ഒന്നും രണ്ടുമല്ല, 33 കോടി രൂപ..! ബിഗ് ടിക്കറ്റ് കടാക്ഷം വീണ്ടും പ്രവാസിയ്ക്ക്
അബുദാബി: യുഎഇയിലെ ഏറ്റവും പുതിയ ബിഗ് ടിക്കറ്റ് അബുദാബി റാഫിള്‍ നറുക്കെടുപ്പില്‍ 15 ദശലക്ഷം ദിര്‍ഹത്തിന്റെ (കദേശം 33 കോടി രൂപ) സമ്മാനം പ്രവാസിക്ക്. അല്‍ ഐനില്‍ താമസിക്കുന്ന ബംഗ്ലാദേശി പ്രവാസി നൂര്‍ മിയ ഷംഷുവിനാണ് കോടികള്‍ സമ്മാനമായി ലഭിച്ചത്. ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പിലാണ് നൂര്‍ മിയ ഷംഷുവിനെ തേടി കോടികളുടെ ഭാഗ്യം എത്തിയത്.
'ഈ വിജയത്തില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. എന്റെ രണ്ട് സുഹൃത്തുക്കള്‍ ഇപ്പോള്‍ എന്നോടൊപ്പം ഇത് ആഘോഷിക്കുകയാണ്. ഈ സമ്മാനം എന്റെ സുഹൃത്തുക്കളുമായി പങ്കിടും, ഞാന്‍ ആദ്യം ചെയ്യുന്നത് എന്റെ വിസ പുതുക്കുക എന്നതാണ്. ദൈവത്തില്‍ വിശ്വസിക്കുകയും ക്ഷമയോടെയിരിക്കുകയും ചെയ്യുക എന്നതാണ് എല്ലാവരോടുമുള്ള എന്റെ ഉപദേശം,' അദ്ദേഹം പറഞ്ഞു.

ഒരു ദിവസം വിജയം നിങ്ങളെ തേടിയെത്തും എന്നും അദ്ദേഹം പറഞ്ഞു.40 കാരനായ നൂര്‍ മിയ ഷംഷു മൂന്ന് കുട്ടികളുടെ പിതാവ് കൂടിയാണ്. അല്‍ ഐന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് വാങ്ങിയ 201918 എന്ന ടിക്കറ്റിനാണ് നൂര്‍ മിയ ഷംഷുവിന് സമ്മാനം ലഭിച്ചത്. റാഫിള്‍ നറുക്കെടുപ്പില്‍ വിജയിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ അവതാരകരായ റിച്ചാര്‍ഡും ബൗച്രയും നൂര്‍ മിയ ഷംഷുവിനെ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചു.
കഴിഞ്ഞ 18 വര്‍ഷമായി അല്‍ ഐനില്‍ താമസിക്കുകയാണ് നൂര്‍ മിയ ഷംഷു. അതേസമയം നൂര്‍ മിയ ഷംഷുവിനെ കൂടാതെ ചൊവ്വാഴ്ചത്തെ തത്സമയ നറുക്കെടുപ്പില്‍ പങ്കെടുത്ത 10 പേര്‍ 100,000 ദിര്‍ഹം വീതം നേടി. ഓഗസ്റ്റിലെ ഗ്രാന്‍ഡ് പ്രൈസ് ജേതാവ് തുഷാര്‍ ദേശ്കറാണ് ഇന്നത്തെ വിജയിയെ തിരഞ്ഞെടുത്തത്. ഈ മാസം, ബിഗ് ടിക്കറ്റ് 20 ദശലക്ഷം ദിര്‍ഹം ഗ്രാന്‍ഡ് പ്രൈസാണ് വാഗ്ദാനം ചെയ്യുന്നത്.
ടിക്കറ്റ് വാങ്ങുന്ന ഏതൊരാള്‍ക്കും സമ്മാനം ലഭിക്കും. കൂടാതെ ടിക്കറ്റ് വാങ്ങുന്ന ഉപഭോക്താക്കള്‍ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പില്‍ സ്വയമേവ പ്രവേശിക്കപ്പെടും. അവിടെ മൂന്ന് വിജയികള്‍ക്ക് 100,000 ദിര്‍ഹം വീതം നേടാനുള്ള അവസരമുണ്ട്. ഉറപ്പായ 20 മില്യണ്‍ ദിര്‍ഹം ഗ്രാന്‍ഡ് പ്രൈസിന് പുറമേ, ഒക്ടോബര്‍ 3 ലെ തത്സമയ നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന പത്ത് ഭാഗ്യശാലികള്‍ക്ക് 100,000 ദിര്‍ഹം വീതം ലഭിക്കും, ഒപ്പം 400,000 ദിര്‍ഹം വിലമതിക്കുന്ന പുതിയ മസെരാട്ടി ഗിബ്ലിയും സ്വന്തമാക്കാം.












Click it and Unblock the Notifications