യുഎഇ ഇതെന്ത് ഭാവിച്ചാണ്: 1.4 ട്രില്യൺ ഡോളറിന്റെ നിക്ഷേപം; അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ഇത് ആദ്യം
ദുബായ്: അമേരിക്കയില്‍ വമ്പന്‍ നിക്ഷേപ പദ്ധതിയുമായി യു എ ഇ. അടുത്ത പത്ത് വർഷത്തിനുള്ളില്‍ അമേരിക്കയില്‍ 1.4 ട്രില്യൺ ഡോളറിന്റെ നിക്ഷേപം നടത്തുമെന്നാണ് യു എ ഇ വ്യക്തമാക്കിയിരിക്കുന്നത്. പ്രഖ്യാപനം നടപ്പിലാകുകയാണെങ്കില്‍ അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിദേശ നിക്ഷേപമായി ഇത് മാറും. യു എ ഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഷെയ്ഖ് തഹ്നൂൺ ബിൻ സായിദും യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ വൈറ്റ് ഹൗസിൽ നടന്ന ഉന്നതതല കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇത്തരമൊരു പ്രഖ്യാപനം.
കൃത്രിമബുദ്ധി, ഊർജ്ജം, ഉൽപ്പാദനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് ഇത്തരമൊരു കരാറിലേക്ക് ഇരു രാജ്യങ്ങളും എത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. വൈസ് പ്രസിഡന്റ് വാൻസും നിരവധി കാബിനറ്റ് അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. യു എ ഇ സോവറിൻ വെൽത്ത് ഫണ്ടുകളിൽ നിന്നും പ്രമുഖ കോർപ്പറേഷനുകളിൽ നിന്നുമുള്ള ഉന്നത എക്സിക്യൂട്ടീവുകളും ഷെയ്ഖ് തഹ്നൂൺ ബിൻ സായിദിന്റെ സംഘത്തിലുണ്ടായിരുന്നു.

'യോഗത്തെത്തുടർന്ന്, അമേരിക്കയില്‍ 10 വർഷത്തിനിടയില്‍ 1.4 ട്രില്യൺ ഡോളറിന്റെ നിക്ഷേപം നടത്താന്‍ യു എ ഇ അഭിമാനത്തോടെ തയ്യാറാണ്' യോഗത്തിന് ശേഷം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. എഐ ഇൻഫ്രാസ്ട്രക്ചർ, സെമികണ്ടക്ടറുകൾ, ഊർജ്ജം, നിർമ്മാണം തുടങ്ങിയ മേഖലകളില്‍ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം. ബ്ലാക്ക് റോക്ക്, മൈക്രോസോഫ്റ്റ്, ഗ്ലോബൽ ഇൻഫ്രാസ്ട്രക്ചർ പാർട്ണർമാർ തുടങ്ങിയ പ്രമുഖ കമ്പനികൾ എൻവിഡിയ, എക്സ്എഐ എന്നിവയുമായി സഹകരിച്ച് എ ഐ, ഡാറ്റാ സെന്ററുകളിൽ 100 ബില്യൺ ഡോളർ വരെ നിക്ഷേപിക്കുന്നതായി വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.
ഊർജ്ജ മേഖലയിലും കാര്യമായ നിക്ഷേപങ്ങൾ ഉണ്ടാകും. യു എ ഇയുടെ എ ഡി ക്യു, യു എസ് ആസ്ഥാനമായുള്ള എനർജി ക്യാപിറ്റൽ പാർട്ണർമാരുമായി ചേർന്ന്, ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളിലും ഡാറ്റാ സെന്ററുകളിലും ശ്രദ്ധ കേന്ദ്രീകരിച്ച് 25 ബില്യൺ ഡോളറിന്റെ പദ്ധതിയാണ് പ്രഖ്യാപിച്ചത്. അഡ്നോക് ഉടമസ്ഥതയിലുള്ള XRG, ടെക്സസിലെ ഒരു പ്രധാന എല്‍ എന്‍ഡ് കയറ്റുമതി സ്ഥാപനത്തെ പിന്തുണയ്ക്കുന്നത് ഉൾപ്പെടെ, യുഎസ് പ്രകൃതിവാതക ഉൽപ്പാദനത്തിലും കയറ്റുമതിയിലും യു എ ഇ വൻതോതിൽ നിക്ഷേപം പ്രഖ്യാപിച്ചിരിക്കുന്നു.
അതേസമയം, സൗദി അറേബ്യയ്ക്ക് 100 മില്യൺ ഡോളർ വിലമതിക്കുന്ന അഡ്വാൻസ്ഡ് പ്രിസിഷൻ കിൽ വെപ്പൺ സിസ്റ്റങ്ങള്‍ കൈമാറാന്‍ അമേരിക്ക കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. വായുവിലും കരയിലും ജലത്തിലുമുള്ള ലക്ഷ്യങ്ങള്‍ തകർക്കാന്‍ സാധിക്കുന്ന ലേസർ-ഗൈഡഡ് റോക്കറ്റാണ് അമേരിക്ക സൗദി അറേബ്യയ്ക്ക് വിൽക്കാൻ തീരുമാനിച്ച അഡ്വാൻസ്ഡ് പ്രിസിഷൻ കിൽ വെപ്പൺ സിസ്റ്റം.












Click it and Unblock the Notifications