ബിഗ് ടിക്കറ്റില്‍ വീണ്ടും മലയാളിക്ക് ഭാഗ്യം, കൈയിലെത്തുന്നത് ഒന്നും രണ്ടുമല്ല, 35 കോടി രൂപ!
ദുബായ്: യുഎഇയിലെ ബിഗ് ടിക്കറ്റ് പലപ്പോഴും പ്രവാസികള്‍ക്ക് വലിയ ഭാഗ്യങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. ബിഗ് ടിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ തവണ ഭാഗ്യം കടാക്ഷിച്ചിട്ടുള്ളത് ഇന്ത്യന്‍ പ്രവാസികളെയാണ്. അതില്‍ തന്നെ മലയാളികളെ തേടിയാണ് ഏറ്റവും വലിയ ഭാഗ്യങ്ങളും വന്നിട്ടുള്ളത്. ഇപ്പോഴിതാ ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ നറുക്കെടുപ്പിലും മലയാളിയെ തേടി ഭാഗ്യമെത്തിയിരിക്കുകയാണ്.
ഏപ്രില്‍ 3 ന് നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒമാനില്‍ താമസിക്കുന്ന ഇന്ത്യന്‍ പ്രവാസിയായ മലയാളിക്കാണ് 15 മില്യണ്‍ ദിര്‍ഹത്തിന്റെ സമ്മാനം ലഭിച്ചിരിക്കുന്നത്. ബിഗ് ടിക്കറ്റിന്റെ ഗ്രാന്റ് പ്രൈസാണ് 15 മില്യണ്‍ ദിര്‍ഹം. ഏകദേശം 35 കോടി രൂപയാണ് (348085350 രൂപ) സമ്മാനമായി ജേതാവിന് ലഭിക്കുന്നത്. 375678 എന്ന ടിക്കറ്റിനാണ് ബിഗ് ടിക്കറ്റിന്റെ ഗ്രാന്റ് പ്രൈസ് ലഭിച്ചിരിക്കുന്നത്.

രാജേഷ് മുള്ളങ്കില്‍ വെള്ളിലപുള്ളിത്തൊടി എന്നയാളാണ് ടിക്കറ്റ് വാങ്ങിയത്. മാര്‍ച്ച് 30 നാണ് രാജേഷ് ടിക്കറ്റ് വാങ്ങിക്കുന്നത്. നറുക്കെടുപ്പില്‍ ജേതാവായ വിവരം അറിയിക്കാന്‍ രാജേഷിനെ ബിഗ് ടിക്കറ്റ് അധികൃതര്‍ അപ്പോള്‍ തന്നെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല. പിന്നീടാണ് രാജേഷിനെ സമ്മാന വിവരം അറിയിക്കുന്നത്. 45 കാരനായ രാജേഷ് 30 വര്‍ഷത്തിലേറെയായി ഒമാനില്‍ ആണ് താമസിക്കുന്നത്.
ടെക്‌നീഷ്യനായ രാജേഷ് സുഹൃത്തുക്കളോടൊപ്പം എല്ലാ മാസവും ടിക്കറ്റ് വാങ്ങുന്നയാളാണ്. ''എനിക്ക് എന്റെ വികാരങ്ങള്‍ വാക്കുകളില്‍ പറയാന്‍ കഴിയില്ല. ബിഗ് ടിക്കറ്റില്‍ നിന്ന് എനിക്ക് കോള്‍ ലഭിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. വിജയിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല,'' അദ്ദേഹം പറഞ്ഞു. സുഹൃത്തുക്കള്‍ക്കൊപ്പം സമ്മാനത്തുക പങ്കിട്ട ശേഷമായിരിക്കും മറ്റ് പദ്ധതികളെ കുറിച്ച് ആലോചിക്കുക എന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.
ബിഗ് ടിക്കറ്റ് വാങ്ങുന്നത് തുടരും എന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബിഗ് ടിക്കറ്റിന്റെ സീരീസ് 273 നറുക്കെടുപ്പ് മറ്റൊരു വിജയിയെ കൂടി സൃഷ്ടിച്ചു. ഷാര്‍ജ സ്വദേശിയായ അലി മുഷര്‍ബെക്ക് പുത്തന്‍ മസെരാട്ടി ഗ്രെക്കേലാണ് സമ്മാനമായി ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം ദുബായില്‍ നിന്നുള്ള ബംഗ്ലാദേശി പ്രവാസിയായ ജഹാംഗീര്‍ ആലം നറുക്കെടുപ്പില്‍ 20 മില്യണ്‍ ദിര്‍ഹം നേടിയിരുന്നു.
ഫെബ്രുവരി 11 ന് വാങ്ങിയ 134468 എന്ന ടിക്കറ്റ് നമ്പര്‍ ആണ് ജഹാംഗീറിന് ഭാഗ്യം നല്‍കിയത്. ഈ മാസം ക്യാഷ് പ്രൈസ് ടിക്കറ്റുകള്‍ വാങ്ങുന്ന ഏതൊരാള്‍ക്കും സ്വയമേവ ഒരു ആഴ്ചതോറുമുള്ള ഇ-ഡ്രോയില്‍ പ്രവേശിക്കാന്‍ കഴിയും. അഞ്ച് ഭാഗ്യശാലികള്‍ക്ക് 150,000 ദിര്‍ഹം ലഭിക്കാനുള്ള അവസരവും ഇതിലൂടെ കൈവരും. തിരഞ്ഞെടുക്കപ്പെട്ടവരുടെ അന്തിമ പട്ടിക മെയ് 1 ന് ബിഗ് ടിക്കറ്റ് വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്യും.
ഇതില്‍ യോഗ്യത നേടുന്നതിന് ഏപ്രില്‍ 1 നും ഏപ്രില്‍ 24 നും ഇടയില്‍ ഒറ്റ ഇടപാടില്‍ രണ്ടോ അതിലധികമോ ക്യാഷ് ടിക്കറ്റുകള്‍ വാങ്ങണം. കൂടാതെ, രണ്ട് ആഡംബര കാറുകള്‍ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. മെയ് 3 ന് റേഞ്ച് റോവര്‍ വേലാര്‍ സമ്മാനമായി നല്‍കും.












Click it and Unblock the Notifications