യുഎഇ പുതിയ വിസ ഇളവ് പ്രഖ്യാപിച്ചു; ഇന്ത്യക്കാര്‍ക്കൊപ്പം 6 രാജ്യങ്ങള്‍ കൂടി, ഫീസ് 100 ദിര്‍ഹം
ദുബായ്: യുഎഇ ഭരണകൂടം എന്‍ട്രി വിസയില്‍ പുതിയ ഇളവ് പ്രഖ്യാപിച്ചു. ഇതുവരെ ഇന്ത്യക്കാര്‍ക്ക് മാത്രം നല്‍കിയിരുന്ന ഇളവ് ഇപ്പോള്‍ ആറ് രാജ്യങ്ങള്‍ക്ക് കൂടി അനുവദിച്ചു. നേരത്തെ മൂന്ന് രാജ്യങ്ങൡലെ താമസക്കാര്‍ക്ക് ഇളവ് നല്‍കിയിരുന്നു എങ്കില്‍ ഇപ്പോള്‍ ആറ് രാജ്യങ്ങളിലെ താമസക്കാരെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തി.
ഇളവ് ലഭിച്ച രാജ്യങ്ങളിലെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും യുഎഇയില്‍ പ്രവേശിക്കുന്നത് വളരെ എളുപ്പമാകും. വിസ ഓണ്‍ അറൈവല്‍ ലഭ്യമാകും. 14 ദിവസം വരെ താമസിക്കാം. അല്ലെങ്കില്‍ 60 ദിവസം വരെ താമസിക്കാം. രണ്ട് താമസത്തിനും വ്യത്യസ്തമായ ഫീസ് ആയിരിക്കും. അനുവദിച്ച കാലാവധി കഴിഞ്ഞും താമസിച്ചാല്‍ കനത്ത പിഴ ഈടാക്കും. യുഎഇയുടെ പുതിയ പ്രവേശന വിസ ഇളവ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയാം...

യുഎഇ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്ക് ആശ്വാസം നല്‍കുന്ന പ്രഖ്യാപനമാണ് വന്നിരിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യുഎഇ എന്‍ട്രി വിസ ലഭിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങളാണ് വിപുലീകരിച്ചത്. യാത്രക്കാരുടെ സൗകര്യാര്‍ത്ഥം യുഎഇയിലെ താമസ-സന്ദര്‍ശന നിയമങ്ങള്‍ കൂടുതല്‍ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് യുഎഇയുടെ നടപടി.
യുഎഇയില്‍ ഹ്രസ്വകാല സന്ദര്‍ശനം ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്ക്, പ്രത്യേകിച്ച് വിദേശങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി കുടുംബങ്ങള്‍ക്ക് അവരുടെ സുഹൃത്തുക്കളെയും മറ്റ് ബന്ധുക്കളെയും യുഎഇയിലേക്ക് കൊണ്ടുവരാന്‍ പുതിയ തീരുമാനം ഏറെ പ്രയോജനം ചെയ്യും.
രണ്ട് നിബന്ധനകള്‍, ഫീസ് എന്നിവ അറിയാം
അപേക്ഷകര്‍ ഇന്ത്യ, ഇന്തോനേഷ്യ, വിയറ്റ്‌നാം, തായ്‌ലന്‍ഡ്, ഫിലിപ്പീന്‍സ്, കെനിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ പൗരന്മാരായിരിക്കണം. മുന്‍പ് ഈ എന്‍ട്രി വിസ ലഭിക്കുന്നതിനുള്ള യോഗ്യത ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമാണ് നല്‍കിയിരുന്നത്. എന്നാല്‍ പുതിയ ഭേദഗതിയോടെ മറ്റ് ആറ് ജ്യങ്ങളെക്കൂടി ഈ മുന്‍ഗണനാ പട്ടികയിലേക്ക് യുഎഇ ഫെഡറല്‍ അതോറിറ്റി കൂട്ടിചേര്‍ത്തു.
അപേക്ഷകര്‍ക്ക് ചില രാജ്യങ്ങളിലെ റസിഡന്‍സ് പെര്‍മിറ്റോ അല്ലെങ്കില്‍ പ്രവേശന വിസയോ ഉണ്ടായിരിക്കണം. ഈ ആനുകൂല്യം ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ യുഎസ്, യുകെ, യൂറോപ്യന്‍ യൂണിയന്‍ എന്നീ രാജ്യങ്ങള്‍ക്ക് പുറമെ സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, കാനഡ എന്നീ വികസിത രാജ്യങ്ങളെയും പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ആഗോള യാത്രക്കാര്‍ക്ക് യുഎഇയിലേക്കുള്ള യാത്രാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും.
14 ദിവസത്തെ സന്ദര്‍ശന വിസയാണ് എടുക്കുന്നതെങ്കില്‍ 100 ദിര്‍ഹമായിരിക്കും ഫീസ്. ഈ വിസാ കാലയളവില്‍ ഒരുതവണ കൂടി പുതുക്കാന്‍ അവസരമുണ്ടാകും. 60 ദിവസത്തെ കാലാവധിയുള്ള വിസയ്ക്ക് 250 ദിര്‍ഹമാണ് ഫീസ്. ഒറ്റത്തവണ പ്രവേശനത്തിന് മാത്രമേ ഈ വിസ സാധിക്കൂ. കാലാവധി നീട്ടാന്‍ പറ്റില്ല. കാലാവധി കഴിഞ്ഞും യുഎഇയില്‍ താമസിച്ചാല്‍ ഓരോ ദിവസത്തിനും 50 ദിര്‍ഹം വീതം പിഴ ഈടാക്കും.















Click it and Unblock the Notifications