സൗദി അറേബ്യക്കും ഖത്തറിനും പിന്നാലെ യുഎഇയും: രണ്ടും കല്‍പ്പിച്ച് ട്രംപ്; 200 ബില്യണിന്റെ കരാർ
സൗദി അറേബ്യക്കും ഖത്തറിനും പിന്നാലെ യു എ ഇയുമായും വന്‍ വ്യാപാര കരാറിലേർപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു എ ഇയുമായി 200 ബില്യൺ ഡോളറിലധികം മൂല്യമുള്ള കരാറുകളാണ് ട്രംപിന്റെ യു എ ഇ സന്ദർശനത്തിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, യു എസ് - യു എ ഇ ബന്ധം ശക്തിപ്പെടുത്തുന്നതിനും എ ഐ മേഖലയിൽ സഹകരണം വർധിപ്പിക്കുന്നതിനുമുള്ള നിർണായക കരാറുകളും ട്രംപ് പ്രഖ്യാപിച്ചു.
എമിറേറ്റ്സിന്റെ എയർലൈനായ എത്തിഹാദ് എയർവേയ്സ്, ജിഇ എയ്‌റോസ്‌പേസിന്റെ എഞ്ചിനുകളാൽ പ്രവർത്തിക്കുന്ന 28 ബോയിംഗ് 787, 777എക്സ് വിമാനങ്ങൾ വാങ്ങുന്നതാണ് പ്രഖ്യാപിക്കപ്പെട്ട പദ്ധതികളില്‍ ഏറ്റവും നിർണ്ണായകമായത്. ഏകദേശം 14.5 ബില്യണ്‍ ഡോളറിന്റെ ഇടപാടാണ് ഇത്. 'അടുത്ത തലമുറയിലെ 777എക്സ് വിമാനങ്ങൾ ഉൾപ്പെടുന്ന ഈ നിക്ഷേപം യു എ ഇ - യു എസ് വാണിജ്യ വ്യോമയാന പങ്കാളിത്തത്തെ ശക്തിപ്പെടുത്തുന്നു. ഇത് അമേരിക്കൻ നിർമ്മാണ മേഖലയെ പ്രോത്സാഹിപ്പിക്കുകയും കയറ്റുമതി വർധിപ്പിക്കുകയും ചെയ്യും' വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

എമിറേറ്റ്സ് ഗ്ലോബൽ അലുമിനിയം ഒക്ലഹോമയിൽ 4 ബില്യൺ ഡോളറിന്റെ പ്രൈമറി അലുമിനിയം സ്മെൽറ്റർ പ്രോജക്ട് വികസിപ്പിക്കാനും നിക്ഷേപം നടത്തും. എക്സോൺമൊബിൽ കോർപ്പറേഷൻ, ഒക്സിഡന്റൽ പെട്രോളിയം, ഇഒജി റിസോഴ്സസ് എന്നിവ അബുദാബി നാഷണൽ ഓയിൽ കമ്പനിയുമായി (എ ഡി എ ൻ ഒ സി) 60 ബില്യൺ ഡോളർ മൂല്യമുള്ള എണ്ണ, പ്രകൃതി വാതക ഉൽപ്പാദന വിപുലീകരണത്തിനായുള്ള പദ്ധതികളും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.
യു എസ് - യു എ ഇ "എഐ ആക്സിലറേഷൻ പാർട്ണർഷിപ്പ്" ഫ്രെയിംവർക്ക് സ്ഥാപിക്കുന്നതിനും ഇരു രാജ്യങ്ങളും ധാരണയിലെത്തി. അബുദാബിയിൽ 5 ഗിഗാവാട്ട് ശേഷിയുള്ള ഒരു എ ഐ ക്യാമ്പസിന്റെ ഉദ്ഘാടന ചടങ്ങിൽ ട്രപും ഷെയ്ഖ് മുഹമ്മദും പങ്കെടുത്തു. യുഎസിന് പുറത്തുള്ള ഏറ്റവും വലിയ എഐ ക്യാമ്പസായിരിക്കും ഇത്. ഈ കരാറിലൂടെ യു എ ഇക്ക് യു എസിൽ നിന്നുള്ള നൂതന എഐ ചിപ്പുകള്‍ ലഭ്യമാകുന്നത് വർധിപ്പിക്കുമെന്നും വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്ത്, ചൈനയ്ക്ക് ഈ സാങ്കേതികവിദ്യ ലഭിക്കുമെന്ന ആശങ്കയില്‍ യു എ ഇക്ക് യുഎസ് ചിപ്പുകള്‍ ലഭിക്കുന്ന പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ, ട്രംപ് ഭരണകൂടം, യു എ ഇ ഡാറ്റാ സെന്ററുകൾ യുഎസ് കമ്പനികൾ നിയന്ത്രിക്കണമെന്ന് ഉറപ്പാക്കിക്കൊണ്ട്, ചിപ്പുകൾ സുരക്ഷിതമായി കൈകാര്യം ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചതാണ് കരാറിലേക്ക് എത്തുന്നതില്‍ നിർണ്ണാകമായത്.
യു എ ഇയില്‍ എത്തിയ ട്രംപിനെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് വിമാനത്താവളത്തിൽ സ്വീകരിച്ചു. പിന്നാലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് അദ്ദേഹം സന്ദർശിക്കുകയും ചെയ്തു. ട്രംപിന്റെ നാല് ദിന ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായാണ് യു എ ഇ സന്ദർശനവും. ഖത്തർ എയർവേയ്സ് 210 ബോയിംഗ് വൈഡ്ബോഡി ജെറ്റുകൾ വാങ്ങുന്നതിനുള്ള കരാർ, സൗദി അറേബ്യയിൽ നിന്ന് 600 ബില്യൺ ഡോളറിന്റെ യു എസ് നിക്ഷേപ ഓഫർ, 142 ബില്യൺ ഡോളറിന്റെ യു എസ് ആയുധ വിൽപ്പന എന്നിവയിലും ട്രംപിന്റെ ഈ സന്ദർനത്തിലൂടെ കരാറായി. ഇറാനുമായി ഒരു ആണവ കരാറിനുള്ള സാധ്യതകളും സിറിയയ്‌ക്കെതിരായ യു എസ് ഉപരോധം നീക്കുമെന്ന പ്രഖ്യാപനവും ട്രംപ് നടത്തി.












Click it and Unblock the Notifications