ഓഹരിയായിരിക്കും എഡ്ജ് വാങ്ങിക്കുക. ഡ്രോണുകളും ആളില്ലാ ആകാശ വാഹനങ്ങളും കണ്ടെത്തുന്നതിനുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഇലക്ട്രോ-ഒപ്റ്റിക്കൽ സൊല്യൂഷനുകളിൽ വൈദഗ്ദ്ധ്യം നേടിയ കമ്പനിയാണ് തേർഡ് ഐ സിസ്റ്റം
യു എ ഇ മാത്രമല്ല സൗദി അറേബ്യയും തങ്ങളുടെ ആയുധ ശേഷി വർധിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഏകദേശം 6 ബില്യൺ ഡോളറിൻ്റെ പ്രതിരോധ കരാറിനായി സൗദി അറേബ്യയും തുർക്കിയും തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോർട്ട്. തുർക്കിയില്‍ നിന്നും വലിയ തോതില്‍ യുദ്ധക്കപ്പലുകളും ടാങ്കുകളും മിസൈലുകളും സൗദി അറേബ്യ വാങ്ങുമെന്ന പ്രതീക്ഷ തുർക്കി ഉദ്യോഗസ്ഥർ പങ്കുവെച്ചതായി അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബർഗാണ് റിപ്പോർട്ട് ചെയ്തത്. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് സൗദി അറേബ്യ.












Click it and Unblock the Notifications